CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes 30 Seconds Ago
Breaking Now

ആധുനിക സാങ്കേതിക വിദ്യയുള്ള കാര്‍ വാങ്ങിയാല്‍ സുരക്ഷിതമെന്ന് കരുതിയോ? കള്ളന്‍മാര്‍ 90,000 പൗണ്ടിന്റെ ടെസ്ല മോഷ്ടിച്ചത് 30 സെക്കന്‍ഡിനുള്ളില്‍; ബ്രിട്ടനില്‍ വാഹന ഉടമകള്‍ക്ക് ചങ്കിടിപ്പ്

ഇംഗ്ലണ്ടിലും, വെയില്‍സിലും കഴിഞ്ഞ വര്‍ഷം പോയത് 89000 വാഹനങ്ങളാണ്

സാങ്കേതിക വിദ്യ ഉയര്‍ന്ന തോതില്‍ ഉപയോഗിച്ച വാഹനങ്ങള്‍ സുരക്ഷിതമാണെന്ന ധാരണ അടുത്ത കാലത്തായി പാടെ മാറിവരികയാണ്. കീലെസ് എന്‍ട്രി നല്‍കുന്ന കാറുകള്‍ അതിവേഗത്തില്‍ കള്ളന്‍മാര്‍ കൈക്കലാക്കുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോള്‍ 90,000 പൗണ്ടിന്റെ ടെസ്ല വെറും 30 സെക്കന്‍ഡില്‍ താഴെ സമയം കൊണ്ട് മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്ന ദൃശ്യങ്ങളാണ് വാഹന ഉടമകളുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നത്. 

ലണ്ടനിലെ ഒരു വീട്ടില്‍ ആഗസ്റ്റ് 21ന് പുലര്‍ച്ചെ നടന്ന ദ്രുതഗതിയിലുള്ള മോഷണ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാര്‍ഡന്‍ ഗേറ്റ് വഴി മോഷ്ടാക്കളില്‍ ഒരാള്‍ അകത്ത് കടക്കുന്നതോടെയാണ് ദൃശ്യങ്ങളുടെ തുടക്കം. തലമൂടിയ മോഷ്ടാവ് കഴുത്തില്‍ ഒരു ഇലക്ട്രിക്കല്‍ പാക്ക് തൂക്കിയിരുന്നു. കൈയില്‍ വയറുമായി എത്തിയ ഇയാള്‍ ഇത് തലയ്ക്ക് മുകളില്‍ ഉയര്‍ത്തി വീടിന് സമീപത്തേക്ക് എത്തുന്നു. 

തൊട്ടുപിന്നാലെ ടെസ്ല അണ്‍ലോക്ക് ആയതിന്റെ സൂചന നല്‍കി ഹെഡ്‌ലൈറ്റുകള്‍ ഫ്‌ളാഷ് ചെയ്യുന്നു. പുറകില്‍ നിന്നും എത്തിയ മറ്റൊരാള്‍ ഡോര്‍ തുറന്ന് അകത്ത് കടന്നു. വയര്‍ പിടിച്ച മോഷ്ടാവ് ഏതാനും സെക്കന്‍ഡ് കൂടി അതേ നിലയില്‍ നിന്ന ശേഷം ടെസ്ല പിന്നോട്ട് എടുത്ത് ഇരുവരും ഡ്രൈവ് ചെയ്ത് പോകുകയാണ്. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് നടന്ന മോഷണം കണ്ട ഞെട്ടലിലാണ് വീട്ടുടമ ഹൃഷി. 

സിഗ്നലുകളില്‍ കടന്നുകയറി ഹാക്കിംഗ് നടത്തിയാണ് കീലെസ് വാഹനങ്ങള്‍ മോഷ്ടാക്കള്‍ കൈക്കലാക്കുന്നത്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഈ ടെക്‌നോളജി ഉപയോഗിച്ച് മോഷണം വ്യാപകമായതോടെ കാര്‍ മോഷണം ആറ് വര്‍ഷത്തെ ഉയര്‍ന്ന തോതിലാണ്. 2016 വരെ 9000 വാഹനങ്ങള്‍ കവര്‍ന്നിടത്ത് നിന്ന് 2017 ആയപ്പോള്‍ 43,308 കാറുകള്‍ മോഷ്ടിക്കപ്പെട്ടതായി ഡ്രൈവര്‍ & വെഹിക്കിള്‍ ലൈസന്‍സിംഗ് ഏജന്‍സി കണക്കുകള്‍ വ്യക്തമാക്കി. 

ഇംഗ്ലണ്ടിലും, വെയില്‍സിലും കഴിഞ്ഞ വര്‍ഷം പോയത് 89000 വാഹനങ്ങളാണ്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലുള്ള സ്ഥലങ്ങളില്‍ കാര്‍ മോഷണം 80 ശതമാനം ഉയര്‍ന്നു. കീലെസ് എന്‍ട്രി നല്‍കുന്ന വാഹനങ്ങളെല്ലാം മോഷണത്തിന് ഇരകളാകാന്‍ സാധ്യത ഏറെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.