CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 48 Seconds Ago
Breaking Now

ഇന്ത്യക്കാരുടെ കൂടുതല്‍ രോഷം ഏറ്റുവാങ്ങി ലേബര്‍ പാര്‍ട്ടി; തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരെ മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് മടി; ആഞ്ഞടിച്ച് ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ; സ്ഥാനാര്‍ത്ഥി പട്ടിക ഇന്ത്യക്കാരെ അകറ്റുന്നതെന്ന് മുന്നറിയിപ്പ്

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ത്യക്കാരെ ഒഴിവാക്കിയതില്‍ മാപ്പ് പറഞ്ഞ് ലേബര്‍ ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയുടെ പൊട്ടിത്തെറി

യുകെയിലെ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജരെ പ്രതിനിധീകരിക്കുന്ന ലേബര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങളുടെ തോക്കുമായി രംഗത്ത്. ഡിസംബര്‍ 12ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ആവശ്യത്തിന് ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നതില്‍ ലേബര്‍ പാര്‍ട്ടി പരാജയപ്പെട്ടെന്നാണ് എല്‍എഫ്‌ഐഎന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ലേബര്‍ പാര്‍ട്ടിയും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തിന് ഇടപെടുന്ന ഈ സംഘം യുകെയിലെ ഇന്ത്യന്‍ വംശജരെ പാര്‍ട്ടിയുമായി അടുപ്പിക്കാനും യത്‌നിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച ഇന്ത്യാവിരുദ്ധ നിലപാട് ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതിന് പുറമെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കി പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു. 

സുരക്ഷിതമായ 39 ലേബര്‍ സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യന്‍ വംശജനായ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതെന്നതില്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് എല്‍എഫ്‌ഐഎന്‍ വ്യക്തമാക്കിയത്. 100 ടാര്‍ജറ്റ് സീറ്റുകളില്‍ ഒന്നില്‍ പോലും ഇന്ത്യക്കാര്‍ ഇടവും നല്‍കിയില്ല. വ്യാഴാഴ്ച അന്തിമപട്ടിക തീരുമാനിക്കാനുള്ള സമയപരിധി അവസാനിക്കുമെന്നിരിക്കെയാണ് പാര്‍ട്ടിയെ കൈവിട്ട് എല്‍എഫ്‌ഐഎന്‍ ഈ നിലപാട് സ്വീകരിച്ചത്. 'നാണഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത പട്ടികയില്‍ ഇന്ത്യന്‍ സമൂഹം വന്‍തോതിലുള്ള ലെസ്റ്റര്‍, ഈലിംഗ്, ഇല്‍ഫോര്‍ഡ്, വെസ്റ്റ് ബ്രോംവിച്ച്, ഡെര്‍ബി തുടങ്ങിയ ഇടങ്ങളില്‍ പോലും ഇന്ത്യന്‍ വംശജരെ സ്ഥാനാര്‍ത്ഥിയാക്കിയില്ല. ഇക്കാര്യത്തില്‍ ഞങ്ങളുടെ വാദങ്ങളെ തള്ളുകയും ചെയ്തു', അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യന്‍ വംശജരായ അഞ്ച് ലേബര്‍ എംപിമാരാണ് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുതായി നിയോഗിക്കപ്പെട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ സുരക്ഷിത സീറ്റായ സ്റ്റോക്ക്‌പോര്‍ട്ടില്‍ നവ് മിശ്രയ്ക്ക് മാത്രമാണ് അവസരം നല്‍കിയത്. ഗോവന്‍ വംശജനായ കീത്ത് വാസ് വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യന്‍ പാരമ്പര്യമുള്ള ലേബര്‍ എംപിമാരുടെ എണ്ണം ഹൗസ് ഓഫ് കോമണ്‍സില്‍ കുറയുമെന്ന് എല്‍എഫ്‌ഐഎന്‍ ചൂണ്ടിക്കാണിച്ചു. വാസിന്റെ സീറ്റായ ലെസ്റ്റര്‍ ഈസ്റ്റില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് കരുതിയ സുന്ദീപ് മെഘാനിയെ ഒഴിവാക്കി പകരം ക്ലോഡിയ വെബ്ബെയ്ക്കാണ് ലേബര്‍ പാര്‍ട്ടി അവസരം നല്‍കിയത്. 

