Breaking Now

ഉത്തേജകമരുന്നുകള്‍ സ്‌കൂള്‍ കായികമേളയില്‍

സൈക്ലിങ്താരം ലാന്‍സ് ആംസ്‌ട്രോങ് ഉപയോഗിച്ചെന്ന് കണ്ടെത്തിയ അക്‌റ്റോവെജിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ആംപ്യൂളുകളാണ് സ്റ്റേഡിയത്തിലെ ടോയ്‌ലറ്റില്‍നിന്ന് കണ്ടെത്തിയത്.

ജൂനിയര്‍താരങ്ങള്‍ക്കിടയില്‍ ഉത്തേജക ഉപയോഗം കൂടുന്നുവെന്ന ആശങ്കകള്‍ക്കിടെ, ദേശീയ സ്‌കൂള്‍കായികമേള വേദിക്കരികില്‍ വിദേശനിര്‍മിത ഉത്തേജകമരുന്നുകള്‍.ഇറ്റാവയില്‍ 100 മീറ്റര്‍ മത്സരത്തിന് തൊട്ടുമുമ്പാണ് ഈ മരുന്നുകള്‍ കണ്ടെത്തിയത്. കക്കൂസിലെ ഫ്ലഷ്ടാങ്കില്‍ ഉപേക്ഷിച്ചനിലയില്‍ ആണ്  മരുന്ന് കണ്ടെത്തിയത്. ഉത്തേജകമരുന്നുപയോഗം വ്യാപകമാണെന്നും അതിന്റെ വ്യാപ്തി വിചാരിക്കുന്നതിനെക്കാള്‍ അധികമാണെന്നും തെളിയിക്കുന്നതാണ് ഇത്തരം മരുന്നുകളുടെ സാന്നിധ്യം. പേശികളിലേക്ക് കൂടുതലായി ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്ന മരുന്നാണ് അക്‌റ്റോവെജിന്‍. ഓസ്ട്രിയന്‍ കമ്പനിയായ നൈക്കോമെഡ് നിര്‍മിക്കുന്ന അക്‌റ്റോവെജിന്റെ റഷ്യയില്‍നിന്ന് ഇറക്കുമതിചെയ്ത ആംപ്യൂളുകളാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ആംപ്യൂളുകളിലെ വിവരങ്ങള്‍ പൂര്‍ണമായും റഷ്യന്‍ ഭാഷയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

2000-ല്‍ ടൂര്‍ ഡെ ഫ്രാന്‍സ് നേടിയ ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ ടീം അക്‌റ്റോവെജിന്‍ ഉപയോഗിച്ചെന്ന് ആരോപിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഈ മരുന്ന് നിരോധിക്കപ്പെട്ടവയുടെ കൂട്ടത്തില്‍ പെടുത്തിയത്. കൂടുതല്‍ ഗവേഷണത്തിന്റെ ഭാഗമായി ഈ മരുന്നിനെ പട്ടികയില്‍നിന്ന് ഒഴിവാക്കിയെങ്കിലും, ഉത്തേജകമെന്ന രീതിയില്‍ കായികതാരങ്ങള്‍ക്കിടയില്‍ ഇപ്പോഴും അക്‌റ്റോവെജിന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ഉത്തേജകമരുന്നുപയോഗത്തിനുള്ള സഹായി എന്ന നിലയ്ക്കാണ് ആഗോള ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) അക്‌റ്റോവെജിനെ പരിഗണിക്കുന്നത്. മറ്റ് ഉത്തേജകമരുന്നുകള്‍ കണ്ടെത്താതിരിക്കാനുള്ള മാസ്‌കിങ് ഏജന്റായി അന്താരാഷ്ട്ര തലത്തില്‍ത്തന്നെ അക്‌റ്റോവെജിന്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതിനൊപ്പം കണ്ടെത്തിയ റഷ്യന്‍ മരുന്നേതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. ഇറ്റാവയില്‍ ആദ്യദിവസം നാഡ ഉണ്ടായിരുന്നില്ല. രണ്ടാംദിവസംമുതല്‍ അസ്വാഭാവിക പ്രകടനം നടത്തുന്ന താരങ്ങളെ നാഡ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.