Breaking Now

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടിന് ഇന്ന് തുടക്കം

ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം ബുധനാഴ്ച

യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച യുവന്റസും (ഇറ്റലി) കെല്‍ട്ടിക്കും (സ്‌കോട്‌ലന്‍ഡ്) തമ്മിലുള്ള പോരാട്ടത്തോടെ സ്‌കോട്‌ലന്‍ഡിലെ പാര്‍ക്ക്‌ഹെഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും.

ചൊവ്വാഴ്ച രണ്ടാമത്തെ കളി സ്പാനിഷ് ടീം വലന്‍സിയയും ഫ്രാന്‍സിലെ പാരീസ് സെന്റ് ജര്‍മയിനും തമ്മിലാണ്. ആരാധകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന റയല്‍ മാഡ്രിഡ്- മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരം ബുധനാഴ്ചയാണ്. പ്രീക്വാര്‍ട്ടറിലെ ഏറ്റവും ത്രസിപ്പിക്കുന്ന പോരാട്ടവും ഇതുതന്നെ. മുന്‍ മാഞ്ചസ്റ്റര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് റയലിന്റെ തുരുപ്പു ചീട്ട്. സ്പാനിഷ് ലീഗ് കിരീടം കിട്ടില്ലെന്നുറപ്പായ ഹോസെ മൗറീന്യോയുടെ സംഘം ചാമ്പ്യന്‍സ് ലീഗിലൂടെ തിരിച്ചടിക്കാമെന്ന കണക്കുകൂട്ടലിലാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടമുറപ്പിച്ചുകഴിഞ്ഞ മാഞ്ചസ്റ്ററിന് ഡച്ച് സ്‌ട്രൈക്കര്‍ വാന്‍ പേഴ്‌സിയുടെയും വെയ്ന്‍ റൂണിയുടെയും പ്രഹര മികവുണ്ട്.

മൂന്നുവട്ടം ചാമ്പ്യന്മാരായ യുവന്റസിന് കെല്‍ട്ടിക്ക് നിസ്സാരരായ എതിരാളികളല്ല. ബാഴ്‌സലോണ ഉള്‍പ്പെട്ട വമ്പന്മാരുടെ ഗ്രൂപ്പില്‍ നിന്നുമാണ് അവര്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 1967-ല്‍ ചാമ്പ്യന്‍സ് ലീഗ് ജയിക്കുന്ന ആദ്യ ബ്രിട്ടീഷ് ടീമെന്ന ബഹുമതിക്ക് അര്‍ഹരായ കെല്‍ട്ടിക്കിന് പിന്നീട് ഈ ട്രോഫിയില്‍ മുത്തമിടാനുള്ള ഭാഗ്യമുണ്ടായില്ല. ഇക്കുറി നോക്കൗട്ട് റൗണ്ടില്‍ അവര്‍ കടക്കുമെന്ന് അധികമാരും കരുതിയതല്ലെങ്കിലും അട്ടിമറി വിജയങ്ങളോടെ അവര്‍ ലക്ഷ്യം നേടുകയായിരുന്നു.

ഹോം ഗ്രൗണ്ടായ പാര്‍ക്ക്‌ഹെഡ് സ്റ്റേഡിയത്തില്‍ മത്സരം നടക്കുമ്പോള്‍ കെല്‍ട്ടിക്കിന് വീറ് കൂടും. മറ്റാരെക്കാളും ഇതേക്കുറിച്ചു പറയാനാവുക ബാഴ്‌സലോണയ്ക്കായിരിക്കും. ഇതേ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ലോകത്തെ ഏറ്റവും കരുത്തുറ്റ ക്ലബായ ബാഴ്‌സയെ നീല്‍ ലെന്നന്റെ ടീം ഞെട്ടിച്ചത്. കെല്‍ട്ടിക്കിനൊപ്പം നോക്കൗട്ട് റൗണ്ടിലെത്തിയ ബാഴ്‌സയ്ക്ക് ശക്തരായ എ.സി. മിലാനാണ് എതിരാളികള്‍. ഇറ്റാലിയന്‍ ലീഗിലെ സുവര്‍ണക്കുതിപ്പിനിടയിലാണ് യുവന്റസ് ചാമ്പ്യന്‍സ് പ്രീക്വാര്‍ട്ടറിനെത്തുന്നത്. ഇറ്റാലിയന്‍ ലീഗിലെ ഫോം ചാമ്പ്യന്‍സ് ലീഗിലും തുടരാമെന്ന പ്രതീക്ഷ യുവന്റസിനുണ്ട്.

2000, 2001 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ വലന്‍സിയ ഫ്രഞ്ച് ടീമിനെ എതിരിടുന്നത് സ്വന്തം തട്ടകത്തിലാണ്. സ്വീഡീഷ് സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഉള്‍പ്പെടുന്ന പി.എസ്.ജി. ഫ്രഞ്ച് ലീഗില്‍ ഉജ്ജ്വല കുതിപ്പിലാണ്. ആ മികവ് വലന്‍സിയയ്‌ക്കെതിരെയും അവരാവര്‍ത്തിച്ചുകൂടായ്കയില്ല.




കൂടുതല്‍വാര്‍ത്തകള്‍.