CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 40 Seconds Ago
Breaking Now

അഡ്രസ് ചോദിക്കാനെന്ന വ്യാജേന വയോധികയുടെ വീട്ടില്‍ കയറി ദമ്പതികള്‍ അടിച്ചുമാറ്റിയത് 23 പവന്‍ സ്വര്‍ണ്ണം

കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാനാണ് മോഷ്ടിച്ചതെന്നാണ് ദമ്പതികളുടെ ന്യായീകരണം

അഡ്രസ് അറിയാന്‍ എന്ന പേരില്‍ വീട്ടിലെത്തിയ ദമ്പതികള്‍ വയോധികയുടെ 23 പവന്‍ സ്വര്‍ണം കവര്‍ന്നു. വഞ്ചിയൂര്‍ തകരപ്പറമ്പ് പ്രിയദര്‍ശിനി വീട്ടില്‍ ഭഗവതി അമ്മാളുടെ (84) ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജഗതി കണ്ണേറ്റുമുക്ക് മുല്ലശ്ശേരി വീട്ടില്‍ വിശാഖ് (23), ഭാര്യ നയന (18) എന്നിവരെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റു ചെയ്തു.ഭര്‍ത്താവ് ഹരിഹരന്‍ ക്ഷേത്രദര്‍ശനത്തിനു പോയ തക്കം നോക്കിയാണു കവര്‍ച്ച നടത്തിയത്.

ഹരിഹരന്‍ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പതിവായി പോകുന്ന വിവരം മനസ്സിലാക്കിയായിരുന്നു കവര്‍ച്ചയെന്നു വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് വി.നായര്‍ അറിയിച്ചു. ഇന്നലെ രാവിലെ എട്ടരയോടെ ഹരിഹരന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിശാഖും നയനയും ഭഗവതി അമ്മാളുടെ വീട്ടിലെത്തിയത്. കതക് പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അപരിചിതരെ കണ്ട് ആദ്യം പകച്ചുപോയ അമ്മാളോടു കടലാസ് കഷണം നീട്ടിയ ശേഷം ഈ വിലാസം അറിയുമോയെന്നു ചോദിച്ചു. വയോധിക വിലാസം പരിശോധിക്കുന്നതിനിടയില്‍ വിശാഖ് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവരുടെ കൈകള്‍ രണ്ടും പിന്നിലേക്കു കെട്ടിയ ശേഷം കഴുത്തിലും കയ്യിലും കിടന്ന ആഭരണങ്ങള്‍ ഇരുവരും ചേര്‍ന്ന് ഊരിയെടുത്തു.

ഭര്‍ത്താവ് ഹരിഹരന്‍ തിരികെ എത്തുന്നതിന് മുമ്പുതന്നെ മോഷ്ടാക്കള്‍ സ്ഥലം കാലിയാക്കി.സമീപത്തെ നിരീക്ഷണ ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ച വഞ്ചിയൂര്‍ പൊലീസിനു മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചു. ഇവ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിച്ചതും കടന്നുകളയാന്‍ ഉപയോഗിച്ച സ്‌കൂട്ടറിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണവുമാണ് ദമ്പതികളെ കുടുക്കിയത്. വൈകുന്നേരത്തോടെ ഇരുവര്‍ക്കും പിടിവീഴുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് തൈക്കാട്ടെ സ്വകാര്യ പണയമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. ഇവ ഇന്നു വീണ്ടെടുക്കുമെന്നു പൊലീസ് അറിയിച്ചു. കടം തീര്‍ക്കുന്നതിനു വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നു ദമ്പതികള്‍ പോലീസിനോട് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.