CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes Ago
Breaking Now

പാര്‍ലമെന്റ് വീണ്ടും കാലുവാരി; ബ്രക്‌സിറ്റ് വൈകിക്കാനുള്ള പ്രമേയം പാസാക്കി; ഒന്നിന് പകരം യൂറോപ്യന്‍ യൂണിയന് 3 കത്തയച്ച് ബോറിസ് ജോണ്‍സണ്‍; ബ്രക്‌സിറ്റ് വൈകിക്കണമെന്ന കത്തില്‍ പ്രധാനമന്ത്രിയുടെ ഒപ്പില്ല; മൂന്നാമത്തെ കത്തില്‍ വൈകിപ്പിക്കല്‍ അനുവദിക്കരുതെന്ന് കുറിപ്പ്

ബ്രക്‌സിറ്റ് കരാര്‍ വോട്ടെടുപ്പിന് പകരമാണ് നേരത്തെ പാര്‍ലമെന്റ് അംഗീകരിച്ച ബെന്‍ ആക്ട് അനുരിച്ചു ബ്രക്‌സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കിയത്.

ബ്രിട്ടന്‍ യൂറോപ്യന്‍ വിടാനുള്ള ബ്രക്സിറ്റ് നീട്ടാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍സാറ്റര്‍ഡേ പാര്‍ലമെന്റ് സമ്മേളനത്തില്‍ പ്രമേയം പാസാക്കി. ഇന്നലെ രാത്രി 11 ന് മുമ്പ് കരാറില്‍ തീരുമാനമായില്ലെങ്കില്‍ 3 മാസം കൂടി കാലാവധി നീട്ടിത്തരാന്‍ അഭ്യര്‍ത്ഥിച്ച് യൂറോപ്യന്‍ യൂണിയന് കത്തെഴുതണമെന്ന ബെന്‍ ആക്ട് വ്യവസ്ഥ പ്രയോജനപ്പെടുത്തിയാണ് എംപിമാരുടെ നടപടി.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കത്തയയ്ക്കാമെന്ന് സമ്മതിച്ചതായി ഇയു നേതാക്കള്‍ വെളിപ്പെടുത്തിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ മൗനം പാലിച്ചു. ആവശ്യപ്പെട്ടാല്‍ കാലാവധി നീട്ടാമെന്ന് നേരത്തെ പറഞ്ഞ ഇയു ചര്‍ച്ചയ്ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികരണം അറിയിക്കണമെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. നിയമപ്രകാരമുള്ള കത്തെഴുതില്ലെന്നും 31 ന് തന്നെ ബ്രക്സിറ്റ് നടപ്പാക്കുമെന്നുമായിരുന്നു പാര്‍ലമെന്റിലെ തിരിച്ചടിക്ക് ശേഷവും ജോണ്‍സണ്‍ ആവര്‍ത്തിച്ചത്.

ഇന്നലത്തെ സമ്മേളത്തില്‍ ബ്രക്സിറ്റ് കരാര്‍ വോട്ടെടുപ്പിന് പകരമാണ് നേരത്തെ പാര്‍ലമെന്റ് അംഗീകരിച്ച ബെന്‍ ആക്ട് അനുരിച്ചു ബ്രക്സിറ്റ് നീട്ടാനുള്ള പ്രമേയം പാസാക്കിയത്. കണ്‍സര്‍വേറ്റീവ് എംപി ഒലിവര്‍ ലെറ്റ്വിന്‍ കൊണ്ടുവന്ന പ്രമേയം 306 നെതിരെ 322 വോട്ടിന് പാസാക്കി. കാലാവധി നീട്ടാന്‍ ആവശ്യപ്പെട്ട ശേഷം മാത്രം പുതിയ കരാര്‍ പരിഗണിച്ചാല്‍ മതിയെന്ന ലെറ്റ്വിന്റെ നിലപാട് ബോറിസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

എംപിമാരുടെ പിന്‍വാതില്‍ യുദ്ധം തിരിച്ചടിച്ചതോടെ ബോറിസ് ജോണ്‍സണ്‍ യൂറോപ്യന്‍ കൗണ്‍സിലിന് മൂന്ന് കത്തുകളാണ് അയയ്ക്കുന്നത്. ബെന്‍ ആക്ട് പ്രകാരം ഒക്ടോബര്‍ 31-ല്‍ നിന്നും സമയപരിധി നീട്ടണമെന്ന കത്തില്‍ പക്ഷെ ബോറിസ് ജോണ്‍സണ്‍ ഒപ്പുവെച്ചില്ല. രണ്ടാമത്തെ കത്ത് ബ്രസല്‍സിലെ യുകെ പെര്‍മനന്റ് റെപ്രസന്റേറ്റീവ് സര്‍ ടിം ബാരോവാണ് എഴുതിയത്. ഇതില്‍ സര്‍ക്കാരല്ല, പാര്‍ലമെന്റാണ് ആദ്യത്തെ കത്തിന് പിന്നിലെന്ന് വ്യക്തമാക്കും. 

മൂന്നാമത്തെ കത്ത് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ തന്നെ എഴുതി ഒപ്പുവെച്ചതാണ്. ഈ കത്ത് 27 ഇയു അംഗരാജ്യങ്ങളുടെ നേതാക്കള്‍ക്കും അയച്ചിട്ടുണ്ട്. ഇതില്‍ തനിക്ക് ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും ആദ്യത്തെ കത്ത് (പാര്‍ലമെന്റിന്റെ) തള്ളാനും ആഹ്വാനം ചെയ്യുന്നു. ഇനിയും സമയം ദീര്‍ഘിപ്പിച്ചാല്‍ യുകെയുടെയും, ഇയു പങ്കാളികളുടെയും താല്‍പര്യങ്ങള്‍ക്ക് ക്ഷതമേല്‍ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്റ് നിലപാടിന് വഴങ്ങാന്‍ ഉദ്ദേശമില്ലെന്നാണ് ബോറിസ് നല്‍കുന്ന സൂചന. 




കൂടുതല്‍വാര്‍ത്തകള്‍.