CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 18 Seconds Ago
Breaking Now

ഇടക്കാല തെരഞ്ഞെടുപ്പെന്ന മോഹം വീണ്ടും പൊലിഞ്ഞു; അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് അടച്ചിടും; പാര്‍ലമെന്റിന്റെ ആജ്ഞകള്‍ അനുസരിക്കാതെ മുന്നോട്ടെന്ന് ബോറിസ് ജോണ്‍സണ്‍; തെരഞ്ഞെടുപ്പ് ഭയക്കുന്ന പ്രതിപക്ഷത്തിനും വിമതര്‍ക്കും പരിഹാസം

ഒക്ടോബര്‍ 31-നുള്ളില്‍ യുകെയെ പുറത്തെത്തിക്കുമെന്ന തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി

ഇടക്കാല തെരഞ്ഞെടുപ്പ് അനുവദിക്കാന്‍ എംപിമാര്‍ക്ക് മുന്നില്‍ രണ്ടാം വട്ടവും പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റ് അടച്ചിട്ടു. അഞ്ചാഴ്ചത്തേക്കാണ് പാര്‍ലമെന്റ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തിലുണ്ടാവുക. ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ ഗൂഢാലോചന നടത്തുന്ന ജെറമി കോര്‍ബിനും, സഹ റിമെയിനര്‍ അംഗങ്ങള്‍ക്കും എല്ലാ കാലവും ജനങ്ങളുടെ ഹിതത്തില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. 

നോ ഡീലിനെതിരെ റിമെയിനര്‍മാര്‍ അവതരിപ്പിച്ച് വിജയിപ്പിച്ച പുതിയ നിയമം താന്‍ ലംഘിക്കുമെന്ന് ഇടക്കാല തെരഞ്ഞെടുപ്പ് നീക്കങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ ബോറിസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 31-നുള്ളില്‍ യുകെയെ പുറത്തെത്തിക്കുമെന്ന തന്റെ നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുജനങ്ങളേക്കാള്‍ കൂടുതല്‍ അറിവ് തങ്ങള്‍ക്കുണ്ടെന്ന മട്ടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഒക്ടോബര്‍ 17-ന് നടക്കുന്ന ഇയു സമ്മേളനത്തില്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ള കരാര്‍ നേടാന്‍ ശ്രമിക്കും. അല്ലാതെ ഈ സര്‍ക്കാര്‍ ബ്രക്‌സിറ്റ് ഇനി ഒരു തരത്തിലും വൈകിപ്പിക്കില്ല, ബോറിസ് വ്യക്തമാക്കി. 

ഇടക്കാല തെരഞ്ഞെടുപ്പിന് ആവശ്യമായ പിന്തുണ ലഭിക്കാതെ വന്നതോടെയാണ് ബോറിസ് ജോണ്‍സണ്‍ ലേബര്‍ നേതാവിനും, റിമെയിനര്‍ എംപിമാര്‍ക്കും നേരെ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടത്. 434 അംഗങ്ങളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരിക്കവെ 293 അംഗങ്ങളാണ് ബോറിസിനെ പിന്തുണച്ചത്. സസ്‌പെന്‍ഷന്‍ പ്രാബല്യത്തില്‍ വന്നതോടെ ഒക്ടോബര്‍ മധ്യം വരെ പാര്‍ലമെന്റ് പ്രവര്‍ത്തിക്കില്ല. ഇതോടെ നവംബര്‍ പകുതി വരെയെങ്കിലും ഇനിയൊരു തെരഞ്ഞെടുപ്പിന് സാധ്യതയുമില്ല. 

ഒക്ടോബര്‍ 19-നുള്ളില്‍ ബ്രസല്‍സുമായി കരാര്‍ ആകാത്ത പക്ഷം ഇയുവില്‍ നിന്നും ബ്രക്‌സിറ്റ് നീട്ടാന്‍ യാചിക്കണമെന്നാണ് വിമതര്‍ പാര്‍ലമെന്റ് നിയമത്തിലൂടെ പ്രധാനമന്ത്രിക്ക് ഉത്തരവ് നല്‍കിയത്. ബ്രിട്ടന്‍ ബ്രസല്‍സിന് മുന്നില്‍ കീഴടങ്ങുന്ന കാഴ്ചയാണ് ഇതെന്നാണ് വിമര്‍ശനം. 'എത്രയൊക്കെ കൈകെട്ടി വിടാന്‍ ശ്രമിച്ചാലും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി കരാര്‍ നേടാന്‍ ഞാന്‍ ശ്രമിക്കും. ഈ സര്‍ക്കാര്‍ ബ്രക്‌സിറ്റ് ഇനി വൈകിപ്പിക്കില്ല. പ്രതിപക്ഷത്തിന് ഓടിയൊളിക്കാം. അത് എല്ലായ്‌പ്പോഴും പറ്റില്ല', ബോറിസ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.