CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 6 Seconds Ago
Breaking Now

മാതൃ ഭക്തരാല്‍ നിറഞ്ഞു കവിഞ്ഞു വാല്‍സിംഗ്ഹാം; മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ തീര്‍ത്ഥാടനം മരിയന്‍ പ്രഘോഷണമായി

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധഭാഗങ്ങളില്‍നിന്നായി വന്‍ വിശ്വാസസമൂഹമാണ് ഇത്തവണത്തെ വാല്‍സിംഗ്ഹാം തിരുനാളിനെത്തിച്ചേര്‍ന്നത്.

വാല്‍ത്സിങ്ങാം: നിറഞ്ഞു കവിഞ്ഞ മാതൃ ഭക്തരാലും, അവിരാമം ആലപിച്ച മാതൃ ഭക്തി സ്‌തോത്രങ്ങളാലും ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് വാല്‍ത്സിങ്ങാം മരിയന്‍ തീര്‍ത്ഥാടനം അവിസ്മരണീയ മരിയപ്രഘോഷണോത്സവമായി. അഖണ്ട ജപമാല സമര്‍പ്പണവും, ഭംഗിയായും ചിട്ടയായും അണിനിരന്ന തീര്‍ത്ഥാടകരും  ആരാധനാസ്തുതിഗീതങ്ങളും , മരിയഭക്തി സ്പുരിക്കുന്ന പ്രഘോഷണങ്ങളും, ആത്മീയ അനുഭവത്തിന്റെ  നവ്യാനുഭവം പകര്‍ന്ന തീര്‍ത്ഥാടന തിരുന്നാള്‍ ദിവ്യബലിയിയും, മാതൃസ്‌നേഹം വിളിച്ചോതിയ തിരുന്നാള്‍ സന്ദേശവും തീര്‍ത്ഥാടകര്‍ക്ക് മറക്കാനാവാത്ത ദൈവാനുഭവം സമ്മാനിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വിവിധഭാഗങ്ങളില്‍നിന്നായി വന്‍ വിശ്വാസസമൂഹമാണ് ഇത്തവണത്തെ വാല്‍സിംഗ്ഹാം തിരുനാളിനെത്തിച്ചേര്‍ന്നത്.

പ്രവാസ ജീവിത യാത്രയില്‍ സ്‌നേഹമയിയും സംരക്ഷകയുമായ ദൈവമാതാവിനെ ഹൃദയത്തില്‍ ആഴമായി ചേര്‍ത്തു നിറുത്തുവാനുള്ള അതിയായ ആഗ്രഹം വിളിച്ചോതിയ തീര്‍ത്ഥാടനത്തിനു റെവ. ഫാ. ജോസ് അന്ത്യാകുളം, റെവ. ഫാ. ടോമി എടാട്ട്, ജോസഫ് എന്നിവര്‍ നടത്തിയ ആരാധനാപ്രാര്‍ത്ഥനാ ശുശ്രുഷയോടെ ഭക്തി നിര്‍ഭരമായ തുടക്കമായി. 

തുടര്‍ന്ന് റെവ. ഫാ.തോമസ് അറത്തില്‍ MST നടത്തിയ മാതൃ വിശ്വാസപ്രഘോഷണം വാല്‍സിംഗാമില്‍ തടിച്ചുകൂടിയ മാതൃഭക്തരിലേക്കു പരി. അമ്മയുടെ സാന്നിധ്യം കൊണ്ടുവന്നു. കുടുംബ ജീവിതത്തിന്റെ ഏറ്റവും വിഷമഘട്ടങ്ങളിലൂടെയെല്ലാം കടന്നുപോയ പരിശുദ്ധ അമ്മയെപ്പോലെ മറ്റൊരു കുടുംബ നാഥയും ഈ ലോകത്തിലുണ്ടായിട്ടില്ലന്ന് തോമസ് അച്ചന്‍ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. കൊടിയ അപമാനത്തിന്റെ ഘട്ടത്തില്‍ തുടങ്ങി, ദാരിദ്രം, ഒളിച്ചോട്ടം, മകനെ നഷ്ടപ്പെട്ട അനുഭവം, അവസാനം കണ്‍മുമ്പില്‍ ക്രൂരമായി പീഡകളേറ്റു  മരക്കുരിശില്‍ തൂക്കി കൊല്ലപ്പെടുന്ന മകന്‍, സ്വന്തം മടിയില്‍ മകന്റെ മൃതശരീരവുമായി ഇരിക്കേണ്ട അവസ്ഥ അങ്ങിനെ ഏറെ ത്യഗങ്ങളും സഹനങ്ങളും സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തയ്യാറായ കുടുംബ നാഥയാണ് പരിശുദ്ധ അമ്മ. വേദനകളെയും വിഷമതകളെയും അടുത്തറിയുന്ന കരുണാമയിയായ അമ്മക്ക് മാത്രമേ നമ്മുടെ ഓരോ ചെറിയ വേദനയിലും, വിഷമത്തിലും സാന്ത്വനവും, മദ്ധ്യസ്ഥയുമാവാന്‍ കഴിയൂവെന്നും തോമസ് അച്ചന്‍ തന്റെ മരിയന്‍ സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു. കുട്ടികളുടെ അടിമസമര്‍പ്പണപ്രാര്‍ത്ഥനയ്ക്കുശേഷം ഉച്ച ഭക്ഷണത്തിനു പിരിഞ്ഞ തീര്‍ത്ഥാടകര്‍ക്കായി സ്വാദിഷ്ടമായ ചൂടന്‍ നാടന്‍ ഭക്ഷണ സ്റ്റാളുകള്‍ നിന്നുള്ള ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കിയിരുന്നു. 

