Breaking Now

എന്‍എച്ച്എസ് രോഗികള്‍ക്ക് വിളമ്പുന്നത് ക്യാന്‍സര്‍ സൃഷ്ടിക്കുന്ന മാംസം; അഞ്ചില്‍ നാലിടത്തും കോളോറെക്ടല്‍ ക്യാന്‍സറിന് കാരണമാകുന്ന മാംസം; എന്‍എച്ച്എസ് തന്നെ ക്യാന്‍സര്‍ നിര്‍മ്മാണ കേന്ദ്രങ്ങളായി മാറുമ്പോള്‍; ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തി ട്രസ്റ്റുകള്‍

ഇംഗ്ലണ്ടിലെ 14% ട്രസ്റ്റുകള്‍ മാത്രമാണ് നൈട്രൈറ്റ്-ഫ്രീ മാംസം ലഭ്യമാക്കുന്നത്

എന്‍എച്ച്എസില്‍ എത്തുന്നവര്‍ക്ക് രോഗമുക്തിയും, ആശ്വാസവുമാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ശരീരത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സര്‍ രോഗമാണ് ഇവിടെ നിന്നും നല്‍കുന്നതെങ്കിലോ? ജനം കുഴഞ്ഞത് തന്നെ! വിവിധ തരത്തിലുള്ള ക്യാന്‍സറിന് കാരണമാകുന്ന കെമിക്കലുകള്‍ ഉപയോഗിച്ച മാംസമാണ് ആശുപത്രി മെനുവില്‍ വിളമ്പുന്നതെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. അഞ്ചില്‍ നാല് എന്‍എച്ച്എസ് ട്രസ്റ്റുകളിലും ഇതാണ് അവസ്ഥയെന്ന് വ്യക്തമായതോടെ രോഗികളെ വലിയ രോഗികളാക്കുന്ന കേന്ദ്രങ്ങളായി എന്‍എച്ച്എസ് പ്രവര്‍ത്തിക്കുന്നതായുള്ള ആശങ്കകളാണ് വര്‍ദ്ധിക്കുന്നത്. 

സംഭവം പുറത്തുവന്നതോടെ വിഷയത്തില്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് രാഷ്ട്രീയഭേദമെന്യെ വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. വിവരാവകാശ അപേക്ഷ പ്രകാരമാണ് 113 എന്‍എച്ച്എസ് ഇംഗ്ലീഷ് ഫൗണ്ടേഷന്‍ ട്രസ്റ്റുകളില്‍ നൈട്രൈറ്റ്-ക്യുവര്‍ ചെയ്ത ബേക്കണും, ഹാമും രോഗികള്‍ക്കുള്ള ഭക്ഷണത്തില്‍ ഓഫര്‍ ചെയ്യുന്നതായി വ്യക്തമായത്. കൂടാതെ 12 ട്രസ്റ്റുകള്‍ പൊട്ടാഷ്യം നൈട്രേറ്റ് ഉള്‍പ്പെട്ട മാംസം രോഗികള്‍ക്ക് നല്‍കിയെന്നും സമ്മതിച്ചു. 

ഇംഗ്ലണ്ടിലെ 14% ട്രസ്റ്റുകള്‍ മാത്രമാണ് നൈട്രൈറ്റ്-ഫ്രീ മാംസം ലഭ്യമാക്കുന്നത്. 5% ട്രസ്റ്റുകള്‍ രോഗികളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുന്നുണ്ടോയെന്ന് വ്യക്തമാക്കാന്‍ വിസമ്മതിച്ചു. ആശുപത്രി ഭക്ഷണത്തില്‍ നൈട്രൈറ്റ്-ക്യുവര്‍ ചെയ്ത മാംസം ഉണ്ടെന്നത് ആശങ്കാജനകമാണെന്ന് കണ്‍സര്‍വേറ്റീവ് എംപി സര്‍ ഡേവിഡ് ആമസ് പറഞ്ഞു. കോളോറെക്ടല്‍ ക്യാന്‍സര്‍ പോലുള്ളവയിലേക്ക് നയിക്കുന്നവയാണ് ഇത്തരം കെമിക്കലുകള്‍, ഫുഡ് & ഹെല്‍ത്ത് പാര്‍ലമെന്ററി ഗ്രൂപ്പ് ചെയര്‍മാനായ എംപി ചൂണ്ടിക്കാണിച്ചു. 

മാതൃക കാണിക്കാനുള്ള ഉത്തരവാദിത്വമുള്ള എന്‍എച്ച്എസ് മെനുവില്‍ നിന്നും നൈട്രൈറ്റുകള്‍ എത്രയും വേഗം ഒഴിവാക്കണമെന്ന് ആമസ് കൂട്ടിച്ചേര്‍ത്തു. നൈട്രൈറ്റ് ഉപയോഗിച്ച് പ്രൊസസ് ചെയ്ത മാസം ഓരോ വര്‍ഷവും 34000 ബവല്‍ ക്യാന്‍സറിന് കാരണമാക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പോലും പറയുമ്പോഴാണ് എന്‍എച്ച്എസ് രോഗികളുടെ ഭക്ഷണത്തില്‍ ഇവ ചേര്‍ത്ത് വിളമ്പുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.