Breaking Now

ഇന്ത്യന്‍ വംശജയായ ഭാര്യയെ 59 തവണ കുത്തിയ ഭര്‍ത്താവിന് 16 വര്‍ഷം ജയില്‍; ഭാര്യയെ കൊലപ്പെടുത്തിയെന്ന് 999-ല്‍ വിളിച്ച് അറിയിച്ചു; ശല്യം സഹിക്കാതെ വിവാഹമോചനത്തിന് ഒരുങ്ങിയത് പകയായി കൊലക്കത്തിയെടുത്തു

ഭാര്യയെ ബ്രാന്‍ഡ് ശാരീരികവും, മാനസികവുമായി പീഡിപ്പിച്ച് വരികയായിരുന്നു

ബ്രെഡ് കത്തി ഉപയോഗിച്ച് 59 തവണ ആഞ്ഞുകുത്തി. ശക്തിയേറിയ അക്രമണത്തിനൊടുവില്‍ കത്തി പോലും രണ്ടായി പൊട്ടിപ്പിളര്‍ന്നു. അങ്ങിനെയെങ്കില്‍ ആ കുത്തുകള്‍ ഏറ്റുവാങ്ങിയ സ്ത്രീയുടെ അവസ്ഥ ചിന്തിക്കാവുന്നതേയുള്ളൂ. ഐടി കണ്‍സള്‍ട്ടന്റായ ഭര്‍ത്താവിന്റെ അക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ ഭാര്യയാണ് കൊല്ലപ്പെട്ടത്. ബോക്‌സിംഗ് ഡേയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ നടന്ന കൊലപാതകത്തില്‍ 16 വര്‍ഷത്തിലേറെ ജയില്‍ശിക്ഷയാണ് കോടതി കുറ്റവാളിക്ക് വിധിച്ചത്. 

ഭാര്യ ആഞ്ചല മിത്തല്‍ ഉറങ്ങിക്കിടക്കവെയാണ് അടുക്കളയില്‍ നിന്നും കത്തി എടുത്ത് കൊണ്ടുവന്ന് ലോറന്‍സ് ബ്രാന്‍ഡ് രോഷം തീര്‍ത്തത്. താന്‍ ഭാര്യയെ കൊലപ്പെടുത്തിയ വിവരം 999-ല്‍ വിളിച്ച് ഇയാള്‍ നേരില്‍ അറിയിക്കുകയും ചെയ്തു. 'ഹലോ ഇത് ബ്രാന്‍ഡാണ്. നിങ്ങള്‍ക്ക് ദയവായി പോലീസിനെ അയയ്ക്കാന്‍ കഴിയുമോ, ഞാന്‍ ഭാര്യയെ കൊലപ്പെടുത്തി. കുറച്ച് നാളായി അവളെന്നെ ഭ്രാന്ത് പിടിപ്പിക്കുകയാണ്', ഓപ്പറേറ്ററോട് വളരെ ക്ഷമയോടെ ബ്രാന്‍ഡ് വിശദീകരിച്ചു. 

ബെര്‍ക്ഷയറിലെ വീട്ടില്‍ വെച്ചുണ്ടായ അക്രമണത്തില്‍ ആദ്യത്തെ കത്തി പൊട്ടിപ്പോയതോടെ മറ്റൊരു കത്തി എടുത്ത് കൊണ്ടുവന്ന് അക്രമണം തുടര്‍ന്നു. 41-കാരിയായ ആഞ്ചല മിത്തലിനെ 59 തവണയാണ് കുത്തിയത്. നിങ്ങളുടെ കുടുംബ വീട്ടില്‍ വെച്ചാണ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയതെന്ന് ജഡ്ജ് ഹീതര്‍ നോര്‍ട്ടണ്‍ വിധി പ്രസ്താവിക്കവെ ചൂണ്ടിക്കാണിച്ചു. ഹോളണ്ടിലെ റോട്ടര്‍ഡാമില്‍ വെച്ച് കണ്ട് പരിചയപ്പെട്ട് ഇഷ്ടപ്പെട്ടാണ് 2006-ല്‍ ഇരുവരും വിവാഹിതരായത്. എന്നാല്‍ ഊര്‍ജ്ജസ്വലയായ ഭാര്യയെ ബ്രാന്‍ഡ് ശാരീരികവും, മാനസികവുമായി പീഡിപ്പിച്ച് വരികയായിരുന്നു. 

മരിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ഫോണ്‍ കോള്‍ വരെ ഭര്‍ത്താവ് നിരീക്ഷിക്കുന്നതായി മിത്തല്‍ പോലീസ് സ്‌റ്റേഷനിലെത്തി അറിയിച്ചിരുന്നു. കൂടാതെ കുടുംബാംഗങ്ങളുമായി സംസാരിക്കാനും അനുവദിച്ചിരുന്നില്ല. മറ്റൊരു ദിവസം ഉറങ്ങിക്കിടക്കവെ ഇയാള്‍ തന്നെ മര്‍ദ്ദിച്ചതായും അവര്‍ പോലീസിനെ അറിയിച്ചു. ഇതോടൊപ്പം വിവാഹമോചനത്തിനും മിത്തല്‍ നീക്കം തുടങ്ങി.

ഇതോടെ ബന്ധം വേര്‍പ്പെടുത്തരുതെന്ന് യാചിച്ച് ഇയാള്‍ ശല്യം തുടങ്ങി. ജോയിന്റ് അക്കൗണ്ടില്‍ നിന്നും 35000 പൗണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയതോടെ വിവാഹമോചനം ഉറപ്പാക്കിയ ബ്രാന്‍ഡ് ഭാര്യയെ വകവരുത്തുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.