CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 26 Seconds Ago
Breaking Now

ചതിക്കല്ലേ, ബ്രിട്ടീഷ് ഇന്ത്യക്കാരുടെ വോട്ട് വേണം! കശ്മീര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ലേബര്‍ പാര്‍ട്ടി; ഇന്ത്യന്‍ വംശജരുടെ വോട്ട് കണ്‍സര്‍വേറ്റീവുകള്‍ക്ക് മറിയുമെന്ന് ഉറപ്പായതോടെ ഇന്ത്യാവിരുദ്ധത ഇല്ലേയില്ലെന്ന് ഔദ്യോഗിക പ്രഖ്യാപനം!

ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ലേബര്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല

ജെറമി കോര്‍ബിനാണ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ്. എന്നുകരുതി തെരഞ്ഞെടുപ്പ് കാലത്ത് നേതാവിന്റെ നിലപാടുകള്‍ വോട്ട് നഷ്ടപ്പെടുത്തിയാല്‍ ഏത് കോര്‍ബിന്റെയും പ്രഖ്യാപനം പാര്‍ട്ടിക്ക് വിഴുങ്ങേണ്ടി വരും. ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരുടെ കോപത്തിന് ഇടയാക്കിയ കശ്മീര്‍ നിലപാട് തങ്ങള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ കണ്‍സര്‍വേറ്റീവ് പെട്ടിയിലെത്തിക്കുമെന്ന് തിരിച്ചറിയാന്‍ അല്‍പ്പം സമയം വേണ്ടിവന്നു ലേബര്‍ പാര്‍ട്ടിക്ക്. എന്തായാലും ബോധം ഉദിച്ചതോടെ ഉടന്‍ നിലപാട് തിരുത്തി പ്രഖ്യാപനം എത്തി. ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് ഇയാന്‍ ലാവെറിയാണ് ഔദ്യോഗിക നിലപാട് തിരുത്തി പ്രഖ്യാപനം നടത്തിയത്. 

കശ്മീര്‍ വിഷയത്തില്‍ പാക് തീവ്രവാദികള്‍ക്ക് അനുകൂലമായി നിന്ന ലേബര്‍ പാര്‍ട്ടി ഇന്ത്യാവിരുദ്ധത തുറന്ന് പ്രകടിപ്പിക്കാനും മടികാണിച്ചിരുന്നില്ല. ഈ നിലപാട് തിരുത്തിയില്ലെങ്കില്‍ നാല്‍പ്പതോളം സീറ്റുകളില്‍ തിരിച്ചടി കിട്ടുമെന്ന് ഉറപ്പായതോടെയാണ് ലേബര്‍ പാര്‍ട്ടി പറഞ്ഞതെല്ലാം വിഴുങ്ങിയത്. കശ്മീര്‍ വിഷയത്തിലെ വികാരങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും ബോധമുണ്ടെന്നാണ് ലാവെറി ഇന്ത്യന്‍ വംശജര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. 

ലേബര്‍ കോണ്‍ഫറന്‍സില്‍ പാസാക്കിയ കശ്മീര്‍ പ്രമേയം ഇന്ത്യക്കാര്‍ക്കും, ഇന്ത്യക്കും എതിരായ പല കാര്യങ്ങളും ഉണ്ടായെന്ന് ലാവെറി സമ്മതിച്ചു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കി. കശ്മീര്‍ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര വിഷയമാണെന്നതാണ് ലേബര്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാട്. കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിച്ച് ഇക്കാര്യത്തില്‍ സമാധാനപരമായ പരിഹാരം കാണണം. അവരുടെ ഭാവിയില്‍ അഭിപ്രായം പറയാനുള്ള അവകാശത്തെ മാനിക്കുന്നു, ലേബര്‍ പ്രസിഡന്റ് വ്യക്തമാക്കി. 

ഏതെങ്കിലും രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ലേബര്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. അതുകൊണ്ട് തന്നെ ഇന്ത്യാവിരുദ്ധതയും, പാക് വിരുദ്ധതയും കശ്മീര്‍ വിഷയത്തില്‍ സ്വീകരിക്കില്ല, ലാവെറി കൂട്ടിച്ചേര്‍ത്തു. ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യാവിരുദ്ധ നിലപാടുകള്‍ മൂലം ബ്രിട്ടനിലെ ഇന്ത്യന്‍, ഹൈന്ദവ സംഘടനകള്‍ ഇന്ത്യക്കാരുടെ വോട്ടുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് നല്‍കാന്‍ വ്യാപക പ്രചരണങ്ങള്‍ നടത്തിവരികയാണ്. ഈ നിലപാട് തുടര്‍ന്നാല്‍ ലേബര്‍ പാര്‍ട്ടിക്ക് നിരവധി സീറ്റുകള്‍ നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് ഇന്ത്യാവിരുദ്ധത അവര്‍ വിഴുങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.