CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 55 Minutes 44 Seconds Ago
Breaking Now

ഇമ്രാന്‍ഖാന്‍ നിരാശനാണ് ; കശ്മീരില്‍ 'ഭീതിദമായ സാഹചര്യം' ഉണ്ടെന്ന ധാരണ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും ഇന്ത്യ

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം മീറ്റില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതില്‍ പുതിയതൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ നിരീക്ഷിച്ചു

'രണ്ട് ആണവായുധ രാജ്യങ്ങള്‍' തമ്മിലുള്ള ഏറ്റുമുട്ടല്‍ തടയാന്‍ ആഗോള ഇടപെടല്‍ നടത്താനുള്ള പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആഹ്വാനത്തെ തള്ളി ഇന്ത്യ. ആഗോള സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതിനു പകരം തങ്ങളുടെ പ്രദേശത്തെ തീവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയാണ് അയല്‍രാജ്യങ്ങള്‍ ചെയ്യേണ്ടത് എന്നും ഇന്ത്യ പറഞ്ഞു.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം മീറ്റില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞതില്‍ പുതിയതൊന്നുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ നിരീക്ഷിച്ചു. 'അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് വേഗത്തില്‍ പ്രതീക്ഷ നഷ്ടപ്പെടുന്നുണ്ടെന്നും നിരാശനാണെന്നുമാണ്. ആഗോള സമൂഹത്തിന് ഇപ്പോള്‍ പാകിസ്ഥാന്റെ ഇരട്ടത്താപ്പിനെ കുറിച്ച് മനസ്സിലായി. ഒരു വശത്ത് അവര്‍ ഭീകരതയുടെ ഇരകളാണെന്ന് നടിക്കുമ്പോള്‍, ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും തീവ്രവാദം പ്രചരിപ്പിക്കുന്ന തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നു, അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ 'ഭീതിദമായ സാഹചര്യം' ഉണ്ടെന്ന ധാരണ സൃഷ്ടിക്കാനുള്ള പാകിസ്ഥാന്‍ ശ്രമങ്ങള്‍ ദയനീയമായി പരാജയപ്പെട്ടുവെന്നും രവീഷ് കുമാര്‍ അവകാശപ്പെട്ടു. 'കശ്മീരിനെ കുറിച്ചുള്ള ഞങ്ങളുടെ നിലപാട് വര്‍ഷങ്ങളായി വ്യക്തവും സ്ഥിരവുമാണ്. ഇവ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ചര്‍ച്ച ചെയ്യേണ്ട ഉഭയകക്ഷി പ്രശ്‌നങ്ങളാണ്, ഈ സാഹചര്യത്തില്‍ ഒരു മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ല,' മറ്റെവിടെയെങ്കിലും നോക്കുന്നതിന് മുമ്പ് ഇമ്രാന്‍ ഖാന്‍ സ്വന്തം രാജ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോക സാമ്പത്തിക ഫോറം ഉചിതമായ വേദിയല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അഭിപ്രായപ്പെട്ടു.

കാര്യങ്ങള്‍ തിരിച്ചുപിടിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തുന്നതിനു മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകാതെ ഒത്തുതീര്‍പ്പാക്കാന്‍ സഹായിക്കണമെന്ന് ദാവോസ് കൂടിക്കാഴ്ചയ്ക്കിടെ നടത്തിയ അഭിമുഖത്തില്‍, ഐക്യരാഷ്ട്രസഭയും അമേരിക്കയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ശക്തികളോട് ഇമ്രാന്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. 'രണ്ട് ആണവായുധ രാജ്യങ്ങള്‍ ഒരു സംഘട്ടനത്തെ കുറിച്ച് ആലോചിക്കാന്‍ പോലും പാടില്ല, ' പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം പോലുള്ള ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുന്നതിനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.