Breaking Now

ഡ്യൂട്ടിക്കിടെ നട്ടെല്ലിന് പരുക്കേറ്റ നഴ്‌സിന്റെ ജീവിതം മാറിമറിഞ്ഞു; കിടക്കയില്‍ നിന്നും അനങ്ങാന്‍ കഴിയാത്ത അമിതവണ്ണം; ആദ്യമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മരണവും തേടിയെത്തിയ മുന്‍ നഴ്‌സിന്റെ കഥ ടിവിയില്‍ കണ്ട് കണ്ണുനിറച്ച് പ്രേക്ഷകര്‍

ഏഴ് വര്‍ഷത്തോളമാണ് 40 സ്‌റ്റോണ്‍ ഭാരം മൂലം ഇവര്‍ വീടിനുള്ളില്‍ കുരുങ്ങിയത്.

ജീവിതം എപ്പോഴാണ് കണ്‍മുന്നില്‍ മാറിമറിയുകയെന്ന് പറയാന്‍ കഴിയില്ല. ഏറെ പ്രതീക്ഷകളും, സ്വപ്‌നങ്ങളും നെയ്തുകൂട്ടി മുന്നോട്ട് പോകുമ്പോഴാകും ഒരു നിമിഷം കൊണ്ട് എല്ലാം തകിടം മറിയുന്നത്. ഡെനീസ് എക്കിള്‍സ്റ്റണിന്റെയും ജീവിതം അങ്ങിനെയായിരുന്നു. മൂന്ന് മക്കളുടെ അമ്മയായും, ആശുപത്രിയില്‍ തിരക്കുള്ള നഴ്‌സായും ജോലി ചെയ്യുന്നതിനിടെയാണ് ഒരു അപകടം അവരെ കിടക്കയിലേക്ക് നയിച്ചത്. ഡ്യൂട്ടിക്കിടെ പരുക്കേറ്റതിനെത്തുടര്‍ന്ന് ജോലി രാജിവെയ്‌ക്കേണ്ടി വന്ന ഡെനീസ് അമിതവണ്ണത്തിലായതോടെ മുറിക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത ഘട്ടത്തിലുമെത്തി. 

നാല് വര്‍ഷത്തോളം ഈ കിടപ്പ് കിടന്ന ഡെനീസ് ഇതിന് ശേഷം ആദ്യമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മരണവും തേടിയെത്തി. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ടാംവര്‍ത്ത് സ്വദേശിനിയായ 58-കാരിയുടെ ഈ കഥ 60 സ്‌റ്റോണ്‍ & ഹൗസ് ട്രാപ്പ്ഡ്: ബിഗ് ബോഡി സ്‌ക്വാഡ് എന്ന പരിപാടിയിലൂടെയാണ് ചാനല്‍ 5 ലോകത്തിന് മുന്നിലെത്തിക്കുന്നത്. ഏഴ് വര്‍ഷത്തോളമാണ് 40 സ്‌റ്റോണ്‍ ഭാരം മൂലം ഇവര്‍ വീടിനുള്ളില്‍ കുരുങ്ങിയത്. 

ജോലിക്കിടെ നടുവിന് പരുക്കേറ്റ നഴ്‌സ് ഒടുവില്‍ 2014-ല്‍ മരണത്തിന് കീഴടങ്ങി. ഡോക്യുമെന്ററി ചിത്രീകരണത്തിന് പിന്നാലെയായിരുന്നു ഇത്. ഡെനീസിന്റെ നട്ടെല്ല് വളരെ മോശം അവസ്ഥയിലായിരുന്നു. അധിക ഭാരം മൂലം നെഞ്ചില്‍ ഏറുന്ന സമ്മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓക്‌സിജന്‍ നല്‍കിയാണ് ഇവരെ സാധാരണ ജീവിതത്തിലേക്ക് കുറച്ച് നേരത്തേക്കെങ്കിലും എത്തിക്കാന്‍ ശ്രമിച്ചത്. ഭാര്യ വീണുപോയെങ്കിലും ഭര്‍ത്താവ് എഡ്ഡി ഇവരെ കൈവിട്ടില്ല. ഭാര്യയുടെ അവസ്ഥയ്ക്ക് അനുസൃതമായി മാറ്റങ്ങള്‍ വരുത്തി ആവശ്യമായ പിന്തുണ നല്‍കാന്‍ ഇദ്ദേഹം ശ്രദ്ധിച്ചു. 

പ്രത്യേകം തയ്യാറാക്കിയ കസേരയില്‍ ഹോയിസ്റ്റിന്റെ സഹായത്തോടെ കെയറര്‍മാര്‍ ഡെനീസിനെ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ വേദന കൊണ്ട് കരഞ്ഞുപോയ ഇവര്‍ തിരികെ കിടക്കയില്‍ കിടത്താന്‍ ആവശ്യപ്പെടുന്നത് ഡോക്യുമെന്ററിയില്‍ കാണാം. ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടി കണ്ട് കാഴ്ചക്കാര്‍ കണ്ണീരണിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.