CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 58 Seconds Ago
Breaking Now

അധ്യാപികയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ജോളി നിരവധി വ്യാജ രേഖകളുണ്ടാക്കി ; എന്‍ഐടിയുടെ പരിസരത്തെ ഭൂമിയിടപാടുകള്‍ അന്വേഷിക്കുന്നു

തനിക്ക് ബിരുദാനന്തര ബിരുദ വിദ്യാഭ്യാസമുണ്ടെന്ന് കാണിച്ച് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ കാണിച്ചിട്ടുള്ളതായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും മുന്‍പ് മൊഴി നല്‍കിയിരുന്നു.

എന്‍ഐടി അധ്യാപിക എന്ന വ്യാജവ്യക്തിത്വം ഉണ്ടാക്കാനായി പ്രീഡിഗ്രി വിദ്യാഭ്യാസം മാത്രമുളള ജോളി നിരവധി വ്യാജരഖകള്‍ നിര്‍മിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്‍ഐടി ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് ജോളി വ്യാജമായി നിര്‍മിച്ചു സൂക്ഷിച്ചിരുന്നു. ഇതു കൂടാതെ റേഷന്‍ കാര്‍ഡിലും ജോളിയുടെ തൊഴില്‍ അധ്യാപിക എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇതേക്കുറിച്ച് താലൂക്ക് സപ്ലൈ ഓഫീസില്‍ അന്വേഷണം നടത്തും. ഇതിനു പുറമെ തനിക്ക് ബിരുദാനന്തര ബിരുദ വിദ്യാഭ്യാസമുണ്ടെന്ന് കാണിച്ച് നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തന്നെ കാണിച്ചിട്ടുള്ളതായി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും മുന്‍പ് മൊഴി നല്‍കിയിരുന്നു.

എന്‍ഐടിയുടെ പരിസരത്ത് തയ്യല്‍ക്കട നടത്തുന്ന യുവതിയുമായി ജോളിയ്ക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം. ഇവരോടൊത്തുള്ള നിരവധി ഫോട്ടോകള്‍ അന്വേഷണസംഘം ജോളിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരെപ്പറ്റി ചോദിച്ചപ്പോള്‍ ജോളി ഒന്നും വിട്ടു പറയാന്‍ തയ്യാറായിട്ടില്ല. ഈ യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ബന്ധം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് നിഗമനം.

ജോളിയ്ക്ക് കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരിസരത്ത് ഭൂമിയിടപാടുകള്‍ ഉണ്ടായിരുന്നതായി അന്വേഷണസംഘത്തിന് വിവരം. എന്‍ഐടി അധ്യാപികയെന്ന വ്യാജേന ദിവസവും വീട്ടില്‍ നിന്നിറങ്ങുന്ന ഇവര്‍ പകല്‍ സമയത്ത് എന്താണ് ചെയ്തിരുന്നത് എന്ന അന്വേഷണമാണ് ഭൂമിയിടപാടുകളിലേയ്ക്ക് വിരല്‍ ചൂണ്ടിയത്. പൊന്നാമറ്റം കുടുംബത്തിലെ ഭൂമി തട്ടിയെടുക്കാനായി തയ്യാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പുവെച്ച സിപിഎം പ്രവര്‍ത്തകന്‍ കെ മനോജിനെ ഒരു വസ്തു ഇടപാടിനിടെയിലാണ് ജോളി പരിചയപ്പെട്ടതെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

എന്‍ഐടിയ്ക്ക് സമീപം ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാനായി ജോളി മനോജിന് രണ്ട് ലക്ഷം രൂപ കൈമാറിയിരുന്നുവെങ്കിലും കച്ചവടം നടന്നില്ല. എന്നാല്‍ മനോജ് പണം തിരിച്ചു നല്‍കുന്നതില്‍ മുടക്കം വരുത്തിയതോടെ ഇരുവരും തമ്മില്‍ ഇടയുകയായിരുന്നു. തുടര്‍ന്ന് പലപ്പോഴായി ആവശ്യപ്പെട്ടപ്പോള്‍ മനോജ് ചെറിയ തുകകളായി പണം തിരിച്ചു നല്‍കുകയായിരുന്നു. ഈ പണം കൈമാറിയ കട്ടാങ്ങല്‍ ജംഗ്ഷനിലെ പെട്ടിക്കട ജോളി അന്വേഷണസംഘത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്. കടയുടമയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ മരണവും ജോളിയുടെ ഭൂമിയിടപാടുകളഉം തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.