CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 26 Minutes 32 Seconds Ago
Breaking Now

വിശ്വാസം അതല്ലേ എല്ലാം! ഫേസ്ബുക്കില്‍ ഗര്‍ഭം ധരിച്ചു, പ്രസവിച്ചു, കുഞ്ഞ് മരിച്ചു; ദുഃഖിതരായ ദമ്പതികളെ ആശ്വസിപ്പിക്കാന്‍ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും 600 ഡോളറിന്റെ സമ്മാനങ്ങളും, സംഭാവനയും നല്‍കി; പ്രിയപ്പെട്ടവരെ ചതിച്ചത് പാവക്കുട്ടിയുടെ ചിത്രം പങ്കുവെച്ച്; തട്ടിപ്പ് ദമ്പതികള്‍ക്കെതിരെ കേസ്

ഫ്യൂണറല്‍ ഹോമില്‍ വിളിച്ചപ്പോള്‍ ഇങ്ങനൊരു കുഞ്ഞിന്റെ സംസ്‌കാരം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസിന് മുന്നില്‍ വിവരമെത്തി

കണ്ണ് കൊണ്ട് കാണുന്നത് മാത്രമേ വിശ്വസിക്കാവൂ എന്നാണ് പൊതുവെ പഴമക്കാര്‍ പറയാറുള്ളത്. എന്നാല്‍ സോഷ്യല്‍ മീഡിയ പോലുള്ള വഴികളിലൂടെ കബളിപ്പിക്കലും വ്യാപകമായതിനാല്‍ കണ്ണ് കൊണ്ട് കണ്ടാലും വിശ്വസിക്കാന്‍ പാടില്ലെന്നതാണ് അവസ്ഥ. ഈ ദമ്പതികളുടെ കഥ ഇത് തീര്‍ച്ചപ്പെടുത്തുന്നതുമാണ്. തങ്ങള്‍ക്കൊരു കുഞ്ഞ് പിറന്നതായി ബന്ധുക്കളെയും, സുഹൃത്തുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഈ ദമ്പതികള്‍ തന്ത്രം പയറ്റിയത്. ഈ കുഞ്ഞ് മരിച്ചെന്ന് കൂടി അറിയിച്ച് പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പൊതിഞ്ഞ പണവും, സമ്മാനങ്ങളും സംഭാവനയായി യാതൊരു മടിയും കൂടാതെ സ്വീകരിക്കുകയും ചെയ്തു. 

പെന്‍സില്‍വാനിയ ദമ്പതികളാണ് കുഞ്ഞ് ജനിച്ചെന്നും മരിച്ചെന്നും ബോധിപ്പിച്ച് കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ദയാവായ്പ് സ്വീകരിച്ചത്. 600 ഡോളറിലേറെ വിലയുള്ള സംഭാവനകളാണ് ഇതുവഴി കെയ്‌സിയും, ജോഫ്രി ലാംഗും സംഘടിപ്പിച്ചത്. എന്നാല്‍ തട്ടിപ്പ് വിവരങ്ങള്‍ പുറത്തറിഞ്ഞതോടെ ഇരുവര്‍ക്കും എതിരെ പോലീസ് മോഷണക്കുറ്റം ചുമത്തി. കൂടാതെ മോഷ്ടിച്ച ഉത്പന്നങ്ങള്‍ വരെ സ്വീകരിച്ചെന്നാണ് വിവരം. 

ഫേസ്ബുക്കിലാണ് 23-കാരി കെയ്‌സി ഗര്‍ഭധാരണ പ്രഖ്യാപിച്ചത്. പിന്നീട് വയര്‍ വലുതാകുന്നതും, മറ്റുമായ ഗര്‍ഭകാലത്തെ രീതികളും വ്യാജമായി ചിത്രീകരിച്ച് പങ്കുവെച്ചു. കെയ്‌സിയും 27-കാരനായ ഭര്‍ത്താവും പറ്റിക്കുകയാണെന്ന് മനസ്സിലാക്കാതെ സുഹൃത്തുക്കള്‍ മെയ് മാസത്തില്‍ ബേബി ഷവര്‍ പരിപാടിയും സംഘടിപ്പിച്ച് സമ്മാനങ്ങള്‍ നല്‍കി. ഗര്‍ഭകാലത്തെ അവസാനത്തെ രണ്ട് മാസം ബെഡ് റെസ്റ്റ് വേണമെന്ന് അവകാശപ്പെട്ട ഇവര്‍ ജൂലൈ 3-ന് ആണ്‍കുഞ്ഞ് പിറന്നതായി എഫ്ബിയില്‍ പ്രഖ്യാപിച്ചു. 

എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചെന്നും ഓണ്‍ലൈന്‍ പ്രഖ്യാപനം എത്തി. ഇതോടെ കുഞ്ഞിന് വേണ്ടി ഗോഫണ്ട് പേജും, മെമ്മോറിയല്‍ സര്‍വ്വീസും സംഘടിപ്പിക്കപ്പെട്ടു. എന്നാല്‍ ശ്വാസകോശത്തില്‍ വെള്ളക്കെട്ട് ഉണ്ടായതോടെയാണ് കുഞ്ഞ് മരിച്ചതെന്നും, ശരിയാകുമെന്ന് പറഞ്ഞാണ് ഡോക്ടര്‍മാര്‍ കുഞ്ഞിനെ നല്‍കിയതെന്നും പറഞ്ഞ കഥയില്‍ ഒരു സുഹൃത്തിന് തോന്നിയ സംശയമാണ് കഥ പൊളിച്ചത്. ഫ്യൂണറല്‍ ഹോമില്‍ വിളിച്ചപ്പോള്‍ ഇങ്ങനൊരു കുഞ്ഞിന്റെ സംസ്‌കാരം നടന്നിട്ടില്ലെന്ന് വ്യക്തമായതോടെ പോലീസിന് മുന്നില്‍ വിവരമെത്തി. അന്വേഷണത്തില്‍ വീട്ടിലെ പാവക്കുട്ടിയെയാണ് യഥാര്‍ത്ഥ കുഞ്ഞായി ഇവര്‍ അവതരിപ്പിച്ചതെന്നും കണ്ടെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.