CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 3 Seconds Ago
Breaking Now

മറക്കാന്‍ ആഗ്രഹിക്കുന്ന കഥ വാര്‍ത്തയാക്കി ഇംഗ്ലീഷ് പത്രം; രൂക്ഷ വിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ ആഷസ് ഹീറോ ബെന്‍ സ്‌റ്റോക്‌സ്; പത്രപ്രവര്‍ത്തനം ഇത്രയ്ക്കും തരംതാഴണോ?

ഒരിക്കല്‍ പോലും സ്‌റ്റോക്‌സ് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താത്ത കാര്യങ്ങളാണ് പത്രം എക്‌സ്‌ക്ലൂസീവായി വിളമ്പിയത്.

ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍താരമായി തിളങ്ങുകയാണ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ആഷസ് പരമ്പരയിലും സ്റ്റോക്‌സിന്റെ മിന്നും പ്രകടനം ഇംഗ്ലണ്ടിന് തുണയായി. ഈ ഘട്ടത്തിലാണ് ഇംഗ്ലീഷ് ദിനപത്രം ദി സണ്‍ താരത്തിന്റെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പഴയകഥകള്‍ കുത്തിപ്പുറത്തിട്ട് രൂക്ഷമായ വിമര്‍ശനം ഏറ്റുവാങ്ങുന്നത്. 

ഇംഗ്ലീഷ് ക്രിക്കറ്റ് താരം നേരിട്ട് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയ്‌ക്കെതിരെ കുറിപ്പുമായി രംഗത്തെത്തി. 'സ്റ്റോക്‌സിന്റെ രഹസ്യ ദുരന്തം: ആഷസ് ഹീറോ ബെന്‍ സ്‌റ്റോക്‌സിന്റെ സഹോദരനും, സഹോദരിയും അമ്മയുടെ അസൂയപൂണ്ട പൂര്‍വ്വകാമുകന്‍ കൊലപ്പെടുത്തി, ക്രിക്കറ്റ് താരത്തിന്റെ പിറവിക്ക് മൂന്ന് വര്‍ഷം മുന്‍പാണ് സംഭവം', എന്നുതുടങ്ങി സ്റ്റോക്‌സിന്റെ കുടുംബം നേരിട്ട ദുരന്തം വിവരിക്കുന്നതായിരുന്നു വാര്‍ത്ത. 

ഒരിക്കല്‍ പോലും സ്‌റ്റോക്‌സ് പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താത്ത കാര്യങ്ങളാണ് പത്രം എക്‌സ്‌ക്ലൂസീവായി വിളമ്പിയത്. ന്യൂസിലാന്‍ഡില്‍ താമസിക്കുന്ന താരത്തിന്റെ രക്ഷിതാക്കളുടെ അരികിലെത്തിയ റിപ്പോര്‍ട്ടര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന വേദനിപ്പിക്കുന്ന ചോദ്യങ്ങളുയര്‍ത്തി. ലേഖനം നീചവും, ഹൃദയശൂന്യവുമാണെന്ന് സ്‌റ്റോക്‌സ് പ്രതികരിച്ചു. 

'31 വര്‍ഷം മുന്‍പ് എന്റെ കുടുംബത്തിന് സംഭവിച്ച വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പര്യാപ്തമാണെന്ന് ഇന്ന് സണ്‍ തീരുമാനിച്ചു. പത്രപ്രവര്‍ത്തനം എന്ന പേരില്‍ കാണിച്ച ഈ പെരുമാറ്റം തരംതാണതാണ്. ഇത്രയും ഹൃദയശൂന്യമായ പ്രവൃത്തിയെ എങ്ങിനെ വിശദീകരിക്കും. 3 ദശകങ്ങളായി കുടുംബം ഈ സ്വകാര്യ ദുഃഖം നേരിടാന്‍ പാടുപെടുന്നു. എന്റെ രക്ഷിതാക്കളെ ചോദ്യം ചെയ്യാന്‍ ഒരു റിപ്പോര്‍ട്ടറെ സണ്‍ അയച്ചു. ഞങ്ങളുടെ ദുഃഖം മുന്‍ പേജില്‍ നല്‍കുന്നതില്‍ തെറ്റില്ലെന്നും അവര്‍ തീരുമാനിച്ചു', സ്റ്റോക്‌സ് പറഞ്ഞു. 

 

എന്റെ പൊതുജീവിതത്തിന്റെ പേരില്‍ രക്ഷിതാക്കളുടെയോ, ഭാര്യയുടെയോ, കുട്ടികളുടെയോ, മറ്റ് കുടുംബാംഗങ്ങളുടെയോ സ്വകാര്യതയില്‍ കടന്നുകയറാന്‍ അനുവദിക്കില്ല. ഇത്തരം വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് എന്റെ അമ്മയ്ക്ക് ദീര്‍ഘകാലത്തെ പ്രത്യാഘാതം ഉണ്ടാക്കി. ഇനിയെങ്കിലും പത്രക്കാര്‍ മാന്യമായി പെരുമാറണം, സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.