CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 57 Seconds Ago
Breaking Now

ഭീഷണിപ്പെടുത്തി നേടിയ വേതന വര്‍ധനവ് അംഗീകരിക്കില്ല ; നഴ്‌സുമാര്‍ക്ക് അനുവദിച്ച വേതന വര്‍ദ്ധനവു നല്‍കാനാകില്ലെന്ന് ആശുപത്രി മാനേജ്‌മെന്റുകള്‍

വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍. ഭീഷണിപ്പെടുത്തി നേടിയ വേതന വര്‍ധനവാണിതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെപിഎച്ച്എ) അറിയിച്ചു. നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മിനിമം വേതനം പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.

വിജ്ഞാപനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനാണ് മാനേജ്‌മെന്റുകളുടെ തീരുമാനം. ഇത് സംബന്ധിച്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ വ്യാഴാഴ്ച എറണാകുളത്ത് യോഗം ചേരും. പുതുക്കിയ മിനിമം വേതനം നല്‍കിയാല്‍ ആശുപത്രികള്‍ പൂട്ടേണ്ടിവരും ഇതല്ലെങ്കില്‍ ചികിത്സാ നിരക്ക് വര്‍ധിപ്പിക്കുമെന്നും മാനേജ്‌മെന്റുകള്‍ അറിയിച്ചു. 

അതേസമയം, ഈ മാസം തന്നെ വര്‍ധിപ്പിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രികള്‍ക്ക് യുഎന്‍എ നോട്ടീസ് നല്‍കി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നും നോട്ടീസില്‍ പറയുന്നു.

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം 20000 രൂപയാക്കി ഉയര്‍ത്തി ഇന്നലെ വിജ്ഞാപനമിറക്കിയിരുന്നു. പിന്നാലെ നടത്തിയ ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

50 കിടക്കകള്‍ വരെയുള്ള ആശുപത്രികളിലാണ് 20000 രൂപ അടിസ്ഥാന ശമ്പളം. 100 കിടക്കയില്‍ വരെയുള്ള ആശുപത്രികളില്‍ 24,000 രൂപയും 200 കിടക്കയില്‍ വരെയുള്ള  ആശുപത്രികള്‍ 29,200 രൂപയുമാണ് അടിസ്ഥാന ശമ്പളമായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.   200ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപയാണ് അടിസ്ഥാന ശമ്പളം.

2016 ജനുവരി മുതല്‍ പല തവണ നഴ്‌സുമാര്‍ ഈ ആവശ്യങ്ങളുന്നയിച്ച് സമരം നടത്തിയിരുന്നു. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.