മൂന്ന് പേരെ കൊലപ്പെടുത്തി മുങ്ങിയ രണ്ട് സീരിയല്‍ കില്ലര്‍മാരെ തിരഞ്ഞ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത് അവരുടെ മൃതദേഹങ്ങള്‍. ഒരു അമേരിക്കന്‍ ബാക്ക്പാക്കര്‍, അവരുടെ ഓസ്ട്രേലിയന്‍ കാമുകന്, വാന്‍കോവറിലെ ബൊട്ടാണിസ്റ്റ് എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഒളിവിലായിരുന്ന പ്രതികളുടെ മൃതദേഹമാണ് പോലീസിന് ലഭിച്ചത്. 18-കാരന് ബ്രയര്‍ ഷ്മെഗെല്‍സ്കി, 19-കാരന് കാം മക്ലിയോഡ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കനേഡിയന്‍ പോലീസ് സ്ഥിരീകരിച്ചു.
മാനിടോബ ഗില്ലാമിലെ നെല്‍സണ്‍ നദിയില്‍ ചെടികള്‍ തിങ്ങിനിറഞ്ഞ പ്രദേശത്താണ് ശരീരങ്ങള്‍ കിടന്നിരുന്നത്. സീരിയല്‍ കില്ലര്‍മാരുടെ മൃതദേഹങ്ങള്‍ തന്നെയാണ് ഇതെന്നാണ് പോലീസ് കരുതുന്നത്. ഇവരാണെന്ന് സ്ഥിരീകരിക്കാനായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. ഇരുവരുടെയും മരണം എങ്ങിനെ സംഭവിച്ചെന്ന് ഉറപ്പിക്കാനും സാധിക്കും. 15 ദിവസമായി നടത്തിവന്ന തെരച്ചിലാണ് ഇതോടെ അവസാനിച്ചത്.
കനേഡിയന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നും ആരംഭിച്ച് 5000 കിലോമീറ്റര്‍ പിന്നിട്ട തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ചെനൈ ഡീസ്, കാമുകന് ലൂകാസ് ഫൗളര്‍, പ്രൊഫസര്‍ ലിയോനാര്‍ഡ് ഡൈക് എന്നിവരാണ് ഇവരുടെ അക്രമങ്ങള്‍ ഇരയായി കൊല്ലപ്പെട്ടത്. കമിതാക്കളുടെ നിരവധി വസ്തുക്കള്‍ കിടന്നിരുന്ന പ്രദേശത്ത് നിന്നും ഒരു കീലോമീറ്റര്‍ അകലെ നിന്നാണ് പ്രതികളുടെ മൃതദേഹങ്ങള്‍ കിട്ടിയത്. ഇതെങ്ങിനെ ഇവിടെ എത്തിയെന്ന അന്വേഷണത്തിലാണ് പോലീസ്.
പോലീസ് അന്വേഷണം വഴിമുട്ടിക്കാന്‍ പ്രതികളുടെ വാഹനവും ഈ പരിസരത്ത് കത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു. ബ്രയര്‍, കാം എന്നിവരാണ് സീരിയല്‍ കില്ലര്‍മാര്‍ എന്ന് സ്ഥിരീകരിച്ച ശേഷമാകും കേസ് അവസാനിപ്പിക്കുകയെന്ന് പോലീസ് വ്യക്തമാക്കി.