പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്. ഇതൊരു പരസ്യവാചകമാണ്. എന്നാല്‍ ആത്മഹത്യ ചെയ്യാന്‍ ഇറങ്ങുന്നവര്‍ക്ക് ഇത് തിരുത്തി പറയേണ്ടി വരും 'ചാകാന്‍ എനിക്കും ചില കാരണങ്ങളുണ്ട്'. വീട്ടില്‍ അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകള്‍ക്കിടെ വളര്‍ന്ന് ഒടുവില്‍ പ്രണയം തകര്‍ന്നപ്പോള്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയും, ചാകാന്‍ നന്നായി ഗവേഷണം ചെയ്യണമെന്ന് ആശുപത്രി കിടക്കയില്‍ വന്ന് ഉപദേശിച്ച അച്ഛനെയും മറന്ന് തന്റെ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച മുംബൈ സ്വദേശിനിയുടെ കഥയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ ഫേവറ്റിറ്റ്.
ഹ്യൂമന്‍സ് ഓഫ് മുംബൈയാണ് ആളുകളുടെ ഹൃദയം കീഴടക്കുന്ന ഈ യുവതിയുടെ കുറിപ്പ് പങ്കുവെച്ചത്. മുംബൈയില്‍ ജനിച്ച ഇവരുടെ വീട്ടില്‍ വഴക്ക് പതിവായിരുന്നു. പിതാവ് പലപ്പോഴും വീട്ടുകാര്യങ്ങള്‍ നോക്കിയിരുന്നില്ല. പരസ്ത്രീ ബന്ധത്തിന്റെ പേരിലുള്ള വഴക്കിനൊടുവില്‍ അമ്മയെ കൈയേറ്റം ചെയ്യുന്നത് വരെ ആ കുട്ടിക്കാലത്തെ കാഴ്ചകളായി.
മകളെയും എടുത്ത് ബീച്ചില്‍ മുങ്ങിച്ചാകാന്‍ ഇറങ്ങിത്തിരിച്ച അമ്മയ്ക്ക് പക്ഷെ മനസ്സ് വന്നില്ല. സ്വന്തം കാലില്‍ നിലയുറപ്പിക്കാന്‍ തീരുമാനിച്ച് വഴക്കുണ്ടാക്കാന്‍ വരുന്ന പിതാവിന് എതിരെ പോലീസ് കേസ് കൊടുത്ത് പോരാട്ടം തുടര്‍ന്നു. കോളേജില്‍ അവള് ഒരു പ്രണയത്തില്‍ വീണു. അത്രയേറെ ആശ്വാസമായി അയാള്‍ നില്ക്കുമ്പോള് പൊടുന്നനെ ഉപേക്ഷിച്ച് പോകുകയും ചെയ്തു. വീട്ടിലെത്തി പിതാവുമായി വഴക്ക് കൂടി ഉണ്ടായതോടെ തെരുവിലിറങ്ങി ഒരു കുപ്പി ഫിനോയില്‍ എടുത്ത് കുടിച്ചു.
ആശുപത്രി കിടക്കയില്‍ ഉറക്കം ഉണര്‍ന്ന മകള്‍ക്ക് അരികിലെത്തിയ പിതാവ് ചാകാന്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ഉപദേശിച്ച് മടങ്ങി. സുഹൃത്തുക്കള്‍ എല്ലാം ഉപേക്ഷിച്ച് പോയെങ്കിലും പരാജയപ്പെട്ട ആത്മഹത്യാ ശ്രമം ജീവിതത്തിന് പുതിയ പാഠമായി മാറിയെന്ന് യുവതി കൂട്ടിച്ചേര്‍ക്കുന്നു. ഇപ്പോള്‍ ഓള് ഇന്ത്യാ റേഡിയോയില്‍ ജോലി ചെയ്യുന്ന തന്റെ ജീവിതം മനസ്സിനോട് കൂടിയുള്ള പോരാട്ടമാണെന്ന് ഇവര്‍ പറഞ്ഞവസാനിപ്പിക്കുന്നു. ജീവിതം മതിയാക്കാന്‍ തോന്നുന്ന നിരവധി പേര്‍ക്ക് ഈ യുവതിയുടെ കഥ പ്രചോദനം ആകുകയാണ്.