CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 55 Minutes 36 Seconds Ago
Breaking Now

'ഭാരത് ബച്ചാവോ റാലി' ലണ്ടനിലും; ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ മോദി സര്‍ക്കാരിന് എതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പ്രതിഷേധം രാജ്യത്തെ നാണംകെടുത്താനല്ല ബിജെപിയെ നന്നാക്കാന്‍

ബിജെപിയുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനാണ് പ്രതിഷേധങ്ങളെന്ന് യുകെ കോണ്‍ഗ്രസ് പ്രസിഡന്റ്

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ നടക്കുന്ന കോണ്‍ഗ്രസ് പ്രതിഷേധങ്ങളുടെ ചുവടുപിടിച്ച് 'ഭാരത് ബച്ചാവോ' റാലി ലണ്ടനില്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നിലാണ് കോണ്‍ഗ്രസ് ലണ്ടന്‍ ചാപ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. ബിജെപിയുടെ പരാജയങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനാണ് പ്രതിഷേധങ്ങളെന്ന് യുകെ കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ ധാളിവാള്‍ പറഞ്ഞു. 

'തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കുകയാണ്, സാമ്പത്തിക സ്ഥിതി വളരെ മോശം അവസ്ഥയിലും. ബേട്ടി ബച്ചാവോ മറക്കാം, കാരണം മോദി പെണ്‍മക്കളെ രക്ഷിക്കാന്‍ കഴിയുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങളുടെ ശബ്ദം കേള്‍ക്കാനാണ് ഈ പ്രതിഷേധം. ഇതുവഴി അവരുടെ നയങ്ങള്‍ മാറ്റാമെന്നാണ് കരുതുന്നത്', കമല്‍ ധാളിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിനിധിയായതിനാല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിഷേധങ്ങള്‍ക്ക് വേദിയാക്കിയതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വക്താവ് സുധാകര്‍ ഗൗഡ് വ്യക്തമാക്കി. 

ആഭ്യന്തര വിഷയങ്ങളുടെ പേരില്‍ വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത് ഇന്ത്യയെ നാണംകെടുത്തുന്നതിന് തുല്യമാകില്ലെയെന്ന ചോദ്യത്തിന് ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെങ്കിലും, അഭിപ്രായത്തിന് ശേഷം സ്വാതന്ത്ര്യം ഇല്ലെന്നാണ് ഒരു പ്രവര്‍ത്തകന്‍ പ്രതികരിച്ചത്. തെറ്റ് എവിടെ ആയാലും തെറ്റാണ്, മനുഷ്യാവകാശങ്ങളും, തുല്യതയും ആഗോള വിഷയങ്ങളാണ്. ഇന്ത്യ അതിന്റെ അതിര്‍ത്തിക്ക് ഉള്ളില്‍ ഒതുങ്ങുന്നില്ല, ആഗോള ശക്തിയാകുമ്പോള്‍ പ്രശ്‌നങ്ങള്‍ ആഗോള തലത്തില്‍ ഉയരും, അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ യുകെയ്ക്ക് പ്രാധാന്യമുണ്ടെന്നും കമാല്‍ ധാലിവാള്‍ പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവും, മഹാത്മാ ഗാന്ധിയും, അംബേദ്കറുമെല്ലാം പ്രവാസികളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനികളും, ഖലിസ്ഥാന്‍ വാദികളും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് മുന്നില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ കോലാഹലം കെട്ടടങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ഭാരത് ബച്ചാവോ റാലി വിമര്‍ശനങ്ങളും, ചോദ്യങ്ങളും ഉയര്‍ത്തുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.