CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 53 Seconds Ago
Breaking Now

എസെക്‌സ് സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് കാര്‍ മനഃപ്പൂര്‍വ്വം ഇടിച്ചുകയറ്റി; 12-കാരന്‍ കൊല്ലപ്പെട്ടു; അഞ്ച് പേര്‍ക്ക് പരുക്കേറ്റു; കൊല നടത്തിയ 51-കാരന്‍ അറസ്റ്റില്‍; കുട്ടികളെ നിഷ്‌കരുണം ഇടിച്ചുവീഴ്ത്തിയിട്ടും നിര്‍ത്താതെ പോയി

റോഡിംഗ് വാലി ഹൈസ്‌കൂളില്‍ രാവിലെ സമാനമായ സംഭവം നടന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്

സ്‌കൂളിന് മുന്‍വശത്ത് നിന്ന വിദ്യാര്‍ത്ഥികളെ ഇടിച്ചുവീഴ്ത്തിയ സംഭവത്തില്‍ 12 വയസ്സുള്ള വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. സംഭവത്തില്‍ 51-കാരനെ എസെക്‌സ് പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയെന്ന സംശയത്തിന് പുറമെ വധശ്രമം, അപകടകരമായ ഡ്രൈവിംഗ് വഴിയുള്ള മരണം, അപകടം സൃഷ്ടിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനും, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിനുമാണ് ലൂട്ടനില്‍ നിന്നുള്ള അറസ്റ്റിലായ വ്യക്തിക്കെതിരെ കേസ് ചുമത്തിയത്. 

ലൂട്ടണില്‍ വൈകുന്നേരം 3.30-ഓടെയാണ് വില്ലിംഗേല്‍ റോഡിന് സമീപമുള്ള ഡെബ്‌ഡെന്‍ ഹൈസ്‌കൂളിന് മുന്നില്‍ വെച്ച് സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ ഓഫീസര്‍മാര്‍ കൊലപാതക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, 13 വയസ്സുള്ള ആണ്‍കുട്ടി, 16 വയസ്സുള്ള പെണ്‍കുട്ടി, 53 വയസ്സുള്ള സ്ത്രീ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ ചിലര്‍ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും മറ്റുള്ളവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. 

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന 12-കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടികളെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ച് പോയ കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ പുറത്തുവിട്ടാണ് അന്വേഷണം നടത്തിയത്. വൈകുന്നേരം പത്രസമ്മേളനം വിളിച്ചുചേര്‍ത്ത എസെക്‌സ് പോലീസ് ചീഫ് സൂപ്രണ്ട് ട്രേസി ഹാര്‍മാന്‍ പ്രതിയെ പൊക്കിയ വിവരം അറിയിച്ചു. ലൂട്ടനില്‍ താമസിക്കുന്ന 51-കാരന്‍ ടെറി ഗ്ലോവറിനെയാണ് ചോദ്യം ചെയ്ത് വരുന്നതെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൂടാതെ അപകടം മനഃപ്പൂര്‍വ്വം നടത്തിയതാണെന്നാണ് കരുതുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

റോഡിംഗ് വാലി ഹൈസ്‌കൂളില്‍ രാവിലെ സമാനമായ സംഭവം നടന്നതായി പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തങ്ങളുടെ ഒരു വിദ്യാര്‍ത്ഥിയെ നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് സ്‌കൂളെന്ന് മേധാവി ഹെലെന്‍ ഗാസ്‌കോയിന്‍ പറഞ്ഞു. നടപ്പാതയിലേക്ക് കയറ്റിയാണ് വാഹനം കുട്ടികളെ ഇടിച്ചിട്ട് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 




കൂടുതല്‍വാര്‍ത്തകള്‍.