കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയ്ക്ക് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ സൈനിക നീക്കവുമായി പാക്കിസ്ഥാന്. ലഡാഖിനോടു ചേര്‍ന്നുള്ള പാക് മേഖലകളില്‍ സൈനിക നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാക് വ്യോമസേനയുടെ സി 130 വിമാനങ്ങള്‍ ഉപയോഗിച്ച് ലഡാഖിനോട് ചേര്‍ന്നു കിടക്കുന്ന സ്കാര്‍ദു എയര്‍ബേയ്സിലേയ്ക്ക് യുദ്ധോപകരണങ്ങള്‍ എത്തിക്കുന്നതായാണ് വിവരം. പാക്കിസ്ഥാന്റെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
പാക് വ്യോമസേനയുടെ ജെഎഫ് 17 വിമാനങ്ങള്‍ ഉപയോഗിച്ചുള്ള നീക്കത്തിനാണെന്നാണ് സൂചന നിലവില്‍ സ്കാര്‍ദു എയര്‍ബേയ്സില്‍ എത്തിച്ചിരിക്കുന്ന ഉപകരണങ്ങള്‍ വ്യോമസേനാ നടപടിയ്ക്ക് സഹായിക്കാനുള്ള ഉപകരണങ്ങളാണ് ചരക്കു വിമാനങ്ങളുടെ സഹായത്തോടെ എത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന. വ്യോമസേനയുടെയും കരസേനയുടെയും സഹായത്തോടെ ഇന്റലിജന്‍സ് വിഭാഗം പാക് നീക്കം രഹസ്യമായി നിരീക്ഷിച്ചു വരികയാണ്. നിലവില്‍ പാക്കിസ്ഥാന്റെ മുഴുവന്‍ ഭൂപ്രദേശവും നിരീക്ഷിക്കാനുള്ള സംവിധാനം ഇന്ത്യന്‍ സൈന്യത്തിനുണ്ട്.
യുഎസ് നിര്‍മിതമായ സി 130 ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങളുടെ പഴയ തലമുറ മോഡലാണ് പാക്കിസ്ഥാന് വ്യോമസേന ഉപയോഗിക്കുന്നത്. സ്കാര്‍ദു വ്യോമത്താവളം കേന്ദ്രീകരിച്ച് വ്യോമാഭ്യാസം നടത്താനാണ് പാക്കിസ്ഥാന് പദ്ധതിയിടുന്നതെന്നും നിലവിലെ സൈനിക നീക്കം അതിന്റെ ഭാഗമാണെന്നുമാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്കര്‍ദു എയര്‍ബേയ്സ് പുതുതായി രൂപീകരിച്ച ലഡാഖ് കേന്ദ്രഭരണ പ്രദേശത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.