മുംബൈ സ്വദേശിനിയുടെ പീഡന പരാതിയില്‍ ഒളിവില്‍ പോയ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസ് പരിശോധന തുടരുന്നു. ബിനോയ് കേരളം വിട്ടെന്നുള്ള സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ സെഷന്‍സ് കോടതി നാളെയാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. ബിനോയിയെ കസ്റ്റഡിയിലെടുക്കുന്നതിന് കോടതിയുടെ തീരുമാനം വരുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊലീസ്. ഒളിവിലുള്ള പ്രതി രാജ്യം വിട്ട് പോകാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ നിരീക്ഷണം തുടരുകയാണ്.
ഇപ്പോള്‍ കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ഇന്നും വിവരശേഖരണത്തിനായി പരിശോധന നടത്തും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല.
ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ബിനോയിക്കെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാഹിതനാണെന്ന വിവരം മറച്ച് വച്ചാണ് ബിനോയ് തനിക്ക് വിവാഹ വാഗ്ദാനം നല്‍കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും ഈ ബന്ധത്തില്‍ എട്ട് വയസ്സുള്ള ഒരു മകന്‍ തനിക്കുണ്ടെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.