CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 18 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള : വാശിയേറിയ ലോഗോ രൂപകല്‍പ്പന മത്സരത്തില്‍ ബാസില്‍ഡണില്‍നിന്നുള്ള സിജോ ജോര്‍ജ്ജ് വിജയിയായി

യുക്മ ദേശീയ കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി ഏതാനും ആഴ്ചകള്‍ കൂടി മാത്രം ശേഷിച്ചിരിക്കെ, കലാമേള ലോഗോ മത്സരത്തിന്റെ വിജയിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു. യു കെ മലയാളികള്‍ക്കിടയില്‍ നടത്തിയ കലാമേള ലോഗോ മത്സരത്തില്‍ ബാസില്‍ഡണില്‍ നിന്നുള്ള സിജോ ജോര്‍ജ്ജ് ആണ് മികച്ച ലോഗോ ഡിസൈന്‍ ചെയ്തു വിജയ കിരീടം നേടിയിരിക്കുന്നത്. 

മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ 2019 ലെ ലോഗോ ഡിസൈന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ആശയപരവും സാങ്കേതികവുമായി വളരെ ശ്രദ്ധേയമായ നിരവധി ഡിസൈനുകളില്‍ നിന്നാണ് സിജോ രൂപകല്‍പ്പന ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടതെന്ന് വിജയിയെ പ്രഖ്യാപിച്ചുകൊണ്ട് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അറിയിച്ചു.

യുക്മ കലാമേളകളുടെ ചരിത്രവുമായി എക്കാലവും അഭേദ്യമായി ബന്ധപ്പെട്ട ഒരു സ്ഥലമാണ് എസ്സെക്‌സിലെ ബാസില്‍ഡണ്‍. തുടര്‍ച്ചയായി നാലുതവണ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണല്‍ കലാമേളയ്ക്ക് ബാസില്‍ഡണ്‍ 

ആതിഥേയത്വം വഹിച്ചിട്ടുണ്ട്. ദേശീയ തലത്തില്‍ ഏറ്റവും കൂടിയ പോയിന്റുകള്‍ വാരിക്കൂട്ടി ജേതാക്കളായ ചരിത്രവും ബാസില്‍ഡണിന് സ്വന്തം. റീജിയണല്‍ദേശീയ കലാമേളകളില്‍ കലാതിലകങ്ങളായി നിരവധി തവണ ബാസില്‍ഡണിന്റെ ചുണക്കുട്ടികള്‍ കിരീടം അണിഞ്ഞിട്ടുണ്ട്.

ബാസില്‍ഡണിന്റെ യുക്മ കലാമേള പെരുമയിലേക്ക് ഒരുതൂവല്‍കൂടി ചേര്‍ക്കപ്പെടുകയാണ് സിജോയുടെ സര്‍ഗ്ഗ ചേതനയിലൂടെ.  ചെംസ്‌ഫോര്‍ഡില്‍ ഒരു അഡ്വര്‍ടൈസിംഗ് ഏജന്‍സിയില്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുന്ന സിജോ കണ്ണൂര്‍ ആലക്കോട് സ്വദേശിയാണ്. വിജയിയെ യുക്മ ദേശീയ കലാമേള നഗറില്‍വച്ച് ആദരിക്കുന്നതാണ്.  

നവംബര്‍ രണ്ടാം തീയതി ശനിയാഴ്ചയാണ് യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. പത്താമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ ആണ്. യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ഇതാദ്യമായി മാഞ്ചസ്റ്ററിന്റെ മണ്ണിലേക്ക് ദേശീയ മേള എത്തുമ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരെയും കലാകാരികളെയും യുക്മ പ്രവര്‍ത്തകരെയും  പാര്‍സ് വുഡ് സെക്കണ്ടറി സ്‌കൂളിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, കലാമേള ദേശീയ കോര്‍ഡിനേറ്റര്‍ സാജന്‍ സത്യന്‍, നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് അഡ്വ.ജാക്‌സണ്‍ തോമസ് എന്നിവര്‍ അറിയിച്ചു. 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.