CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 4 Seconds Ago
Breaking Now

പൊതുസ്ഥലത്ത് പ്രാവിന് തീറ്റ കൊടുത്ത മുത്തശ്ശിക്ക് 150 പൗണ്ട് പിഴ; മാലിന്യം വലിച്ചെറിഞ്ഞ് സ്ഥലം വൃത്തികേടാക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍; ബാത്ത് കൗണ്‍സിലിന്റെ നടപടിയില്‍ ഞെട്ടിയത് കുടുംബം മാത്രമല്ല നാട്ടുകാരും

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 150 പൗണ്ട് ഫൈന്‍ നല്‍കേണ്ടി വരുമെന്ന് ബാത്ത് & നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് കൗണ്‍സില്‍

സിറ്റി സെന്ററുകളിലും, പാര്‍ക്കിലും മറ്റുമൊക്കെ പ്രാവുകള്‍ കറങ്ങി നടക്കുന്നത് കാണാറില്ലേ. ഇവയ്ക്ക് സ്‌നേഹപൂര്‍വ്വം കൈയിലുള്ള ഭക്ഷണം വെച്ച് ഊട്ടുന്നതും പതിവാണ്. എന്നാല്‍ ഇതിന്റെ പേരില്‍ മാലിന്യം വലിച്ചെറിഞ്ഞെന്ന കുറ്റം ചാര്‍ത്തി പിഴ ഈടാക്കപ്പെടുന്നത് അധികം കേട്ടിട്ടില്ലാത്ത വര്‍ത്തമാനമാണ്. മകള്‍ക്കും, രണ്ട് പേരക്കുട്ടികള്‍ക്കും ഒപ്പം ഷോപ്പിംഗിന് ഇറങ്ങിയ സാല്ലി ആന്‍ ഫ്രിക്കര്‍ക്കാണ് ഈ പണികിട്ടിയത്. കുടുംബത്തോടൊപ്പം ബാത്തില്‍ അങ്ങനെ കറങ്ങുമ്പോഴാണ് ഒരു പ്രാവ് ഇവരുടെ മുന്നിലേക്ക് പറന്നിറങ്ങിയത്. 

കൈയിലുണ്ടായിരുന്ന സോസേജ് റോളിന്റെ ഒരു കഷ്ണം മുറിച്ചെടുത്ത് ഫ്രിക്കര്‍ അത് പ്രാവിന് എറിഞ്ഞുകൊടുത്തു. തനിക്ക് ലഭിച്ച ഭക്ഷണവും കൊത്തിയെടുത്ത് പ്രാവ് സ്ഥലംവിടുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ നടന്ന സംഭവങ്ങളാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചത്. പണിയെടുക്കാനുള്ള അഭിനിവേശം കാണിച്ച ഒരു എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ സ്ഥലത്തേക്ക് ചാടിവീണു. സെക്കന്‍ഡുകള്‍ പോലും എടുക്കാതെ എത്തിയ ഇയാള്‍ മാലിന്യം വലിച്ചെറിഞ്ഞതിന് 150 പൗണ്ട് പിഴയാണ് അമ്മയ്ക്ക് മേല്‍ ചുമത്തിയതെന്ന് മകള്‍ ടോറി ബ്രാഡ്‌ലി പറഞ്ഞു. 

ഭക്ഷണം പൊതിഞ്ഞ റാപ്പറാണ് താഴെയിട്ടതെങ്കില്‍ അതിനൊരു ന്യായം ഉണ്ടായിരുന്നുവെന്ന് ബ്രാഡ്‌ലി ചൂണ്ടിക്കാണിക്കുന്നു. പക്ഷെ ഇത് ശുദ്ധ അസംബന്ധമാണ്. ഞങ്ങള്‍ ഏറെ ഞെട്ടലിലാണ്. കെയററായി ജോലി ചെയ്യുന്ന അമ്മയ്ക്ക് ഒരാഴ്ച ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതലാണ് ഈ പിഴ. വീട്ടിലെത്തിയപ്പോള്‍ മൂന്ന് വയസ്സുള്ള തന്റെ കുട്ടി പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്ന പാത്രം മാറ്റാനും ആവശ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. പക്ഷിക്ക് ഭക്ഷണം കൊടുത്ത് മുത്തശ്ശിക്ക് പണികിട്ടിയതാണ് കുട്ടിയെ ഭയപ്പെടുത്തിയത്. 

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് 150 പൗണ്ട് ഫൈന്‍ നല്‍കേണ്ടി വരുമെന്ന് ബാത്ത് & നോര്‍ത്ത് ഈസ്റ്റ് സോമര്‍സെറ്റ് കൗണ്‍സില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ കൗണ്‍സിലും, അവരുടെ കോണ്‍ട്രാക്ടര്‍മാരും കോമണ്‍സെന്‍സ് കാണിക്കണമെന്ന് കൗണ്‍സിലര്‍ ഡേവിഡ് വുഡ് പ്രതികരിച്ചു. സംഭവത്തില്‍ പുനഃപ്പരിശോധന നടത്താന്‍ വുഡ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുന്നത് കുഴപ്പമുണ്ടാക്കുന്നതിനാല്‍ ഒഴിവാക്കണമെന്നും കൗണ്‍സിലര്‍ ആവശ്യപ്പെട്ടു. 




കൂടുതല്‍വാര്‍ത്തകള്‍.