CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 49 Minutes 11 Seconds Ago
Breaking Now

സ്വാന്‍സിയിലെ ഓണാഘോഷം സമാപിച്ചു, വൈവിദ്ധ്യമാര്‍ന്ന പ്രോഗ്രാമില്‍ മനം നിറഞ്ഞ് സ്വാന്‍സി മലയാളികള്‍

എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ സാധിക്കും വിധത്തിലുള്ള നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും മറ്റ് പ്രോഗ്രാമുകളുമായി സ്വാന്‍സി മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന കലാപരിപാടികളും വടംവലി മത്സരവും വിഭവ സമൃദ്ധമായ സദ്യയും ഉള്‍പ്പെടെ ഉത്സവ പ്രതീതി നിറഞ്ഞ അന്തരീക്ഷത്തില്‍ ആയിരുന്നു ഓണാഘോഷ ചടങ്ങുകള്‍ നടന്നത്. മാവേലി മന്നനെ സ്വീകരിച്ചാനയിച്ച് കൊണ്ട് നടന്ന പൊതുസമ്മേളനത്തോടെ ആയിരുന്നു ഓണാഘോഷ ചടങ്ങുകള്‍ ആരംഭിച്ചത്. സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസ് അദ്ധ്യക്ഷം വഹിച്ച പ്രൌഢഗംഭീരമായ ചടങ്ങില്‍ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍ നാഷണല്‍ ജനറല്‍സെക്രട്ടറി ബിന്‍സു ജോണ്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി പങ്കെടുത്ത യുക്മ നാഷണല്‍ കമ്മറ്റിയംഗം അഭിലാഷ് തോമസ്, മുന്‍ റീജിയണല്‍ പ്രസിഡന്റ് പീറ്റര്‍ താണോലില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ബിജു വിതയത്തില്‍ സ്വാഗതവും, വൈസ് പ്രസിഡന്റ് സന്തോഷ് മാത്യു നന്ദിയും പറഞ്ഞു.

അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര, പാട്ടുകള്‍, മനോഹരമായ നൃത്തങ്ങള്‍, അടിപൊളി സിനിമാറ്റിക് ഡാന്‍സുകള്‍, പ്രസംഗം, കഥ പറച്ചില്‍, കോമഡി സ്‌കിറ്റുകള്‍ തുടങ്ങി ദിവസം മുഴുവന്‍ ഇടവിടാതെ അരങ്ങേറിയ കലാരൂപങ്ങള്‍ കാണികളുടെ കണ്ണിനും മനസ്സിനും കുളിര്‍മ്മ പകരുന്നവയായിരുന്നു. ബാലരമയില്‍ വായിച്ചറിഞ്ഞ മായാവി കഥയിലെ കഥാപാത്രങ്ങള്‍ പുനരാവിഷ്‌കരിക്കപ്പെട്ട 'ഒരു മുത്തശ്ശിക്കഥ'യും, അസോസിയേഷനിലെ പുരുഷകേസരികള്‍ പെണ്‍വേഷത്തില്‍ അരങ്ങു തകര്‍ത്ത 'അച്ചാമ്മയുടെ പൊല്ലാപ്പും' തുടങ്ങി ശ്രദ്ധേയമായ പല പ്രോഗ്രാമുകളും ചേര്‍ന്ന് ഈ ഓണം അവിസ്മരണീയമായ അനുഭവമായി മാറി. അസോസിയേഷന്‍ നൃത്തവിദ്യാലയത്തില്‍ ശിക്ഷണം നേടിയ കലാകാരികള്‍ അവതരിപ്പിച്ച ക്ലാസിക്കല്‍, സെമി ക്ലാസ്സിക്കല്‍ നൃത്തങ്ങള്‍ മികച്ച കയ്യടി നേടി. സിനിമാറ്റിക് ഡാന്‍സുകളും, മനോഹര ഗാനങ്ങളും ഹര്‍ഷാരവം ഏറ്റു വാങ്ങി. ബിന്ദു ബൈജു, ലിസി റെജി, ജീന സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആയിരുന്നു കുട്ടികളുടെ കലാപരിപാടികള്‍ പരിശീലിപ്പിക്കുന്നതില്‍ മുന്‍കൈ എടുത്തത്. കലാപരിപാടികളെ തുടര്‍ന്ന്! അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യ ആയിരുന്നു. ഓണവിഭവങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ സദ്യയുടെ രുചി അടുത്ത ഓണം കഴിഞ്ഞാലും നാവില്‍ നിന്ന് പോകില്ലെന്ന് ആളുകള്‍ പരസ്പരം പറയുന്നുണ്ടായിരുന്നു. സദ്യക്ക് ശേഷം പുരുഷ വനിതാ വിഭാഗങ്ങളിലായി ആവേശോജ്വലമായ വടം വലി മത്സരം നടന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന വടംവലി മത്സരം മുഴുവന്‍ ആളുകളിലും ആവേശം പകര്‍ന്നു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് ഓണാഘോഷദിനത്തില്‍ മികച്ച കലാപ്രകടനം കാഴ്ച വച്ച എല്ലാവര്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു.

അസോസിയേഷന്‍ സ്‌പോര്‍ട്‌സ് ഡേയില്‍ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയവര്‍ക്കുള്ള മെഡലുകളും ഇതേ വേദിയില്‍ വച്ച് തന്നെ നല്‍കി ആദരിച്ചു. അസോസിയേഷന്‍ ഭാരവാഹികളായ ജോജി ജോസ്, ബിജു വിതയത്തില്‍, ജേക്കബ് ജോണ്‍, സന്തോഷ് മാത്യു, അനി രാജ്, ഷാജി ജോസഫ്, ടോമി ജോര്‍ജ്ജ്, ബിനോജി ആന്റണി, സിജി സിബി, സെബാസ്റ്റ്യന്‍ ജോസഫ്, നിധി ബിന്‍സു, ബിജു മാത്യു, തങ്കച്ചന്‍ ജേക്കബ്, റെജി ജോസ്, ബിജു ദേവസ്സി, സിബി ജോണ്‍, ജിജി ജോര്‍ജ്ജ്, ബിജു ജോസ്, എം. ജെ. ആന്‍ഡ്രൂസ് തുടങ്ങിയവര്‍ ആയിരുന്നു എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാനുതകുന്ന ഈ ഓണാഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ഓണാഘോഷ പരിപാടികളുടെ ചിത്രങ്ങള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 




കൂടുതല്‍വാര്‍ത്തകള്‍.