CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 52 Seconds Ago
Breaking Now

ചൗകീദാര്‍ കള്ളനാണ് പ്രചരണം തിരിച്ചടിച്ചു; സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ക്കാനില്ലാതെ മോദിയെ അക്രമിച്ച് തുലച്ചത് പാര്‍ട്ടിയുടെ അവസരം; രാഹുല്‍ ഗാന്ധിക്കെതിരെ രോഷം പുകയുന്നു

മോദിഅമിത് ഷാ കൂട്ടുകെട്ടിനെതിരെ പൊരുതിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് നേര്‍ക്കാണ് ചോദ്യശരങ്ങള്‍ ഉയരുന്നത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയുടെ ചിറകിലേറി വിജയം, ഇതായിരുന്നു കോണ്‍ഗ്രസിന്റെ മോഹം. പക്ഷെ ആ മോഹം വ്യമോഹമായി മാറ്റിക്കൊണ്ട് നരേന്ദ്ര മോദിയുടെ പ്രഭാവം രാജ്യത്ത് ഉടനീളം ആഞ്ഞടിച്ചു. വിശ്വസ്ത മണ്ഡലമെന്ന് കരുതിയിരുന്ന അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനി രാഹുലിനെ വീഴ്ത്തിയത് വലിയ തിരിച്ചടിയായി. ആ ഞെട്ടലില്‍ നിന്നും കരകയറുന്നതിന് മുന്‍പ് പാര്‍ട്ടിയില്‍ രോഷം പുകയുകയാണ്. 

മോദിഅമിത് ഷാ കൂട്ടുകെട്ടിനെതിരെ പൊരുതിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിന് നേര്‍ക്കാണ് ചോദ്യശരങ്ങള്‍ ഉയരുന്നത്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ രാഹുലിന്റെ ആദ്യത്തെ പോരാട്ടമായിരുന്നു. ഗാന്ധി നെഹ്‌റു കുടുംബത്തില്‍ നിന്നുള്ള നേതാവ് പാര്‍ട്ടിയെ നയിക്കുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷ. 

എന്നാല്‍ വെല്ലുവിളിയില്‍ രാഹുല്‍ വീണുപോയെന്നാണ് പാര്‍ട്ടി സര്‍ക്കിളില്‍ തന്നെ ചര്‍ച്ച ഉയരുന്നത്. ചൗകീദാര്‍ കള്ളനാണ് എന്ന പരിഹാസം തന്നെ കൈവിട്ടതായെന്നാണ് നേതാക്കള്‍ വിശ്വസിക്കുന്നത്. രാഷ്ട്രീയ മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതായിരുന്നു ഈ പ്രചരണം. ഇതുവഴി നെഗറ്റീവ് ക്യാംപെയിന്‍ അഴിച്ചുവിട്ട പാര്‍ട്ടിക്ക് സ്വന്തമായി ഒന്നും കൂട്ടിച്ചേര്‍ക്കാനും സാധിച്ചില്ല. 

പ്രചരണത്തോട് വോട്ടര്‍മാരുടെ പ്രതികരണം നോക്കാതെ മോദിയെ കള്ളനാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന രാഹുല്‍ സുപ്രീംകോടതിയുടെ താക്കീതിനും ഇരയായി. ഇത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം തകര്‍ത്തെന്നാണ് പാര്‍ട്ടി നേതാക്കള്‍ കരുതുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ചേര്‍ന്ന് തോല്‍വി പഠിച്ച് സമയം കളയുന്നതില്‍ കാര്യങ്ങള്‍ ഒതുങ്ങിയാല്‍ അവസ്ഥ മെച്ചപ്പെടില്ലെന്ന് നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. 

തോല്‍വിയില്‍ അത്ഭുതമില്ലെന്ന് മുതിര്‍ന്ന നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണവും, നവജ്യോത് സിംഗ് സിദ്ദുവിന്റെ പാകിസ്ഥാന്‍ പ്രേമം തിരിച്ചിച്ചെന്ന പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ വാക്കുകളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. കര്‍ണ്ണാടകയിലും, മധ്യപ്രദേശിലും തൂക്കുസര്‍ക്കാരുകള്‍ക്ക് എന്ത് സംഭവിക്കുമെന്നത് രാഹുല്‍ നേരിടുന്ന അടുത്ത പരീക്ഷണമാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.