വാല്‍ഷിങ്ങാമിനെ മാതൃ സ്‌തോത്ര മുഖരിതവും മരിയന്‍ പ്രഘോഷണവുമാക്കിയ തീര്‍ത്ഥാടന പ്രദക്ഷിണം തീര്‍ത്ഥാടനത്തില്‍ മാതൃ ശോഭ പകര്‍ന്നു. ആവേ മരിയാ സ്തുതിപ്പുകളും, പരിശുദ്ധ ജപമാലയും, മരിയന്‍ സ്തുതിഗീതങ്ങളുമായി മാതാവിന്റെ രൂപവും വഹിച്ചു നീങ്ങിയ തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പിന്നിലായി ആതിതേയരായ കോള്‍ചെസ്റ്റര്‍   സീറോ മലബാര്‍ കമ്മ്യുണിറ്റി അണി നിരന്നു. സ്വര്‍ണ്ണ കുരിശുകളും, മുത്തുക്കുടകളും, പേപ്പല്‍ പതാകകളും  കൊണ്ട് വര്‍ണ്ണാഭമായ തീര്‍ത്ഥാടന യാത്രയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍  മാതൃ ഭക്തരുടെ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ കൂട്ടി ചേര്‍ത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി. തീര്‍ത്ഥാടനത്തിന്റെ ഒരറ്റം സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോഴും സ്ലിപ്പര്‍ ചാപ്പലില്‍ പരശതം വിശ്വാസികള്‍ ആരംഭസ്ഥലത്തുനിന്ന് നടന്നു തുടങ്ങിയിട്ടില്ലായിരുന്നു. ഉള്ളില്‍ മാതൃസ്‌നേഹവും   ചുണ്ടില്‍ മാതൃസ്തുതികളുമായി ആയിരക്കണക്കിന് മലയാളി മാതൃഭക്തരാണ് ഇത്തവണ വാത്സിങ്ങാമിനെ ആവേ മരിയാ സ്‌തോത്രങ്ങളിലൂടെ മുഖരിതമാക്കിയത്.

ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാനയില്‍ സ്ലിപ്പര്‍ ചാപ്പല്‍ റെക്ടര്‍ ഏവരെയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ആഘോഷമായ തീര്‍ത്ഥാടന തിരുന്നാള്‍ സമൂഹ ബലിയില്‍ വികാരി ജനറാളുമാരായ മോണ്‍. ആന്റണി ചുണ്ടലിക്കാട്ട്, മോണ്‍. സജിമോന്‍  മലയില്‍പുത്തന്‍പ്പുരയില്‍, മോണ്‍. ജോര്‍ജ്ജ് ചേലക്കല്‍, മോണ്‍. ജിനോ അരീക്കാട്ട്, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലും യു  കെ യുടെ വിവിധ ഭാഗങ്ങളിലും ശുശ്രുഷ ചെയ്യുന്ന നിരവധി വൈദികര്‍ തുടങ്ങിയവര്‍  സഹകാര്‍മികരായി. തീര്‍ത്ഥാടനത്തില്‍ മുഖ്യ സംഘടകനായും ആഘോഷമായ തിരുന്നാള്‍ സമൂഹബലിയില്‍ മുഖ്യ കാര്‍മ്മികനായും നേതൃത്വം നല്‍കിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്  നല്‍കിയ തിരുന്നാള്‍ സന്ദേശവും അനുബന്ധ ശുശ്രുഷകളും തീര്‍ത്ഥാടകര്‍ക്ക് ആത്മീയ വിരുന്നായി.

റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഒരുക്കിയ ഗായകസംഘത്തിന്റെ ഗാനാലാപം വിശ്വാസികള്‍ക്ക് ദിവ്യബലിയിലും മറ്റു പ്രാര്‍ത്ഥനാശുശ്രുഷകളിലും സ്വര്‍ഗീയാനുഭവം സമ്മാനിച്ചു. ഇത്തവണത്തെ ഗാനശുശ്രുഷയില്‍ കുട്ടികളുടെ ഗായകസംഘവും ഗാനങ്ങളാലപിച്ചു. തീര്‍ത്ഥാടനം വന്‍വിജയമാക്കാന്‍ മാസങ്ങളായി അത്യദ്ധ്വാനം ചെയ്ത ആതിധേയരായ കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിക്കും ഡയറക്ടര്‍ റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനും അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്ന ഹോവര്‍ഹില്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയിലെ പ്രീസ്‌റ് ഇന്‍ ചാര്‍ജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, കമ്മ്യൂണിറ്റിയിലെ കുടുംബാങ്ങങ്ങള്‍ എന്നിവര്‍ക്ക്  കത്തിച്ച തിരികള്‍ നല്‍കി തിരുനാള്‍ ഏല്‍പ്പിക്കുകയും ആശീര്‍വാദം നല്‍കുകയും ചെയ്തതോടുകൂടി ഈ വര്‍ഷത്തെ തിരുനാളിനു സമാപനമായി. അടുത്ത വര്‍ഷത്തെ തിരുനാള്‍ 2020 ജൂലൈ 18 ശനിയാഴ്ച നടക്കും. 

