CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 13 Seconds Ago
Breaking Now

യുക്മയുടെ വാശിയേറിയ തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം ; ഒപ്പം യുക്മ ന്യൂസുമെത്തുന്നു,എങ്കിലും ചില ചോദ്യങ്ങള്‍ ബാക്കി ...

ചര്‍ച്ചകള്‍ വരട്ടെ ,ഒപ്പം താഴെയുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും ആവശ്യം തന്നെ ..

യു.കെയിലെ മലയാളി  അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മ സ്വന്തമായ നിലയില്‍ ഒരു ഓണ്‍ലൈന്‍ പത്രം ആരംഭിക്കുന്നത് ഇന്ന് (24/01/2015) നടക്കുന്ന നാഷണല്‍ ജനറല്‍ ബോഡിയില്‍ വച്ച് പ്രകാശനം ചെയ്യപ്പെടുകയാണ്. യുക്മയിലെ അംഗ അസോസിയേഷനുകളുടെ  ദീര്‍ഘകാലമായുള്ള ആവശ്യം ഇതോടെ നിറവേറുകയാണ്. യുക്മയുടെ ജനകീയ നേതാക്കളായ കെ.പി വിജി പ്രസിഡന്റും ബാലസജീവ് കുമാറ്) ജനറല്‍ സെക്രട്ടറിയുമായിരുന്ന ഭരണസമിതിയില്‍  2013 മെയ് മാസം നടന്ന മിഡ്‌ടേം ജനറല്‍ ബോഡിയിലാണ് യുക്മയ്ക്ക് സ്വന്തമായ ഓണ്‍ലൈന്‍ പത്രം വേണമെന്ന ദീര്‍ഘനാളത്തെ ആശയം ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നത്.   പിന്നീട് ഇതേ പറ്റി ചര്‍ച്ചകളൊന്നും നടന്നില്ലെങ്കിലും ഈ ഭരണസമിതി  സ്ഥാനമൊഴിയാന്‍ സമയമായതോടെ ഓണ്‍ലൈന്‍ പത്രം പുറത്തിറക്കുമെന്ന അറിയിപ്പ് ഉണ്ടാവുകയാണ്. ജനാധിപത്യ സംഘടനയായ യുക്മയില്‍ ഓണ്‍ലൈന്‍ പത്രം സംബന്ധിച്ച ചര്‍ച്ച ഒന്നും തന്നെ നടന്നിട്ടില്ല എന്ന വസ്തുത നിലനില്‍ക്കുന്നുണ്ടെങ്കിലും പത്രം പുറത്തിറങ്ങുന്നത് ഏറെ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നു.

 

യുക്മ അംഗ അസോസിയേഷനുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ നല്‍കുന്നതിനും സംഘടനയുടെ ആശയങ്ങളും നയപരിപാടികളും കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കുന്നതിനുമുള്ള ഉപാധിയായി പത്രം മാറേണ്ടതുണ്ട്. കൂടാതെ സ്ഥിരമായി യുക്മ വിരുദ്ധ വാര്‍ത്തകള്‍ നല്‍കി വരുന്ന ചില  ഓണ്‍ലൈന്‍ പത്രങ്ങളുടെ വേട്ടയാടലില്‍ നിന്നും സംഘടനയെ പ്രതിരോധിക്കുന്നതിനും സഹായകരമാവും.

 

യുക്മ ആരംഭിക്കുന്ന ഓണ്‍ലൈന്‍ പത്രം സംബന്ധിച്ച ഗുണവശങ്ങള്‍ ഏറെയുള്ളപ്പോഴും ഇത് സംബന്ധിച്ച് ചില സന്ദേഹങ്ങളും സംഘടനയെ സ്‌നേഹിക്കുന്നവരിലുണ്ട്. 

 

1. ലോകത്തിലെ പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ സംഘടനാ കൂട്ടായ്മയായ യുക്മ തികച്ചും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴും പത്രം നടത്തിപ്പ് സംബന്ധിച്ച തുറന്ന ചര്‍ച്ചകളോ പ്രവര്‍ത്തന രീതി വിശദീകരിക്കുന്ന കരട് രേഖകളോ അംഗ അസോസിയേഷനുകള്‍ക്ക് ഇന്നു വരെ നല്‍കിയിട്ടില്ല.

 

2. പത്രം സംബന്ധിച്ച ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അംഗ അസോസിയേഷനുകളെ യാതൊരു വിവരവും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നാഷനല്‍ ജനറല്‍ ബോഡിയില്‍ പത്രത്തിന്റെ ഗുണവശങ്ങള്‍ മാത്രം വിശദീകരിച്ച് ആളുകളെ സമ്മതിപ്പിക്കാം എന്ന സ്വപ്നാടനത്തിലാണ് പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെന്ന് കരുതപ്പെടുന്നു.

 

3. യുക്മ പത്രം തുടങ്ങുന്നുവെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും താക്കോല്‍ സ്ഥാനം അതാത് കാലത്ത് മാറി മാറി വരുന്ന സംഘടനാ ഭാരവാഹികളുടേതാവണം. അല്ലാത്ത പക്ഷം പത്രം നടത്തിപ്പ് ഏറ്റെടുക്കുന്ന ആളുകള്‍ ഇതുമായി ബന്ധപ്പെട്ട് സംഘടനയിലെ വിവിധ വിഷയങ്ങളില്‍ ഇടപെടാനും സ്വാധീനിക്കുന്നതിനും ശ്രമിക്കുകയും അത് സംഘടനയ്ക്ക് ദോഷകരമായി മാറുകയും ചെയ്യും. പ്രത്യേകിച്ച് ഈ തെരഞ്ഞെടുപ്പില്‍ ഇതുവരെ ഉണ്ടാവാത്ത തരത്തില്‍ വോട്ടര്‍ പട്ടിക തിരുത്തുകയും സ്വന്തക്കാര്‍ക്ക് വേണ്ടി 'പ്രോക്‌സി വോട്ട്' നടപ്പിലാക്കുകയും ചെയ്തു എന്ന ആരോപണം താക്കോല്‍ സ്ഥാനത്ത് ഉള്ളവര്‍ നേരിടുന്ന അവസ്ഥ നിലനില്‍ക്കുമ്പോള്‍.

