CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 15 Minutes 47 Seconds Ago
Breaking Now

ലോകകപ്പില്‍ ഇന്ത്യ vs പാകിസ്ഥാന്‍ കണക്ക് 7-0ല്‍; ഇക്കുറി കളിച്ചത് രോഹിത് ശര്‍മ്മ, വിരാട്, ബൗളര്‍മാര്‍ ഒപ്പം മഴയും!

ആദ്യ ലോകകപ്പിന് എത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തിലാണ് പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്

ഇന്ത്യ, പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം ഇരുരാജ്യങ്ങളെയും സംബന്ധിച്ച് അഭിമാനപോരാട്ടമായി മാറുന്നതിന് രാഷ്ട്രീയമായ കാരണങ്ങളുണ്ട്. ഇംഗ്ലണ്ടില്‍ ലോകകപ്പ് പ്രാരംഭ ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടുന്നതിന് മുന്നോടിയായി ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്ത പരസ്യങ്ങള്‍ തന്നെ ഇതിന് ഉദാഹരണം. എന്നാല്‍ പോരാട്ടത്തിന് തീപാറാന്‍ പാക് ടീമിന്റെ പ്രകടനവും, മഴയും അനുവദിച്ചില്ല. ഇതോടെ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ 89 റണ്ണിന് വിജയം ചൂടി. 

ചരിത്രമുറങ്ങുന്ന ഓള്‍ഡ് ട്രാഫോഡില്‍ രോഹിത് ശര്‍മ്മയുടെ 140, വിരാട് കോഹ്‌ലിയുടെ 77, കെഎല്‍ രാഹുലിന്റെ 57, ബൗളിംഗ് വിഭാഗങ്ങളില്‍ കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍ എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തതാണ് ഓള്‍ഡ് ട്രാഫോഡില്‍ മഴ കളി തടസ്സപ്പെടുത്തിയിട്ടും ഇന്ത്യന്‍ വിജയത്തിന് വഴിയൊരുക്കിയത്. ഇതോടെ ലോകകപ്പ് വേദികളില്‍ ഇന്ത്യയും, പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്ന 7 മത്സരങ്ങളിലും വിജയം ഇന്ത്യക്കൊപ്പം നിന്നു!

1992, 1996, 1999, 2003, 2011, 2015, 2019 വര്‍ഷങ്ങളിലാണ് ഇന്ത്യന്‍ ടീം പാകിസ്ഥാനെ തോല്‍പ്പിച്ചത്. ഇതില്‍ ഏറ്റവും വലിയ വിജയമാണ് ഇക്കുറി കുറിച്ചത്. പരുക്കേറ്റ ശിഖര്‍ ധവാന് പകരം ഓപ്പണിംഗിന് എത്തിയ കെഎല്‍ രാഹുല്‍ ലോകകപ്പില്‍ തന്റെ ആദ്യത്തെ അര്‍ദ്ധസെഞ്ചുറി തികച്ചു. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം 136 റണ്ണും കുറിച്ച് സ്‌കോര്‍ബോര്‍ഡ് സുരക്ഷിതമാക്കാനും ഇവര്‍ക്ക് സാധിച്ചു. ലോകകപ്പില്‍ പാകിസ്ഥാനെതിരെ വിരാടിന് ശേഷം സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായി രോഹിത്. 

മത്സരത്തിലെ 77 റണ്ണുമായി ഏകദിനത്തില്‍ അതിവേഗം 11,000 റണ്‍ നേടുന്ന ബാറ്റ്‌സ്മാനായി വിരാട്. തന്റെ ആദ്യ ലോകകപ്പിന് എത്തിയ വിജയ് ശങ്കര്‍ എറിഞ്ഞ ആദ്യ പന്തിലാണ് പാകിസ്ഥാന്റെ ആദ്യ വിക്കറ്റ് വീണത്. മഴ കളിക്കാനെത്തിയെങ്കിലും ഇതിന് മുന്‍പ് തന്നെ വിജയം കൈപ്പിടിയില്‍ ഒതുക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി തന്നെ വിജയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.