CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 40 Minutes 11 Seconds Ago
Breaking Now

മലയാളം മിഷന്‍ യു.കെ: ആലോചനാ യോഗം ഡിസംബര്‍ 20ന് ലെസ്റ്ററില്‍

സംസ്ഥാന സർക്കാറിൻറെ സാംസ്ക്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന മലയാളം മിഷന്‍ പദ്ധതിയുടെ യു.കെയില്‍ പ്രവര്‍ത്തനം സജീവമാക്കുന്നതിൻറെ ഭാഗമായി പ്രഥമ ആലോചനാ യോഗം മിഡ്ലാന്റ്സിലെ ലെസ്റ്ററില്‍ വച്ച് ചേരുന്നതിന് തീരുമാനിച്ചിരിക്കുന്നു.  മലയാളം മിഷന്‍ ഡയറക്ടര്‍ ശ്രീ. തലേക്കുന്നില്‍ ബഷീറിൻറെ  യു .കെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തി വരുന്ന ചര്‍ച്ചകളുടെ ഭാഗമായി പദ്ധതി രജിസ്ട്രാര്‍ ശ്രീ. കെ. സുധാകര പിള്ളയുടെ  നിര്‍ദ്ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ക്കുന്നത്. യു.കെയിലെ എല്ലാ മലയാളി അസോസിയേഷനുകളിലേയും പ്രതിനിധികളെയും ഈ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് താത്പര്യമുള്ള വ്യക്തികളെയും ഈ യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. യോഗത്തിന് എത്തിച്ചേരുന്നതിന് അസൗകര്യമുള്ള അസോസിയേഷനുകളുടെ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മലയാളം മിഷന്‍ പദ്ധതിയുടെ നടത്തിപ്പിനെപ്പറ്റിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുംmalayalammissionuk@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് അയച്ചു നല്‍കാവുന്നതാണ്.  "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം" എന്ന മുദ്രാവാക്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള മലയാളം മിഷന്‍ പദ്ധതി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വളരെ സജീവമായ പ്രവര്‍ത്തനങ്ങളാണ് പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിവരുന്നത്.  മലയാള ഭാഷാ പഠനകേന്ദ്രങ്ങള്‍ എന്ന പേരില്‍ ഓരോ  മലയാളി കൂട്ടായ്മകളിലും ആരംഭിച്ച് പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാളഭാഷാ പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടത്തപ്പെടുന്ന മലയാളം മിഷന്‍ ​ ഓരോ സ്ഥലങ്ങളിലെയും പ്രാദേശിക മലയാളി സംഘടനകളെ ഈ ദൗത്യം ഏല്പിക്കുന്നതിനു വേണ്ടിയാണ് തീരുമാനം സ്വീകരിച്ചിട്ടുള്ളത്. പഠനകേന്ദ്രങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ മലയാളം മിഷന്‍ തന്നെ തയ്യാറാക്കി സൗജന്യമായി വിതരണം നടത്തുകയാണ് ചെയ്യുന്നത്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഹയര്‍ ഡിപ്ലോമ, സീനിയര്‍ ഹയര്‍ ഡിപ്ലോമ എന്നിങ്ങനെ നാലു കോഴ്‌സുകളിലായി 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന പഠനത്തിലൂടെ കേരളത്തിന്റെ 10-ാം ക്ലാസിന്റെ നിലവാരത്തിനു തുല്യമായ നിലയിലേക്ക് പഠിതാവിന് എത്താന്‍ കഴിയുന്ന വിധത്തിലാണ് പാഠ്യപദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. നാല് കോഴ്‌സുകളിലേക്കുള്ളതാണ് കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി എന്നീ പാഠപുസ്തകങ്ങള്‍. മലയാളം മിഷന്റെ പഠന ക്ലാസുകള്‍ക്കുവേണ്ടി മിഷന്‍ തന്നെ തയ്യാറാക്കിയതാണ് ഈ പാഠപുസ്തകങ്ങള്‍. മലയാളം മിഷന്‍ പദ്ധതി യൂറോപ്പില്‍ സജീവമാക്കുമെന്ന് ഇക്കഴിഞ്ഞ റീജണല്‍ പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ ബഹു. സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ. കെ.സി ജോസഫ് വ്യക്തമാക്കിയിരുന്നു. കൂടാതെ മലയാളം മിഷന്‍ പദ്ധതിയുടെ യു.കെയിലെ നടത്തിപ്പിനെപ്പറ്റി ബഹു. സാംസ്ക്കാരിക വകുപ്പ് സെക്രട്ടറി ശ്രീമതി റാണി ജോര്‍ജ് ഐ.എ.എസ്, അഡീ. സെക്രട്ടറി ശ്രീ. ആര്‍.എസ്. കണ്ണന്‍ എന്നിവരും  നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി അധ്യക്ഷനായുള്ള ഭരണസമിതിയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പില്‍ ആദ്യമായി ആരംഭിക്കുന്നത് യു.കെയിലാണ്.  യു.കെ മലയാളി സംഘടകള്‍ക്കിടയില്‍ ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രായോഗിക വശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് ലെസ്റ്ററിലെ യോഗം ലക്ഷ്യമിടുന്നത്. മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ സെനറ്റ് അംഗം അഡ്വ. എബി സെബാസ്റ്റ്യന്‍ യോഗത്തിന് നേതൃത്വം നല്‍കുന്നതാണ്. നിലവില്‍ മലയാളം ക്ലാസ്സുകള്‍ നടത്തി വരുന്ന സംഘടനകളുടെ പ്രതിനിധികള്‍,  അധ്യാപകരായി കേരളത്തിലോ മറ്റ് രാജ്യങ്ങളിലോ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ , മലയാള ഭാഷയില്‍ ബിരുദാനന്ദര ബിരുദമുള്ളവര്‍ എന്നിങ്ങനെ ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള എല്ലാ വ്യക്തികളേയും ഈ  യോഗത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.  വിശദ വിവരങ്ങള്‍ക്ക്: എബി സെബാസ്റ്റ്യന്‍ : 07702862186 ഇ-മെയില്‍ :  malayalammissionuk@gmail.com   യോഗം നടക്കുന്നത്: 2014 ഡിസംബര്‍ 20 ശനിയാഴ്ച്ച ഉച്ചതിരിച്ച് 2.30 മുതല്‍ സ്ഥലം:  Aylestone Sports Club Banks Road Leicester LE2 8HA




കൂടുതല്‍വാര്‍ത്തകള്‍.