Breaking Now

ബ്രിട്ടീഷ് ജിഡിപി ഇടിഞ്ഞു ; കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇതാദ്യം ; ബ്രക്‌സിറ്റ് നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ബിസിനസ് രംഗം തളര്‍ച്ചയിലായത് പ്രതിസന്ധിയാകുന്നു

വാഹന നിര്‍മ്മാണ പ്‌ളാന്റുകളില്‍ മിക്കതും അടച്ചിട്ടിരിക്കുന്നു.

കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ആദ്യമായി ബ്രിട്ടന്റെ മൊത്ത ആഭ്യന്തര ഉത്പാദന (ജി.ഡി.പി) വളര്‍ച്ച നെഗറ്റീവ് നിരക്കിലേക്ക് കൂപ്പുകുത്തി. നെഗറ്റീവ് 0.2 ശതമാനമാണ് ഇക്കഴിഞ്ഞ ഏപ്രില്‍ജൂണില്‍ രേഖപ്പെടുത്തിയത്. യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്റെ പിന്മാറ്റ നടപടികളുടെ (ബ്രെക്‌സിറ്റ്) പശ്ചാത്തലത്തില്‍ ബിസിനസ് രംഗം നേരിടുന്ന തളര്‍ച്ചയാണ് ബ്രിട്ടീഷ് ജി.ഡി.പിയുടെ അപ്രതീക്ഷിത വീഴ്ചയ്ക്ക് കാരണം.

വാഹന നിര്‍മ്മാണ പ്‌ളാന്റുകളില്‍ മിക്കതും അടച്ചിട്ടിരിക്കുന്നു. ജി.ഡി.പിയില്‍ മുഖ്യപങ്കു വഹിക്കുന്ന ഉത്പാദന മേഖലയുടെ വളര്‍ച്ച നെഗറ്റീവ് 1.4 ശതമാനത്തിലേക്ക് ഇടിഞ്ഞത് വലിയ തിരിച്ചടിയായി. ഓഹരി വിപണിയും ഏറെ നാളായി തളര്‍ച്ചയിലാണ്. ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് സ്‌റ്റെര്‍ലിംഗിന്റെ മൂല്യം 1.20 ഡോളറാണ്. കഴിഞ്ഞ 31 മാസത്തെ താഴ്ചയാണിത്. കഴിഞ്ഞമാസം ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശേഷം മാത്രം പൗണ്ടിന്റെ മൂല്യം മൂന്നു ശതമാനം ഇടിഞ്ഞിട്ടുണ്ട്.സ്ഥിതിഗതികള്‍ അനുകൂലമല്ലെന്ന് വിലയിരുത്തി കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്‌ളണ്ട് ബ്രിട്ടന്റെ വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറച്ചിട്ടുമുണ്ട്. 2019 ജനുവരിമാര്‍ച്ച് പാദത്തിലെ പോസിറ്റീവ് 0.5 ശതമാനത്തില്‍ നിന്നാണ് ഏപ്രില്‍ജൂണില്‍ ബ്രിട്ടീഷ് വളര്‍ച്ച നെഗറ്റീവ് 0.2 ശതമാനത്തിലേക്ക് കൂപ്പുകുത്തിയത്. 2019ല്‍ ബ്രിട്ടന്റെ വളര്‍ച്ച 1.3 ശതമാനമായിരിക്കും എന്നാണ് ബാങ്ക് ഒഫ് ഇംഗ്‌ളണ്ടിന്റെ വിലയിരുത്തല്‍. 1.5 ശതമാനം വളരുമെന്നായിരുന്നു നേരത്തേ വിലയിരുത്തിയിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.