CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 3 Minutes 50 Seconds Ago
Breaking Now

ലോകത്തെമ്പാടുമുള്ള മലയാളികളെ.. നിങ്ങള്‍ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും ഉദ്ഘാടനം എന്ന മാമാങ്കം കാണാറുണ്ടോ?: ഹരീഷ് വാസുദേവന്‍

റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികള്‍ തുടങ്ങുക… ഇതെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്.

ഉദ്ഘാടന പരിപാടികള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് അഭിഭാഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. ഉദ്ഘാടന പരിപാടികള്‍ അസംബന്ധം ആയിട്ടാണ് തോന്നുന്നത്. റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികള്‍ തുടങ്ങുക… ഇതെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ് അതുണ്ടാക്കി കഴിഞ്ഞാല്‍ എന്തിനാണ് ഉദ്ഘാടനം എന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍കേരള സര്‍ക്കാരുകളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ് എന്നും എല്ലാം ലോകനിലവാരത്തില്‍ ആക്കുമെന്ന് പറയുന്ന പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ലോകനിലവാരം പാലിക്കാന്‍ തയ്യാറാണോ എന്നു ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു. വി.വി.ഐ.പികളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങള്‍ വേണമെന്നും ഇക്കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ തയ്യാറാകണം എന്നും യോജിപ്പുള്ളവര്‍ സംസ്ഥാന പൊതുഭരണവകുപ്പിനും പ്രധാനമന്ത്രിക്കും കത്തു അയച്ചു കൂടെ കൂടണം എന്നും ഹരീഷ് വാസുദേവന്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

ഉദ്ഘാടനം എന്ന അസംബന്ധം.

ലോകത്തെമ്പാടുമുള്ള മലയാളികളെ…

നിങ്ങള്‍ സഞ്ചരിക്കുന്ന രാഷ്ട്രങ്ങളില്‍ എവിടെയെങ്കിലും ഉദ്ഘാടനം എന്ന മാമാങ്കം കാണാറുണ്ടോ? ഓരോ റോഡും കലുങ്കും ഉണ്ടാക്കി കഴിഞ്ഞിട്ട് ആനയും അമ്പാരിയും ചെണ്ടമേളവും തോരണവുമായി ലക്ഷങ്ങള്‍ പൊടിക്കുന്ന, റോഡ് ബ്ലോക്ക് ചെയ്തും ഖജനാവില്‍ നിന്ന് പണം എടുത്തു ചെലവാക്കിയ നേതാക്കളുടെ തലയുള്ള അനേകം ഫ്‌ളക്‌സ് വെച്ചും നടക്കുന്ന അസംബന്ധങ്ങള്‍ മറ്റേതെങ്കിലും വികസിത സമൂഹങ്ങളില്‍ ഉണ്ടോ? അറിയാനാണ്.

എനിക്കിത് വെറും അസംബന്ധം ആയിട്ടാണ് തോന്നുന്നത്. റോഡ് പണിയുക, പാലം പണിയുക, കെട്ടിടം പണിയുക, പദ്ധതികള്‍ തുടങ്ങുക… ഇതെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്തങ്ങളാണ്.

അത് നിറവേറ്റാനാണ് പൊതുജനം ഇത്രയധികം ചെലവിട്ടു ഈ സംവിധാനത്തെ തീറ്റിപോറ്റുന്നത്. അതില്‍ പങ്കാളിയാകുന്നവരുടെ ഓരോരുത്തരുടെയും ചെലവ് മരണം വരെ ജനം നോക്കുന്നത് ഇതിനല്ലേ?

അതുണ്ടാക്കി കഴിഞ്ഞാല്‍ എന്തിനാണ് ഉദ്ഘാടനം? മന്ത്രിയോ MLA യോ വന്നു നാട മുറിച്ചാലേ പറ്റൂ? ഭരണഘടനയിലോ റൂള്‍സ് ഓഫ് ബിസിനസിലോ നിയമത്തിലൊ എവിടെയാണ് ഈ ഭരണാധികാരികളുടെ തല പൊതുചെലവില്‍ പ്രദര്ശിപ്പിക്കാനുള്ള അധികാരം നല്‍കുന്നത്? Executive ഉം legislature ഉം ജുഡീഷ്യറിയും ഒക്കെ അവരവരുടെ പണിയാണല്ലോ ചെയ്യുന്നത്. നാളെ മുതല്‍ ജുഡീഷ്യറി ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ച ജസ്റ്റിസ്.കമാല്‍ പാഷയ്ക് അഭിവാദ്യങ്ങള്‍' എന്നു പോസ്റ്ററും ഫ്‌ലക്‌സും വയ്ക്കാന്‍ ഉത്തരവിട്ടാല്‍ എന്ത് തോന്ന്യവാസമായിരിക്കും?? അറിയേണ്ടവര്‍ക്ക് അറിയാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് ല്‍ കാര്യങ്ങള്‍ കൃത്യമായി പ്രസിദ്ധീകരിച്ചാല്‍ മതി. വേണ്ടവര്‍ വന്നു നോക്കും.

കണ്ടു കണ്ടു നമ്മളീ ഉദ്ഘാടന തോന്ന്യവാസങ്ങളോട് സമരസപ്പെട്ടു. ആരും ചോദ്യം ചെയ്യുന്നില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ആയിരം രൂപ സര്‍ക്കാരില്‍ നിന്ന് കിട്ടാന്‍ മാസങ്ങളായി കയറിയിറങ്ങി നടക്കുന്ന മനുഷ്യരുള്ള നാട്ടിലാണ് ഉദ്ഘാടനങ്ങളുടെയും മറ്റും അനാവശ്യചെലവും ഖജനാവിന് മേല്‍ വരുന്നത്. ഇത് അവസാനിപ്പിക്കേണ്ടേ?

വേണ്ടവര്‍ സ്വന്തം കയ്യില്‍ നിന്നോ പാര്‍ട്ടിയില്‍ നിന്നോ പണം ചെലവാക്കി പരസ്യം നടത്തട്ടെ.

ഞാന്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍കേരള സര്‍ക്കാരുകളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയാണ്. എല്ലാം ലോകനിലവാരത്തില്‍ ആക്കുമെന്ന് പറയുന്ന പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ലോകനിലവാരം പാലിക്കാന്‍ തയ്യാറാണോ എന്നു നോക്കട്ടെ. (ഉദ്ഘടനങ്ങള്‍ക്ക് വേണ്ടി അടച്ചിട്ടിരിക്കുന്ന പാലങ്ങളും കെട്ടിടങ്ങളും വേറെ). VVIP കളുടെ വാഹനങ്ങളിലെ ചുവപ്പ് ലൈറ്റ് കളഞ്ഞത് പോലെ ചില മാറ്റങ്ങള്‍ വേണ്ടേ?

ഇക്കാര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ തയ്യാറാകണം. യോജിപ്പുള്ളവര്‍ സംസ്ഥാന പൊതുഭരണവകുപ്പിനും പ്രധാനമന്ത്രിക്കും ഒരു email അയച്ചു കൂടെ കൂടണം. എന്റെ email പരാതി ഇന്ന് പോകും.

 

അഡ്വ.ഹരീഷ് വാസുദേവന്‍.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.