CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 33 Seconds Ago
Breaking Now

യുകെകെസിഎ കണ്‍വെന്‍ഷന്‍ ; മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന് ഇത് അഭിമാന മുഹൂര്‍ത്തം

പതിമൂന്നാമത് യുകെകെസിഎ കണ്‍വെന്‍ഷന്‍ വര്‍ണ്ണാഭമാക്കിയതിന്റെ ആനന്ദലഹരിയിലാണ് മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍.കണ്‍വെന്‍ഷനുകളില്‍ അനുഗ്രഹ വര്‍ഷം ചൊരിയുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ 40ല്‍പരം ഗായകര്‍ അണിനിരന്ന ഗായക സംഘത്തിന് ചുക്കാന്‍ പിടിച്ചത് മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ സെക്രട്ടറി ജോസ് ജോസഫാണ്.തുടര്‍ന്ന് നടന്ന സമുദായ റാലിയില്‍ രണ്ടാം സ്ഥാനം നേടിയ മാഞ്ചസ്റ്റര്‍ യൂണിറ്റ് ക്‌നാനായ കുടിയേറ്റം മുതല്‍ ഇന്നേവരെയുള്ള സമുദായ വളര്‍ച്ചയും പരമ്പരാഗത ആചാരനുഷ്ടാനങ്ങളും ടാബ്ലോകളിലൂടെ മനോഹരമായി ചിത്രീകരിച്ചു.ആദ്യകാല യുകെകെസിഎ റിലാകളില്‍ ഇദംപ്രഥമമായി പടുകൂറ്റന്‍ കപ്പല്‍,തേര്,ആന,മയില്‍ തുടങ്ങി വൈവിദ്ധ്യമാര്‍ന്ന പ്ലോട്ടുകള്‍ അവതരിപ്പിച്ചിരുന്ന മാഞ്ചസ്റ്റര്‍ യൂണിറ്റ് ഇക്കുറി തികച്ചും വ്യത്യസ്തമായ ശൈലിയില്‍ പ്ലേക്കാര്‍ഡുകളിലൂടെയും ബാനറുകളിലൂടെയും AD 345ല്‍ എസ്രാ തുറമുഖത്തു നിന്ന് യാത്ര തിരിച്ചതു മുതല്‍ ഇന്നേവരെയുള്ള വീര ഗാഥകള്‍ പറഞ്ഞാണ് റാലിക്ക് മേളക്കൊഴുപ്പേകിയത്.ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ അണിനിരത്തിയെന്ന ബഹുമതിയും ഇക്കുറി മാഞ്ചസ്റ്റര്‍ യൂണിറ്റിന് അവകാശപ്പെടാവുന്നതായി.

കണ്‍വെന്‍ഷന്റെ മുഖ്യ ആകര്‍ഷണമായ അവതരണ ഗാനത്തിന്റെ നൃത്ത സംവിധാനം നിര്‍വ്വഹിക്കാനുള്ള ചുമതലയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചു.പ്രശസ്ത നര്‍ത്തകനായ ടോണി ജോസഫിനോടൊപ്പം മാഞ്ചസ്റ്റര്‍ യൂണിറ്റംഗമായ നിമിഷാ ബേബിയാണ് ആ ചുമതലയേറ്റെടുത്തത്.ബേഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനം കൊള്ളിച്ച ആ അവതരണ ഗാനം മാഞ്ചസ്റ്റര്‍ യൂണിറ്റിന്റെ തിലകക്കൊടിയില്‍ ചൂടിയ മറ്റൊരു പൊന്‍ തൂവലായിമാറി.2008ല്‍ യുകെകെസിഎയില്‍ ഇദം പ്രഥമമായി ഒരു അവതരണഗാനം നൃത്ത സംവിധാനം ചെയ്ത് അവതരിപ്പിച്ചതും നിമിഷാ ബേബിയാണ്.അന്ന് ഷാജി ചിറമേല്‍ രചിച്ച സമരക്തത്തില്‍ സമവാക്യത്തില്‍ എന്ന ഗാനത്തിന് നിമിഷയോടൊപ്പം ചുവടുവച്ചത് മാഞ്ചസ്റ്റര്‍ കെസിവൈഎല്‍ അംഗങ്ങളാണ്.തുടര്‍ന്ന അരങ്ങേറിയ ഫൂഷന്‍ ഡാന്‍സില്‍ 40ല്‍ പരം കുട്ടികള്‍ അരങ്ങു തകര്‍ത്തു.മൂന്നു പ്രായതലങ്ങളിലുള്ള കുട്ടികളെ അണിനിരത്തിയവതരിപ്പിച്ച ഈ ഡാന്‍സിന് കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ ദിവ്യ സനില്‍ നേതൃത്വം നല്‍കി.ചട്ടയും മുണ്ടും നേര്യതും കുണുക്കുമണിഞ്ഞ് വേദിയിലെത്തിയ 8വയസ്സുകാരി നിക്കി ഷിജി പോരുമോ നാമെല്ലാം എന്ന പ്രശസ്ത ക്‌നാനായ പാട്ട് പാടി ചുവടുവച്ച് സദസ്സിനെ കോരിത്തരിപ്പിച്ചു.5 മക്കളുമായി മാഞ്ചസ്റ്ററിലെ ഷാജി,പ്രീന ദമ്പതികള്‍ കൊച്ചുപിതാവില്‍ നിന്നും സ്വര്‍ണ്ണ പതക്കം കൈപറ്റിയപ്പോള്‍ സദസ്സില്‍ നിന്നും ഹര്‍ഷാരവവും നടവിളികളുമുയര്‍ന്നു.

അതീവ ചാരിതാര്‍ത്ഥ്യത്തോടെ 13ാംമത് കണ്‍വെന്‍ഷന്‍ വേദി വിടുമ്പോള്‍ അടുത്ത വര്‍ഷം കൂടുതല്‍ ഊര്‍ജ്ജ സ്വലതരായി തങ്ങള്‍ തിരിച്ചെത്തുന്ന നിശ്ചയ ദാര്‍ഢ്യത്തിലാണ് യൂണിറ്റ് പ്രസിഡന്റ് സിറിയക് ജയിംസും മറ്റ് ഭാരവാഹികളും.

 




കൂടുതല്‍വാര്‍ത്തകള്‍.