CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 21 Seconds Ago
Breaking Now

ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ തീ കൊളുത്തിയ സംഭവം; പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ

ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന സംഭവത്തില്‍ പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മളിവാള്‍. കേന്ദ്രസര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അതേസമയം ഉന്നാവില്‍ മരണത്തിന് കീഴടങ്ങിയ യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, പ്രതികള്‍ 23കാരിയായ യുവതിയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. 11.10ന് യുവതിക്ക് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. മരണത്തിന് മുമ്പ് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് പ്രതികളെക്കുറിച്ച് മൊഴി നല്‍കിയെന്നാണ് സൂചന.

90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത കുറവാണെന്ന് മെഡിക്കല്‍ ബോര്‍ഡ് പരിശോധനകള്‍ക്ക് ശേഷം വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് ഇവരെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ചത്. ആദ്യം ഉന്നാവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാല്‍ പിന്നീട് ലക്‌നൗ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഇവരെ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ബേണ് ആന്‍ഡ് പ്ലാസ്റ്റിക് സര്‍ജറി ബ്ലോക്കിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.ഇതിനിടയിലാണ് മരണം സംഭവിച്ചത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.