ഫത്വ ഇറക്കുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ലക്ഷ്യമെന്ന് ഹിന്ദുപരിഷത്ത് നേതാവ് സാധ്വി പ്രാചി. ആര്‍ട്ടിക്കിള്‍ 370 ന് ശേഷം മോദിയുടെ അടുത്ത നടപടി ഫത്വ ഇറക്കുന്നവര്‍ക്ക് എതിരെയാണെന്നാണ് സാധ്വി പ്രാചി ലഖ്‌നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞത്. തനിക്ക് ജിഹാദി ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പ്രാചി പറഞ്ഞിരുന്നു. പടിഞ്ഞാറന്‍ യു.പി മിനി പാകിസ്ഥാനായെന്നും അവര്‍ പറഞ്ഞു.
പേടിയില്ലാതെ താന്‍ രാജ്യം ചുറ്റി സഞ്ചരിക്കാറുണ്ടായിരുന്നു. എന്നാല്‍ കമലേഷ് തിവാരിയുടേയും മുകേഷ് ശര്‍മയുടേയും കൊലപാതകത്തിന് ശേഷം അങ്ങനെയല്ലെന്നും അവര്‍ പറഞ്ഞു.
ഒക്ടോബര്‍ 18 നായിരുന്നു ലഖ്‌നൗവില്‍ വെച്ച് തിവാരിയെ ചിലര്‍ കൊലപ്പെടുത്തിയത്. തിവാരിയുടെ കൊലപാതകത്തിന് ശേഷം പ്രാചി തന്റെ ജീവനും ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. തനിക്ക് സുരക്ഷ ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോടും സാധ്വി പ്രാചി ആവശ്യപ്പെട്ടിരുന്നു. ജിഹാദികളാണ് തിവാരിയുടെ കൊലപാതകത്തിനു പിന്നിലെന്നും അവര്‍ പറഞ്ഞു.