Breaking Now

യുകെ സംഘടിത കുറ്റകൃത്യങ്ങളുടെ കൂത്തരങ്ങാകുന്നു; പോരാടാന്‍ 3 ബില്ല്യണ്‍ പൗണ്ടെങ്കിലും വേണമെന്ന് നാഷണല്‍ ക്രൈം ഏജന്‍സി; സര്‍ക്കാര്‍ പണം തന്നില്ലെങ്കില്‍ ജനം അനുഭവിക്കും

യുകെയില്‍ 4500 സംഘടിത കുറ്റകൃത്യ സംഘങ്ങളിലായി 37,000 അംഗങ്ങളുണ്ടെന്നാണ് ഏജന്‍സിയുടെ വാര്‍ഷിക റിവ്യൂ വിലയിരുത്തുന്നത്

യുകെയില്‍ സംഘടിത കുറ്റകൃത്യങ്ങള്‍ വിപുലമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന മുന്നറിയിപ്പുമായി നാഷണല്‍ ക്രൈം ഏജന്‍സി. അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇതിനെതിരെ പോരാടാന്‍ ചുരുങ്ങിയത് 3 ബില്ല്യണ്‍ പൗണ്ടെങ്കിലും അധികം വേണമെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. എന്‍സിഎ വാര്‍ഷിക ബജറ്റ് നിലവിലെ 424 മില്ല്യണ്‍ പൗണ്ടില്‍ നിന്നും 1.1 ബില്ല്യണ്‍ പൗണ്ടെങ്കിലുമായി ഉയര്‍ത്തണമെന്ന് മേധാവി ലിന്‍ ഓവന്‍സ് പറയുന്നു. സര്‍ക്കാര്‍ ഈ പണം തന്നില്ലെങ്കില്‍ ജനം ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്നും അവര്‍ മുന്നറിയിപ്പില്‍ പറഞ്ഞു. 

യുകെയില്‍ 4500 സംഘടിത കുറ്റകൃത്യ സംഘങ്ങളിലായി 37,000 അംഗങ്ങളുണ്ടെന്നാണ് ഏജന്‍സിയുടെ വാര്‍ഷിക റിവ്യൂ വിലയിരുത്തുന്നത്. ഈ കുറ്റവാളികളില്‍ നിന്നുമുള്ള ഭീഷണി പലവിധത്തിലായി മാറിമറിയുകയാണ്. ഇതിനെ നേരിടാന്‍ ശ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കണം. നിലവില്‍ 4500-ഓളം ജീവനക്കാരുള്ള ഏജന്‍സിക്ക് 424 മില്ല്യണ്‍ പൗണ്ടാണ് വാര്‍ഷിക ചെലവ്. 181,000 കുറ്റവാളികളെയെങ്കിലും ഗുരുതര, സംഘടിത കുറ്റകൃത്യങ്ങളുമായി ഇവര്‍ ബന്ധിപ്പിക്കുന്നു. മയക്കുമരുന്ന് കച്ചവടം മുതല്‍ മനുഷ്യക്കടത്തും, സൈബര്‍ ഭീഷണികളും, ഓണ്‍ലൈന്‍ ലൈംഗിക ചൂഷണ വില്‍പ്പനയും വരെ ഇതില്‍ ഉള്‍പ്പെടും.

വിപുലമായ രീതിയില്‍, വൈവിധ്യ തലങ്ങളിലാണ് കുറ്റവാളി സംഘങ്ങളുടെ പ്രവര്‍ത്തനം. ഇവരെ പിടികൂടാന്‍ ഏജന്‍സിക്ക് കുറഞ്ഞത് 650 മില്ല്യണ്‍ പൗണ്ടെങ്കിലും അധികമായി വേണമെന്നാണ് എന്‍സിഎ ഡയറക്ടര്‍ ജനറല്‍ ആവശ്യപ്പെടുന്നത്. യുകെയില്‍ കുറ്റവാളി സംഘങ്ങള്‍ ഒരാഴ്ച കൊണ്ട് നടത്തുന്ന കച്ചവടത്തേക്കാള്‍ കുറവാണ് ഈ അധിക ബജറ്റെന്നും ഓവന്‍സ് ചൂണ്ടിക്കാണിച്ചു. 

ദേശീയ സുരക്ഷയെ പോലും ബാധിക്കുന്ന തലത്തിലേക്ക് കുറ്റവാളി സംഘങ്ങള്‍ വളര്‍ന്നു കഴിഞ്ഞെന്നും ഓവന്‍സ് പറഞ്ഞു. ബജറ്റ് വര്‍ദ്ധിപ്പിക്കാതെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിയില്ല,. ഇത് വൈകിയാല്‍ പൊതുജനമാണ് പ്രത്യാഘാതം നേരിടുക, അവര്‍ ഓര്‍മ്മിപ്പിച്ചു. ഭീഷണി ഉയര്‍ന്നതാണെന്ന് സെക്യൂരിറ്റി മിനിസ്റ്റര്‍ ബെന്‍ വാലസ് സമ്മതിച്ചു. പക്ഷെ എന്‍സിഎ ഫണ്ട് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉറപ്പുകള്‍ നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.




കൂടുതല്‍വാര്‍ത്തകള്‍.