Breaking Now

ഇന്ത്യയെ ഉയരങ്ങളിലേയ്‌ക്ക് നയിക്കാന്‍ യുവാക്കള്‍ മുന്നോട്ടുവരണം : രാഷ്‌ട്രപതി

രണ്ടാം യു.പി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ രാഷ്‌ട്രപതി ഇക്കാര്യം വ്യക്‌തമാക്കിയത്‌.

സാമ്പത്തിക മാന്ദ്യം മറികടന്ന്‌ ഇന്ത്യയെ പുതിയ ഉയരങ്ങളിലേയ്‌ക്ക് കൊണ്ടുപോകാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്ന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്‌ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യയെ പുതിയ ഉയരങ്ങളിലേയ്‌ക്ക് കൊണ്ടുപോകാന്‍ യുവാക്കള്‍ മുന്നോട്ടു വരണമെന്നും രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും ബജറ്റ്‌ സമ്മേളനം ക്രിയാത്മകമാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇടതുപക്ഷം ആദ്യദിനം തന്നെ പാര്‍ലമെന്റ്‌ ബഹിഷ്‌ക്കരിച്ചു. രാജ്യത്തെ തൊഴിലാളി സംഘടനകളുടെ രണ്ടു ദിന പണിമുടക്കിനോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ്‌ ഇടതുപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്നും വിട്ടു നില്‍ക്കുന്നത്‌. അതേസമയം ഇത്‌ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തോടുള്ള ബഹിഷ്‌ക്കരണമല്ലെന്നും പണിമുടക്കിനോട്‌ അനുഭാവം പ്രകടിപ്പിച്ചു കൊണ്ടുള്ള ഇടതു എംപി മാരുടെ പ്രതിഷേധം മാത്രമാണ്‌ ഇതെന്നും സിപിഎം നേതാവ്‌ സീതാറാം യെച്ചൂരി വ്യക്‌തമാക്കി.

ഇതിന്റെ ഭാഗമായി ഇടത്‌ എംപി മാര്‍ റജിസ്‌റ്റര്‍ ഒപ്പിടുകയോ അലവന്‍സ്‌ കൈപ്പറ്റുകയോ ഇല്ല. ഇടത്‌ എംപിമാര്‍ക്ക്‌ പുറമേ തെലുങ്കാന വിഷയത്തില്‍ ആന്ധ്രയില്‍ നിന്നുള്ള എംപിമാരും ആദ്യ ദിനം പാര്‍ലമെന്റിന്‌ മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. പാര്‍ലമെന്റ്‌ സമ്മേളനത്തിന്റെ ആദ്യ ദിനമായതിനാല്‍ നയപ്രഖ്യാപനത്തിന്‌ ശേഷം ഇരു സഭകളും ലഘുവായി ചേര്‍ന്ന ശേഷം പിരിയും.




കൂടുതല്‍വാര്‍ത്തകള്‍.