'ജീവിത തീര്‍ത്ഥാടന പാതയില്‍ പരമ വിജയത്തിന് മാതൃ മാദ്ധ്യസ്ഥ്യം  അനിവാര്യം' മാര്‍ സ്രാമ്പിക്കല്‍.

ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ ആത്മീയആഘോഷമായ വാല്‍സിങ്ങം തീര്‍ത്ഥാടനത്തിന്റെ മൂന്നാം വര്‍ഷത്തെ മരിയോത്സവത്തില്‍  ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതം നയിക്കുന്നവര്‍ക്ക് സഹായകരമായ  ഉപദേശങ്ങളും തിരുന്നാള്‍ സന്ദേശത്തിലൂടെ മാര്‍ ജോസഫ്  സ്രാമ്പിക്കല്‍ പങ്കുവച്ചു. കുടുംബ ജീവിതക്കാരുടെ തുണയും, മാതൃകയും, അനുഗ്രഹവും,ശക്തിയുമായ പരി. അമ്മയെ നമ്മുടെ ഭവനങ്ങളില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത പിതാവ് പ്രത്യേകം  ഓര്‍മ്മിപ്പിച്ചു. ജീവിതമെന്ന തീര്‍ത്ഥാടനത്തില്‍ സഹനങ്ങളും,ത്യാഗവും,സമര്‍പ്പണവും അനിവാര്യമാണെന്നും സ്വര്‍ഗ്ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളുവാനും, നേരിടുവാനും തയ്യാറായാലേ പരമ വിജയം നേടുവാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

 

 എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്‌നേഹത്തിന്റെയും  ഏറ്റവും വലിയ മധ്യസ്ഥശക്തിയായ പരി. മാതാവിനോടുള്ള  പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങി നിറഞ്ഞിരിക്കുന്ന പ്രവാസി മാതൃ ഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപ്യമാകട്ടെയെന്നും പിതാവ് ആശംശിച്ചു. രൂപതയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയും, വിജയങ്ങളും പരിശുദ്ധ അമ്മയുടെ അനുഗ്രഹമാണെന്നും, ഈ വര്‍ഷത്തെ മൂന്നാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ മാതാവിന് സമര്‍പ്പിക്കുകയാണെന്നും പിതാവ് പറഞ്ഞു. 

 

കോള്‍ചെസ്റ്റര്‍: ചെറിയ സമൂഹത്തിന്റെ മികച്ച സംഘാടകത്വം വിളിച്ചോതിയ മഹാതീര്‍ത്ഥാടനം. 

 

 ഏറ്റവും മികച്ച സംഘാടകത്വം കൊണ്ടു തീര്‍ത്ഥാടനത്തെ അവിസ്മരണീയവും,അനുഗ്രഹ പൂരിതവുമാക്കാന്‍  കഴിഞ്ഞ ഒരു വര്‍ഷമായി  അക്ഷീണ പരിശ്രമവും പ്രാര്‍ത്ഥനയും നടത്തിയ  കോള്‍ചെസ്റ്റര്‍ എന്ന ചെറിയ സമൂഹം തീര്ത്ഥാടന വേദിയില്‍ ഏറെ പ്രശംശിക്കപ്പെട്ടു. കോള്‍ചെസ്റ്റര്‍ കൂട്ടായ്മ്മ തങ്ങളുടെ ഒത്തൊരുമയും, കര്‍മ്മ ശക്തിയും വിളിച്ചോതിയ തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ക്കും, ഭക്ഷണത്തിനും വേണ്ട  ഒരുക്കങ്ങള്‍ ഭംഗിയായി നടതിയതും , പാര്‍ക്കിങ്ങ്, ട്രാഫിക് എന്നിവയില്‍ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.എത്തിച്ചേര്‍ന്ന ആയിരക്കണക്കിന്  തീര്‍ത്ഥാടകരെ അടുക്കും ചിട്ടയുമായി സമയാനുസൃതമായി  അണി നിരത്തി നടത്തിയ തീര്‍ത്ഥാടനം കൂടുതല്‍ ആകര്‍ഷകമായി. റെവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ കോള്‍ചെസ്റ്റര്‍ കുടുംബാംഗങ്ങളും എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട മൂന്നാം വര്‍ഷത്തെ തിരുനാളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും പുത്തനുണര്‍വും മാതൃസ്‌നേഹത്തിന്റെ സ്വര്‍ഗീയാനുഭവവും തിരുനാള്‍ സമ്മാനിച്ചു.

Fr. Biju Joseph




കൂടുതല്‍വാര്‍ത്തകള്‍.