CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 3 Seconds Ago
Breaking Now

കെറ്ററിംഗില്‍ അന്തരിച്ച ബഹു. വില്‍സണ്‍ കൊറ്റത്തില്‍ അച്ചന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത ഇന്ന് അന്തിമോപചാരം അര്‍പ്പിക്കും ; സെന്റ് എഡ്വേര്‍ഡ് ദേവാലയത്തില്‍ ചടങ്ങുകള്‍

ദിവ്യബലിക്കും ഒപ്പീസ് പ്രാര്‍ത്ഥനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

കെറ്ററിംഗ്: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബഹു. വില്‍സണ്‍ കൊറ്റത്തില്‍ അച്ചന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍  രൂപതയും മലയാളി സമൂഹവും ഇന്ന്  വിട ചൊല്ലും. ഉച്ചകഴിഞ്ഞ് നാല് മുപ്പതിന് അദ്ദേഹം സേവനം ചെയ്തിരുന്ന സെന്റ്  എഡ്‌വേര്‍ഡ് ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം കൊണ്ടുവരും. തുടര്‍ന്ന് നടക്കുന്ന ദിവ്യബലിക്കും ഒപ്പീസ് പ്രാര്‍ത്ഥനയ്ക്കും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന ബഹു. വൈദികരും വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിശ്വാസിപ്രതിനിധികളും കേറ്ററിങിലുള്ളവരോടൊപ്പം തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. 

പള്ളിയുടെ വിലാസം: St. Edward's Church, Kettering, NN1 57QQ.

അമ്പത്തൊന്നു വയസ്സായിരുന്ന ഫാ. വില്‍സണ്‍,  നോര്‍ത്താംപ്ടണ്‍ രൂപതയിലെ കെറ്ററിംഗ് സെന്റ് എഡ്വേര്‍ഡ് പള്ളിയില്‍ സഹവികാരിയായും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ സെന്റ് ഫൗസ്റ്റീന മിഷന്‍ ഡയറക്ടര്‍ ആയും സേവനം ചെയ്തുവരികയായിരുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ അദ്ദേഹം ആറുമാനൂര്‍ ഇടവകഅംഗവും MSFS സന്യാസസഭാഅംഗമായ അദ്ദേഹം ആകസ്മികമായാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്. 

 ഏറ്റുമാനൂരടുത്തുള്ള ആറുമാനൂര്‍ ഇടവകയില്‍ കൊറ്റത്തില്‍ കുടുംബത്തില്‍ പതിനാറുമക്കളില്‍ പതിമൂന്നാമനായാണ് 1968 ല്‍ വില്‍സണ്‍ അച്ചന്റെ ജനനം. 1985 ല്‍ ഏറ്റുമാനൂര്‍ MSFS സെമിനാരിയില്‍ വൈദികപഠനത്തിനു ചേര്‍ന്നു. 1997 ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പിന്നീട് കാലിക്കട്ട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്മ്യൂണിക്കേഷനില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി. പൗരോഹിത്യ സ്വീകരണത്തിനുശേഷം വൈവിധ്യമാര്‍ന്ന വൈദികശുശ്രുഷകളിലൂടെ അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് മീഡിയ വില്ലേജില്‍ കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റ് തലവന്‍, ആലുവായിലുള്ള MSFS സെമിനാരി റെക്ടര്‍, ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാള്‍ തുടങ്ങിയവയായിരിന്നു പ്രധാന ശുശ്രുഷാരംഗങ്ങള്‍.  

ബാംഗ്ലൂര്‍ MSFS കോളേജ് പ്രിന്‍സിപ്പാളായി സേവനം ചെയ്തുവരവെയാണ് യുകെയില്‍ നോര്‍ത്താംപ്ടണ്‍ രൂപതയില്‍ ലത്തീന്‍, സീറോ മലബാര്‍ രൂപതകളില്‍ അജപാലന ശുശ്രുഷയ്ക്കായി അദ്ദേഹം നിയമിതനായത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിലധികമായി കേറ്ററിങിലുള്ള സെന്റ് എഡ്വേര്‍ഡ് ദേവാലയത്തിലും സെന്റ് ഫൗസ്റ്റീന സീറോ മലബാര്‍ മിഷനിലും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.  

യുകെയിലുള്ള മലയാളികള്‍ ബഹു. വില്‍സണ്‍ അച്ചനോട് ഇന്ന് നടത്തുന്ന അന്തിമോപചാരത്തിനുശേഷം, നാളെ വെള്ളിയാഴ്ച രാവിലെ പത്തു  മണിക്ക് നോര്‍ത്താംപ്ടണ്‍ ലത്തീന്‍ രൂപത അച്ചനുവേണ്ടി പ്രാര്‍ത്ഥനാശുശ്രുഷകള്‍ നടത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യും. സാധിക്കുന്ന എല്ലാ സീറോ മലബാര്‍ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും ബഹു. വില്‍സണ്‍ അച്ചന് അന്തിമോപചാരമര്‍പ്പിക്കാന്‍ വിശ്വാസിപ്രതിനിധികള്‍ എത്തണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു. 

യുകെയില്‍ നടക്കുന്ന പ്രാര്‍ത്ഥനാചടങ്ങുകള്‍ക്കും അനുസ്മരണപ്രാര്ഥനകള്‍ക്കും ശേഷം, അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കാരത്തിനായി നാട്ടിലേക്കു കൊണ്ടുപോകും. ബഹു. വില്‍സണ്‍ അച്ചന്റെ പാവനാത്മാവിന് നിത്യശാന്തി നേരുകയും ദുഖാര്‍ത്ഥരായ അദ്ദേഹത്തിന്റെ കുടുബത്തോടും ഇടവകസമൂഹത്തോടും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്കുള്ള അനുശോചനവും  പ്രാര്‍ത്ഥനയും അറിയിക്കുകയും .ചെയ്യുന്നു.   

 

ഫാ. ബിജു കുന്നയ്ക്കാട്ട് 




കൂടുതല്‍വാര്‍ത്തകള്‍.