CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 46 Seconds Ago
Breaking Now

ദൈവമേ ഈ ബ്രിട്ടനിലെ രാഷ്ട്രീയക്കാര്‍ ഇത് എന്ത് ഉദ്ദേശിച്ചാണ്; സ്വതന്ത്ര ഗ്രൂപ്പിലേക്ക് ലേബര്‍ പാര്‍ട്ടിക്കാര്‍ മാത്രമല്ല ടോറികളും; തെരേസ മേയുടെ ബ്രക്‌സിറ്റില്‍ പ്രതിഷേധിച്ച് ടോറികളിലെ മൂന്നംഗ പെണ്‍പട രാജിവെച്ച് പുതിയ ഗ്രൂപ്പില്‍; 20-ഓളം എംപിമാര്‍ രാജിവെയ്ക്കാനുള്ള ഒരുക്കത്തില്‍; അന്തംവിട്ട് ലേബര്‍, ടോറി പാര്‍ട്ടികള്‍

കൂടുതല്‍ എംപിമാര്‍ ലേബര്‍, ടോറി പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്ര ഗ്രൂപ്പിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് ആശങ്കാജനകമായ റിപ്പോര്‍ട്ട്

തീര്‍ത്തും അപ്രതീക്ഷിതം! ഇത് മാത്രമാണ് ബ്രിട്ടനില്‍ രൂപം കൊള്ളുന്ന പുതിയ പാര്‍ട്ടിയെക്കുറിച്ച് പറയാനുള്ളത്. ബ്രക്‌സിറ്റ്, ജൂതവിരുദ്ധത, വംശീയത തുടങ്ങി ഏറെ നാളായി കത്തിനില്‍ക്കുന്ന വിഷയങ്ങളില്‍ എംപിമാര്‍ പാര്‍ട്ടിക്ക് അതീതമായി നിലപാട് സ്വീകരിച്ചതോടെ രൂപം കൊള്ളുന്ന പുതിയ ഗ്രൂപ്പിലേക്ക് ടോറി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് മൂന്ന് എംപിമാരും എത്തിയിരിക്കുന്നു. ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന നീക്കത്തില്‍ അതിശക്തരായ റിമെയിന്‍ അനുകൂല എംപിമാരായ സാറാ വോളാസ്റ്റണ്‍, അന്നാ സോബ്‌റി, ഹെയ്ദി അല്ലന്‍ എന്നിവരാണ് പ്രധാനമന്ത്രി തെരേസ മേയെ തള്ളി സ്വതന്ത്ര ഗ്രൂപ്പിലേക്ക് ചേക്കേറിയത്. മേയ് സര്‍ക്കാരിന്റെ ബ്രക്‌സിറ്റ് നയത്തില്‍ പ്രതിഷേധമുള്ള എംപിമാരാണ് പുറത്തേക്ക് എത്തിയിരിക്കുന്നത്. 

കൂടുതല്‍ എംപിമാര്‍ ലേബര്‍, ടോറി പാര്‍ട്ടികളില്‍ നിന്നും സ്വതന്ത്ര ഗ്രൂപ്പിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുന്നുവെന്നാണ് ആശങ്കാജനകമായ റിപ്പോര്‍ട്ട്. ഇതോടെ ആരാണ് ഇനി അടുത്ത ചാട്ടം നടത്തുകയെന്ന അമ്പരപ്പിലാണ് വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ ലോകം. തിങ്കളാഴ്ച ഏഴ് മുന്‍ ലേബര്‍ എംപിമാര്‍ ചേര്‍ന്ന് സ്വതന്ത്ര ഗ്രൂപ്പ് പ്രഖ്യാപിച്ചത്. ഇതിലേക്കാണ് ടോറി എംപിമാരുടെ കടന്നുവരവ്. തങ്ങള്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ പുതിയ പാര്‍ട്ടിയില്‍ എത്തുമെന്നാണ് ഈ മൂന്ന് മുന്‍ ടോറി എംപിമാര്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ആബര്‍കോണ്‍വിയില്‍ നിന്നുമുള്ള കണ്‍സര്‍വേറ്റീവ് എംപി ഗ്യുറ്റോ ബെബ് ഡിഫന്‍സ് മന്ത്രി പദവി രാജിവെച്ചു. ബ്രക്‌സിറ്റുകാര്‍ക്ക് തെരേസ മേയ് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന് ആരോപിച്ച് രാജിവെച്ച ഇദ്ദേഹം സ്വതന്ത്ര ഗ്രൂപ്പില്‍ എത്തുമോയെന്ന് പ്രതികരിച്ചിട്ടില്ല. 

ബ്രെക്‌നെല്‍ എംപി ഫിലിപ്പ് ലീയും ബ്രക്‌സിറ്റിന്റെ പേരില്‍ ജസ്റ്റിസ് മിനിസ്റ്റര്‍ പദവി രാജിവെച്ചു. തന്റെ സഹയാത്രികര്‍ സ്വതന്ത്ര ഗ്രൂപ്പില്‍ ചേര്‍ന്നാലും അത്ഭുതമില്ലെന്നാണ് ലീയുടെ പ്രതികരണം. താന്‍ തല്‍ക്കാലം ടോറി പാര്‍ട്ടി വിടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലേബര്‍ പാര്‍ട്ടി വിട്ട എംപിമാര്‍ക്കൊപ്പം പീപ്പിള്‍സ് വോട്ട് നടത്തിയ കാര്‍ഡിഫ് സൗത്ത് & പെനാര്‍ത്ത് എംപി സ്റ്റീഫന്‍ ഡൗട്ടി താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി. അതേസമയം പാര്‍ട്ടി വിടാനുള്ള എംപിമാരുടെ തീരുമാനം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി ബ്രസല്‍സില്‍ വ്യക്തമാക്കി. ഏറെ നാളായി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെക്കുറിച്ച് വ്യാപകമായ എതിര്‍പ്പുകള്‍ പാര്‍ട്ടിയിലും, രാജ്യത്തും ഉയരുന്നു. 40 വര്‍ഷത്തിന് ശേഷം ഇയു ഉപേക്ഷിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല, മേയ് കൂട്ടിച്ചേര്‍ത്തു. 

ഇതിനിടെ ലേബര്‍ പാര്‍ട്ടി ഡാറ്റാബേസുകള്‍ പാര്‍ട്ടി എംപിമാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതില്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തി. പാര്‍ട്ടി അണികളുടെ വിവരങ്ങള്‍ ചോരുമെന്ന ആശങ്കയിലാണ് ഈ നീക്കം. സ്വതന്ത്ര ഗ്രൂപ്പിലേക്ക് ഇനി ഏതൊക്കെ എംപിമാര്‍ പോകുമെന്ന ആകാംക്ഷയിലാണ് രാജ്യം. പ്രത്യേകിച്ച് ഈ ഗ്രൂപ്പ് ശക്തി പ്രാപിച്ചാല്‍ ഒരു രണ്ടാം ഹിതപരിശോധനയാകും ഇവരുടെ പ്രധാന ആവശ്യം. 




കൂടുതല്‍വാര്‍ത്തകള്‍.