CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 27 Minutes 5 Seconds Ago
Breaking Now

റബര്‍ വിലയിടിവും സര്‍ക്കാറിന്റെ പുതിയ നികുതിനിര്‍ദ്ദേശങ്ങളും മൂലം കാര്‍ഷികമേഖല നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം വേണം: മാര്‍ മാത്യു അറക്കല്‍

റബര്‍ അടക്കമുള്ള കാര്‍ഷികവിളകളുടെ വിലയിടിവും നിത്യോപയോഗസാധനങ്ങളുടെ ക്രമാതീതമായ വിലവര്‍ദ്ധനവും മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ അടങ്ങുന്ന പൊതുസമൂഹം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമാകണമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് മാര്‍ മാത്യു അറക്കല്‍ ആവശ്യപ്പെട്ടു. കാര്‍ഷികമേഖലയില്‍ ഉണ്ടായ പ്രതിസന്ധിയാണ് ഇന്നത്തെ പൊതുവായ സാമ്പത്തികപ്രതിസന്ധിക്കും അടിസ്ഥാന കാരണം. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലായ കര്‍ഷകസമൂഹത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ വലിയ ദുരിതമാണ് ഉണ്ടാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം പ്രത്യേകിച്ച് കര്‍ഷകര്‍ ഇന്നു നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തിരമായി എറണാകുളം പി.ഒ.സി.യില്‍ ചേര്‍ന്ന ഇന്‍ഫാം ദേശീയ ജനറല്‍ബോഡി അംഗങ്ങളുടെയും വിദഗ്ധരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലയില്‍ കൃഷി അസാധ്യമാക്കുംവിധം വര്‍ദ്ധിച്ചുവരുന്ന വന്യമൃഗശല്യങ്ങളും ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും പരിഹരിക്കപ്പെടേണ്ട അടിയന്തിരപ്രാധാന്യമുള്ള വിഷയങ്ങളാണ്. 

 

ഗുജറാത്തില്‍ അമൂല്‍ ഉണ്ടാക്കിയ പുരോഗതിയെക്കുറിച്ച് നാം പഠിക്കണം. നമ്മുടെ കാര്‍ഷികമേഖലയുടെ വികസനത്തിന് പുതിയ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കാനും കര്‍ഷകര്‍ തയ്യാറാവണം - അദ്ദേഹം പറഞ്ഞു. ന്യായവിലയിലും പത്തു ശതമാനമെങ്കിലും അധികവില നല്കി റബര്‍ സംഭരിക്കാന്‍ സര്‍ക്കാരും റബര്‍ബോര്‍ഡും തയ്യാറാവണമെന്നും സംസ്ഥാനത്തെ നിശ്ചിതഭാഗം റോഡുകള്‍ റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിച്ച് ടാറിംഗ് നടത്തണമെന്നും ദേശീയപാതയുടെ ടാറിംഗിന് റബറൈസ്ഡ് ബിറ്റുമിന്‍ ഉപയോഗിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

 

ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍ വിഷയാവതരണം നടത്തി. ദേശീയ പ്രസിഡന്റ് പി.സി. സിറിയക്,  ഡോ. എം.സി. ജോര്‍ജ്ജ്, വൈസ് പ്രസിഡന്റ് കെ. മൊയ്തീന്‍ ഹാജി, മുന്‍ എംഎല്‍എ പി.സി. ജോസഫ് , മുന്‍ എംപി. പി.സി. തോമസ്, നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ റ്റി.കെ. ജോസ്, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി ഷെവലിയര്‍ വി.സി. സെബാസ്റ്റ്യന്‍, വി.വി. അഗസ്റ്റിന്‍, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ജോയി ജോണ്‍ തെങ്ങുംകുടി, ഫാ. ജോര്‍ജ്ജ് പൊട്ടക്കല്‍, ജെയിംസ് കോട്ടുര്‍, ഫാ. ജോസഫ് കാവനാടി, കെ.എസ്. മാത്യു, ജോസഫ് കാരിയാങ്കല്‍, പി.എസ്. മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബേബി പെരുമാലില്‍ യോഗത്തില്‍ സ്വാഗതവും സ്‌കറിയ എല്‍.ജെ. നന്ദിയും പറഞ്ഞു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.