'ഇഷ്ടക്കാരെ ഇറക്കുന്ന ഇത്തരം പരിപാടിയില്‍ നിശബ്ദത പാലിക്കാന്‍ കഴിയില്ല. ലേബറിന്റെ ഭരണ എക്‌സിക്യൂട്ടീവ് അംഗത്തെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്', സോളിസിറ്ററായ മെഘാനി രോഷം മറയ്ക്കാതെ പ്രതികരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ വംശജരുള്ള പ്രദേശത്താണ് മറ്റൊരു വംശത്തില്‍ പെട്ട വ്യക്തിയെ മത്സരിക്കാന്‍ ഇറക്കുന്നത്. ഇന്ത്യന്‍ സമൂഹത്തോടും പ്രത്യേകിച്ച് ഹിന്ദു സിഖ് സമൂഹത്തോട് ലേബര്‍ പാര്‍ട്ടി എത്രത്തോളം മൂല്യം കല്‍പ്പിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്, അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. 

യുകെയില്‍ 1.5 മില്ല്യണ്‍ വരുന്ന ഇന്ത്യന്‍ സമൂഹം ആകെ ജനസംഖ്യയുടെ 2.3 ശതമാനം വരുമെന്ന് എല്‍എഫ്‌ഐഎന്‍ ചൂണ്ടിക്കാണിക്കുന്നു. സാധാരണയായി ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യുന്ന ഇന്ത്യക്കാര്‍ 2019 തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് കരുതുന്നത്. ജെറമി കോര്‍ബിനും, ലേബര്‍ പാര്‍ട്ടിയും സ്വീകരിക്കുന്ന പാക് മുസ്ലീം അനുകൂല നിലപാടുകളാണ് ഇതിന് പ്രധാന കാരണം. ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്ക് ദീപാവലി ദിനത്തില്‍ പോലും പാക് വംശജര്‍ നടത്തിയ അതിക്രമങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടാന്‍ ലേബര്‍ നേതാക്കള്‍ തയ്യാറായില്ലെന്ന് മാത്രമല്ല ഇവര്‍ക്കൊപ്പം പ്രതിഷേധങ്ങളില്‍ ലേബര്‍ എംപിമാര്‍ നേരിട്ട് പങ്കാളികളാവുകയും ചെയ്തു. 

വിഷയം കൈവിട്ട് പോകുമെന്ന് മനസ്സിലാക്കിയ ലേബര്‍ പാര്‍ട്ടി പ്രസിഡന്റ് ഇയാന്‍ ലാവെറി ഇന്ത്യാവിരുദ്ധ നിലപാട് വിഴുങ്ങിയെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥാനാര്‍ത്ഥി പട്ടികയിലെ ഇന്ത്യക്കാരുടെ ഒഴിവാക്കല്‍ പുതിയ തിരിച്ചടിയാകും. എന്നാല്‍ പാര്‍ലമെന്റില്‍ ഇന്ത്യന്‍ പ്രാതിനിധ്യം കുറയ്ക്കുന്ന ലേബര്‍ നിലപാട് പരാജയത്തിന്റെ സാധ്യത കൂട്ടുന്നതായി ബ്രിസ്റ്റോള്‍ നോര്‍ത്ത് വെസ്റ്റ് സ്ഥാനാര്‍ത്ഥി ഡാരെണ്‍ ജോണ്‍സ് തുറന്ന് സമ്മതിച്ചു. ബിസിനസ്സ്, മെഡിസിന്‍, ക്രിയേറ്റീവ്, പൊതുസേവന മേഖലകളില്‍ ഇന്ത്യക്കാരുടെ സംഭാവന അംഗീകരിക്കുമ്പോള്‍ തന്നെ ഇവരുടെ പിന്തുണ വെറുതെ കിട്ടുന്നതല്ലെന്ന് ലേബര്‍ പാര്‍ട്ടി ഓര്‍ക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.