CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 57 Seconds Ago
Breaking Now

2 മില്ല്യണ്‍ പൗണ്ടിന്റെ ഹെറോയിന്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷ് ദമ്പതികള്‍ അറസ്റ്റില്‍; സ്ത്രീകളുടെ വസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന്; ഹഡേഴ്‌സ്ഫീല്‍ഡില്‍ നിന്നുള്ള ദമ്പതികളെ കാത്തിരിക്കുന്നത് വധശിക്ഷ!

യുകെയിലേക്ക് മയക്കുമരുന്ന് കടത്താനാണ് ശ്രമിച്ചതെന്ന് ഇവര്‍ അധികൃതര്‍ക്ക് മുന്നില്‍ സമ്മതിച്ചെന്നാണ് വിവരം

യുകെയിലേക്ക് രണ്ട് മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച് പിടിയിലായ ബ്രിട്ടീഷ് ദമ്പതികളെ കാത്തിരിക്കുന്നത് വധശിക്ഷ. വെസ്റ്റ് യോര്‍ക്ക്ഷയര്‍ ഹഡേഴ്‌സ്ഫീല്‍ഡില്‍ നിന്നുള്ള 26-കാരന്‍ മുഹമ്മദ് താഹിര്‍ അയാസ്, ഭാര്യ 20-കാരി ഇക്ര ഹുസൈന്‍ എന്നിവരാണ് പാകിസ്ഥാനെ എയര്‍പോര്‍ട്ടില്‍ നിന്നും പിടിയിലായത്. പാകിസ്ഥാനിലെ സിയാല്‍കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും ദുബായ് വഴി യുകെയിലേക്ക് പറക്കാന്‍ എത്തിയതായിരുന്നു ദമ്പതികള്‍. 

വ്യാഴാഴ്ച എമിറേറ്റ്‌സ് വിമാനത്തില്‍ കയറാന്‍ ശ്രമിക്കവെയാണ് ഇവര്‍ അറസ്റ്റിലായത്. സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഒളിപ്പിച്ച ശുദ്ധമായ 25 കിലോഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്നും എയര്‍പോര്‍ട്ട് പോലീസ് പിടിച്ചെടുത്തത്. മയക്കുമരുന്ന് നിരവധി പാക്കറ്റുകളിലായി നിറച്ച് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. ബാഗുകളില്‍ നിന്നും പിടിച്ചെടുത്ത മയക്കുമരുന്ന് ഒരുമിച്ചാക്കി ഭാരം തൂക്കുന്ന ചിത്രങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. 

യുകെയിലേക്ക് മയക്കുമരുന്ന് കടത്താനാണ് ശ്രമിച്ചതെന്ന് ഇവര്‍ അധികൃതര്‍ക്ക് മുന്നില്‍ സമ്മതിച്ചെന്നാണ് വിവരം. ദമ്പതികളെ ആന്റി നാര്‍കോട്ടിക്‌സ് വിഭാഗത്തിന് കൈമാറി. മയക്കുമരുന്ന് കടത്ത് തെളിയിക്കപ്പെട്ടാല്‍ ദമ്പതികള്‍ക്ക് വധശിക്ഷയോ, ആജീവനാന്ത തടവുശിക്ഷയോ ലഭിക്കാം. ബ്രിട്ടീഷ് ദമ്പതികളുടെ അറസ്റ്റില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയതായി ഫോറിന്‍ ഓഫീസ് വക്താവ് പറഞ്ഞു. 

യുകെയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ഇത്രയും എളുപ്പമാണോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അഴിമതി നിറഞ്ഞ പാകിസ്ഥാനിലെ പരിശോധനകള്‍ കടന്നെത്തിയാല്‍ യുകെയില്‍ വെച്ച് പിടിക്കപ്പെട്ടാലും ചെറിയ ശിക്ഷ മാത്രമാകും ബ്രിട്ടീഷ് നിയമം ഇവര്‍ക്ക് നല്‍കുകയെന്ന വിമര്‍ശനവും പ്രസക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.