CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 3 Minutes Ago
Breaking Now

കേരളാ കൾച്ചറൽ അസോസിയേഷൻ കാർഡിഫിന്റെ പതിനൊന്നാമത്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് പ്രൗഡോജ്ജ്വലമായ സമാപനം....

ചില ആഘോഷങ്ങള്‍ക്ക് ആര്‍ഭാടമല്ല മറിച്ച് ആവേശമാണ് മാറ്റു കൂട്ടുക. അത്തരത്തിലൊരു പരിപാടിയാണ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ കാര്‍ഡിഫിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം. കേരളാ കൾച്ചറൽ അസോസിയേഷൻ കാർഡിഫിന്റെ പതിനൊന്നാമത്‌ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷം വിവിധ പരിപാടികളോടെ ഹീത്ത് സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി.

ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്‌ഘാടനം അസോസിയേഷൻ പ്രസിഡന്റ് ജോസ് കാവുങ്ങൽ, സെക്രട്ടറി ഷൈജൻ ജോർജ്, ട്രഷറർ ഡോ. മിഖായേൽ ജോസ്, സ്പോർട്സ് സെക്രട്ടറി ഡൊമിനിക് സാവിയോ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. ഉത്‌ഘാടനത്തിന് ശേഷം എത്തിയ ഫാ. അംബ്രോസിനെ പ്രസിഡന്റ് ബൊക്കെ നൽകി ആദരിച്ചു.

പതിവിന് വിപരീതമായി  ഇത്തവണ സാന്താക്ളോസ് ആയത് വെൽഷ്‌മാൻ റോയ്‌സ്റ്റോൺ ലിയോണാർഡ് ആയിരുന്നു. വെളുത്ത നീണ്ട താടിയും ആറര അടി പൊക്കവുമുള്ള സാന്താ കാണികൾക്ക് പുതുമയായി. ആഘോഷിക്കാന്‍ കിട്ടുന്ന മനോഹരമായ നിമിഷം ഓരോരുത്തരും മികച്ചതാക്കി.    മുന്നൂറ്റിഇരുപത്തഞ്ചോളം പേർ പങ്കെടുത്ത ആഘോഷത്തിൽ കൊഴുപ്പേകാൻ കുട്ടികൾ മുതൽ വലിയവർ വരെ കലാപരിപാടികളുമായി അരങ്ങിലെത്തി. ഭക്ഷണത്തിന്‌ ശേഷം 2 മണിക്കൂർ നീണ്ടു നിന്ന ഗാനമേളയിൽ മുതിർന്നവർ തൊട്ട് കുട്ടികൾ വരെ ഡാൻസ് ചെയ്തു ആഘോഷത്തിന് കൊഴുപ്പ് കൂട്ടി. പുതുവര്‍ഷം എപ്പോഴും പ്രതീക്ഷകളുടേതാണ്. ജീവിതത്തിലെ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍... പരസ്പരം സ്‌നേഹിക്കാന്‍.. ഓരോ നിമിഷവും ജീവിതത്തെ ആസ്വദിക്കാന്‍ തീരുമാനമെടുക്കുന്ന ദിവസങ്ങള്‍. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷത്തിന്റെ മാറ്റൊലികള്‍ അവസാനിക്കുന്നില്ല.

ഒന്നിലും മാറി നില്‍ക്കാതെ എല്ലാ കാര്യങ്ങളിലും പങ്കാളിയാകുന്നതാണ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് വേണ്ട മികവ്. അതാണ് കാര്‍ഡിഫിലെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കൈമുതലായിട്ടുള്ളതും. പ്രസിഡന്റ് ജോസ് കാവുങ്ങൽ, സെക്രട്ടറി ഷൈജൻ ജോർജ്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പരീയ്ക്കൽ, ജോയിന്റ് സെക്രട്ടറി ഡേവീസ് വറീത്, ആർട്സ് സെക്രട്ടറി പോൾ മാവേലി, സ്പോർട്സ് സെക്രട്ടറി ഡൊമിനിക് സാവിയോ, ട്രഷറർ മിഖായേൽ ജോസ്, കമ്മിറ്റി അംഗങ്ങളായ സിബിച്ചൻ ജോസഫ്, തങ്കച്ചൻ പോളി, ജോർജ് ജോസഫ്, സണ്ണി പൗലോസ്, ടോമി ജോൺ, പ്രിൻസ് ജോർജ്, മനോജ് കൃഷ്ണൻ എന്നിവരുടെയും മെമ്പേഴ്‌സിന്റെയും നിസ്വാർത്ഥമായ സഹകരണത്തിന് ഡോ. മിഖായേൽ നന്ദി പറഞ്ഞു. 11 മണിയോടെ പരിപാടികൾക്ക് സമാപനമായി. 

വാർത്ത: ജെഗി ജോസഫ്

ചിത്രങ്ങൾ: ജെയ്സൺ ലോറൻസ്




കൂടുതല്‍വാര്‍ത്തകള്‍.