CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 13 Minutes 45 Seconds Ago
Breaking Now

ഫ് ളൂ പോലുള്ള അസുഖം ലോകത്ത് പടര്‍ന്നുപിടിക്കും; 36 മണിക്കൂര്‍ കൊണ്ട് 80 മില്ല്യണ്‍ ജനങ്ങള്‍ കൊല്ലപ്പെടും; ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന മുന്‍ മേധാവി; യാത്രക്കിറങ്ങുന്നവര്‍ രോഗവാഹകരാകും!

തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ ലോകനേതാക്കള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ജിപിഎംബി

ഫ് ളൂ പോലുള്ള ഒരു അസുഖം ലോകത്ത് മുഴുവന്‍ കേവലം 36 മണിക്കൂര്‍ കൊണ്ട് പടര്‍ന്നുപിടിച്ച് 80 മില്ല്യണ്‍ ജനങ്ങളെ കൊലപ്പെടുത്തുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒരു നൂറ്റാണ്ട് മുന്‍പുണ്ടായ സ്പാനിഷ് ഫ് ളൂ പകര്‍ച്ചവ്യാധി ലോകജനസംഖ്യയില്‍ കാല്‍ശതമാനം പേരെ ബാധിക്കുകയും 50 മില്ല്യണ്‍ ജനങ്ങള്‍ മരിക്കുകയും ചെയ്തിരുന്നു. 

ഇതിന് സമാനമായ പകര്‍ച്ചവ്യാധി സംഭവിച്ചാല്‍ പതിവായി യാത്ര ചെയ്യുന്ന ജനസംഖ്യ വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രത്യാഘാതങ്ങള്‍ കൂടുതല്‍ കടുപ്പമാകുമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. മുന്‍ ലോകാരോഗ്യ സംഘടാ മേധാവി നയിക്കുന്ന ആരോഗ്യ വിദഗ്ധരുടെ സംഘമായ ഗ്ലോബല്‍ പ്രിപ്പേഡ്‌നെസ് മോണിറ്ററിംഗ് ബോര്‍ഡാണ് (ജിപിഎംബി) റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകനേതാക്കള്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനാണ് ഇവര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

ആഗോളതലത്തില്‍ ഒരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നത് ഏത് നിമിഷവും സംഭവിക്കാവുന്ന ഭീഷണിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. എളുപ്പത്തില്‍ നീങ്ങാന്‍ ശേഷിയുള്ള പതോജെന്‍ ലക്ഷക്കണക്കിന് ജനങ്ങളെ കൊലപ്പെടുത്തുകയും, സാമ്പത്തിക രംഗങ്ങളെ അസ്ഥിരമാക്കുകയും, ദേശീയ സുരക്ഷയെ പോലും ബാധിക്കുകയും ചെയ്യും. എബോള പോലുള്ള മാരക പകര്‍ച്ചവ്യാധികളുടെ പിന്‍പറ്റി സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ പര്യാപ്തമല്ലെന്നാണ് എ വേള്‍ഡ് അറ്റ് റിസ്‌ക് എന്നുപേരിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 

തങ്ങളുടെ മുന്‍ റിപ്പോര്‍ട്ടുകള്‍ ലോകനേതാക്കള്‍ അവഗണിക്കുകയാണ് ചെയ്തതെന്ന് ജിപിഎംബി ഓര്‍മ്മിപ്പിച്ചു. മുന്‍ നോര്‍വേ പ്രധാനമന്ത്രിയും, ഡബ്യുഎച്ച്ഒ ഡയറക്ടര്‍ ജനറലുമായിരുന്ന ഡോ. ഗ്രോ ഹാര്‍ലെം ബ്രഡ്ട്‌ലാന്‍ഡ്, ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ അല്‍ഹാദ് എസ് സൈ എന്നിവരാണ് ജിപിഎംബിക്ക് നേതൃത്വം വഹിക്കുന്നത്. പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള പകര്‍ച്ചവ്യാധികളുടെ മാപ്പും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.