 

4. പത്രത്തിന്റെ ഉടമസ്ഥാവകാശം എന്നു പറയുമ്പോള്‍ ഡൊമൈന്‍ നെയിം, വെബ്‌സൈറ്റിന്റെ സൂപ്പര്‍ അഡ്മിന്‍, ഇതുമായി ബന്ധപ്പെട്ട ഇമെയിലുകളുടെ പൂര്‍ണ്ണമായ നിയന്ത്രണം എന്നിവ കാലാകാലങ്ങളില്‍ മാറി വരുന്ന സംഘടനാ ഭാരവാഹികളില്‍ തന്നെയാവണം ഉണ്ടാവേണ്ടത്. അതല്ലെങ്കില്‍ പത്രം നടത്തിപ്പുകാര്‍ ഒരു വഴിക്കും സംഘടന മറ്റൊരു വഴിക്കും എന്ന നിലയിലാവും. അത് ഏതോ കുറേ സ്വകാര്യവ്യക്തികള്‍ യുക്മയുടെ പേരില്‍ മുതലെടുപ്പ് നടത്തുന്നതായി മാറും.

 

5. ഏറ്റവും പ്രധാനപ്പെട്ട വിഷയം പത്രത്തിന്റെ പരസ്യവരുമാനവും ചെലവുകളുമാണ്. യുക്മ ഇത്രയേറെ വലിയ സംഘടന ആയതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട് പരസ്യങ്ങള്‍ ലഭിക്കുന്നതിനു ബുദ്ധിമുട്ടേണ്ടി വരില്ല. പക്ഷേ  സുതാര്യമായ രീതിയില്‍ ഇതിന്റെ വരവു ചെലവുകള്‍ നടക്കണമെങ്കില്‍ ഒരു യുക്മ ദേശീയ ഭാരവാഹിയെ തന്നെ ഇതിന്റെ ചുമതല ഏല്പിക്കേണ്ടതാണ്.  യുക്മയിലെ സാമ്പത്തിക ഇടപാടുകള്‍ ഇതിനോടകം തന്നെ സുതാര്യമല്ലെന്ന ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞ സ്ഥിതിയ്ക്ക് പത്രം വിവാദത്തിലേയ്ക്ക് പോവാതെ നോക്കണം.

 

6. യുക്മ പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം കമ്മറ്റി തീരുമാനപ്രകാരം  യുക്മയുടെ ഔദ്യോഗിക ഭാരവാഹികളില്‍ ഒരാള്‍ തന്നെയാവണം. എന്നാല്‍ പത്രം നടത്തിപ്പ് ഏറ്റെടുത്ത് നടത്തുന്നവര്‍ക്ക് തൊട്ട് താഴെയുള്ള റസിഡന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍ എന്നിങ്ങനെയുള്ള ഏതെങ്കിലും സ്ഥാനം നല്‍കുകയും വേണം. പക്ഷേ ഏത് സ്ഥാനവും വഹിക്കുന്ന വ്യക്തിയെ എപ്പോള്‍ വേണമെങ്കിലും മാറ്റി മറ്റൊരാളെ നിയമിക്കുന്നതിനുള്ള അധികാരം യുക്മ ദേശീയ ഭരണസമിതിയ്ക്ക് ഉണ്ടാവേണ്ടതാണ്. ഇപ്പോള്‍ അജീവനാന്തം തനിക്ക് പത്രത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം എക്‌സിക്യുട്ടീവ് കൂടി നല്‍കി എന്ന അവകാശവാദവുമായി ചിലര്‍ നടക്കുകയാണ്.  പക്ഷേ യുക്മയുടെ ഏത് വിഷയത്തിലും തീരുമാനം എടുക്കുന്നതിനുള്ള പരമാധികാര സമിതി നാഷണല്‍ ജനറല്‍ ബോഡിയാണെന്നുള്ളത് മറന്നാവും ജനറല്‍ ബോഡിയ്ക്ക് കണക്ക് അവതരിപ്പിക്കുന്നതിനുള്ള എക്‌സിക്യുട്ടീവ് യോഗത്തില്‍ ഇത് പാസാക്കി എടുത്തത്. 

 

 

ഈ വിഷയങ്ങള്‍ യുക്മ നാഷണല്‍ ജനറല്‍ ബോഡിയ്ക്ക് വരുന്ന പ്രതിനിധികള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. യുക്മ ദേശീയ ഭരണസമിതിയുടെ പൂര്‍ണ്ണമായ നിയന്ത്രണത്തില്‍ നടത്തപ്പെടുന്നതല്ലാതെ യുക്മ ന്യൂസ് മാറിയാല്‍ പത്രം സംബന്ധിച്ച യു.കെ മലയാളികളുടെ  സ്വപ്നം സംഘടനയ്ക്ക് തന്നെ വിനാശകരമായി മാറിയേക്കും.




കൂടുതല്‍വാര്‍ത്തകള്‍.