CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 33 Seconds Ago
Breaking Now

യേശുദേവന്‍ പിറന്ന പുല്‍ക്കൂട്ടിലെ മരത്തിന്റെ തിരുശേഷിപ്പ് ബെത്‌ലഹേമില്‍ തിരിച്ചെത്തി; ആഘോഷപൂര്‍വ്വം വരവേറ്റ് വിശ്വാസികള്‍; തിരിച്ച് അയച്ചത് പോപ്പിന് സമ്മാനം ലഭിച്ച് 1400 വര്‍ഷങ്ങള്‍ക്ക് ശേഷം

പലസ്തീനികള്‍ സ്വപ്‌നം മാത്രം കണ്ടിരുന്ന നിമിഷം സഫലമായതിന്റെ ആശ്വാസത്തിലാണ് ആളുകള്‍ തിരുശേഷിപ്പില്‍ നെറ്റിചേര്‍ത്ത് അനുഗ്രഹം തേടിയത്

കന്യാസ്ത്രീകള്‍ ആ തിരുശേഷിപ്പില്‍ ചുംബനം ചാര്‍ത്തി. വിശ്വാസികള്‍ ആ ചെറിയ മരക്കഷ്ണത്തില്‍ തലചേര്‍ത്തു. യേശുദേവന്റെ അനുഗ്രഹം നേടാനാണ് ക്രിസ്ത്യന്‍ വിശ്വാസികള്‍ ആ തിരുശേഷിപ്പില്‍ തങ്ങളുടെ വിശ്വാസപ്രകടനങ്ങള്‍ നടത്തിയത്. യേശു പിറന്ന പുല്‍ക്കൂടിന്റെ ഭാഗമായിരുന്ന മരക്കഷ്ണം എന്ന് വിശ്വസിക്കപ്പെടുന്ന ഭാഗമാണ് 1400 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രിസ്മസിന്റെ ആദ്യ ദിനത്തില്‍ റോമില്‍ നിന്നും ബെത്‌ലഹേമിലേക്ക് തിരിച്ചെത്തിയത്. തിരുശേഷിപ്പിനെ ആദരപൂര്‍വ്വം, ആവേശത്തില്‍ ആറാടിയാണ് ജനക്കൂട്ടം വരവേറ്റത്. 

പോപ്പിന് സമ്മാനമായി അയച്ച് നല്‍കിയ തിരുശേഷിപ്പാണ് ബെത്‌ലഹേമിലേക്ക് തിരിച്ചെത്തിയത്. യേശു പിറന്നുവെന്ന് വിശ്വസിക്കുന്ന പുല്‍ക്കൂടിന് സമീപത്തുള്ള സെന്റ് കാതറീന്‍ ഫ്രാന്‍സിസ്‌കന്‍ ചര്‍ച്ചില്‍ ആഘോഷത്തിന്റെ ഭാഗമായി കുര്‍ബാനയും നടന്നു. യുവ പലസ്തീന്‍ സ്‌കൗട്ട്‌സ് ബാഗ്‌പൈപ്പുകള്‍ മുഴക്കിയപ്പോള്‍ ജനക്കൂട്ടം ചിത്രങ്ങള്‍ പകര്‍ത്താന്‍ മത്സരിച്ചു. തിരുശേഷിപ്പ് സൂക്ഷിച്ച വെള്ളി കണ്ടെയ്‌നര്‍ പുരോഹിതന്‍മാര്‍ പള്ളിയിലെത്തിച്ചു. പലസ്തീനികള്‍ സ്വപ്‌നം മാത്രം കണ്ടിരുന്ന ആ നിമിഷം സഫലമായതിന്റെ ആശ്വാസത്തിലാണ് ആളുകള്‍ തിരുശേഷിപ്പില്‍ നെറ്റിചേര്‍ത്ത് അനുഗ്രഹം തേടിയത്. 

വത്തിക്കാനും, ഹോളി ലാന്‍ഡും ഒരുമയോടെ നില്‍ക്കുന്നുവെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ തിരിച്ചുവരവെന്ന് ക്രിസ്ത്യന്‍ വിശ്വാസങ്ങളെക്കുറിച്ച് പഠിക്കുന്ന ഇസ്രയേലി വിദഗ്ധ യിസ്‌കാ ഹരാനി ചൂണ്ടിക്കാണിച്ചു. പോപ്പ് ഫ്രാന്‍സിസിനോട് പുല്‍ക്കൂടിന്റെ മുഴുവന്‍ ഭാഗങ്ങളും നല്‍കാനാണ് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ ഒരു ഭാഗം മാത്രം ബെത്‌ലഹേമിലേക്ക് തിരിച്ചയയ്ക്കാനാണ് പോപ്പ് തീരുമാനിച്ചതെന്ന് ഹോളി ലാന്‍ഡിലെ ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡര്‍ കസ്‌റ്റോഡിയന്‍ ബ്രതര്‍ ഫ്രാന്‍സെക്‌സോ പാറ്റണ്‍ പറഞ്ഞു. 

തിരുശേഷിപ്പ് അതിന്റെ യഥാര്‍ത്ഥ സ്ഥാനത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. 640-കളിലാണ് ജെറുസലേം പാട്രിയാര്‍ക് സെന്റ് സൊഫ്രോണിയസ് യേശു ജനിച്ച പുല്‍ക്കൂടിന്റെ ഭാഗമെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന മരം കൊണ്ടുള്ള തിരുശേഷിപ്പുകള്‍ പോപ്പ് തിയോഡര്‍ ഒന്നാമന് അയച്ചുനല്‍കിയത്. ഹോളി ലാന്‍ഡിലെ മുസ്ലീം അധിനിവേശ കാലത്തായിരുന്നു ഇത്. തിരുശേഷിപ്പ് തിരിച്ചെത്തിയതിന്റെ ആഘോഷത്തിന് പിന്നാലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ക്രിസ്മസ് ട്രീം തെളിയ്ക്കലില്‍ പലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷ്ടായെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. 




കൂടുതല്‍വാര്‍ത്തകള്‍.