CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 15 Minutes 16 Seconds Ago
Breaking Now

കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത് പാക് വെടിയുണ്ടകള്‍ ; തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കും

ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നവയാണ് 7.62 എംഎം വെടിയുണ്ട.

കൊല്ലം കുളത്തൂപ്പുഴയില്‍  ഉപേക്ഷിക്കപ്പെട്ട നിലയില്‍  കണ്ടെത്തിയ വെടിയുണ്ടകള്‍ പാക് നിര്‍മിതം. പിഒഎഫ് എന്ന് വെടിയുണ്ടകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ ഓഡന്‍സ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് ഇത്. ഈ കണ്ടെത്തലാണ് പുതിയ സംശയങ്ങള്‍ക്ക് വഴിവച്ചത്. പാക് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ളതാണ് പിഒഎഫ്. വിദഗ്ധ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതേത്തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

1981, 1982 എന്നീ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ചതാണ് വെടിയുണ്ടകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. 7. 62 എം എം വെടിയുണ്ടയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്നവയാണ് 7.62 എംഎം വെടിയുണ്ട.

ഇന്നലെ വൈകിട്ടോടെയാണ് കൊല്ലം കുളത്തൂപ്പുഴയില്‍ തിരുവനന്തപുരം ചെങ്കോട്ട അന്തര്‍ ദേശീയ പാതയില്‍ കല്ലുവെട്ടാംകുഴി മുപ്പതടി പാലത്തിന് സമീപത്ത് നിന്ന് 14 വെടിയുണ്ടകള്‍ കണ്ടെടുത്തത്. നാട്ടുകാരാണ് മലയോര ഹൈവേയുടെ പണി നടക്കുന്ന ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുളത്തൂപ്പുഴ പൊലീസെത്തി വെടിയുണ്ടകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10 വെടിയുണ്ടകള്‍ ബുള്ളറ്റ് കെയ്‌സിലും നാലെണ്ണം പുറത്തുമായിരുന്നു ഉള്ളത്.

അതേസമയം വെടിയുണ്ടകള്‍ വിദേശ നിര്‍മ്മിതമാണെന്ന് ഡിജിപി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനെ ഏല്‍പ്പിച്ചതായും ഡിജിപി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.