CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 25 Seconds Ago
Breaking Now

രോഗം ബാധിച്ച ബോറിസ് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്ന് കൈയടിച്ചു; ബ്രിട്ടനില്‍ ജനങ്ങള്‍ ബാല്‍ക്കണിയിലും, ജനലുകളില്‍ നിന്ന് ഹര്‍ഷാരവം മുഴക്കി; ഇത് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാര്‍, അധ്യാപകര്‍, പോസ്റ്റല്‍ ജീവനക്കാര്‍ക്കുള്ള രാജ്യത്തിന്റെ നന്ദിപ്രകടനം!

കഴിഞ്ഞ ആഴ്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വേണ്ടി കൈയടിക്കാന്‍ ആളുകള്‍ തെരുവിലിറങ്ങിയിരുന്നു

രാജ്യം കൊറോണാവൈറസ് ലോക്ക്ഡൗണിലാണ്. എന്നാല്‍ ഇതിനിടയിലും സ്വന്തം ജീവന്‍ പോലും പണയംവെച്ച് ജോലി ചെയ്യുന്ന ഒരു വിഭാഗമുണ്ട്. എന്‍എച്ച്എസ് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ജീവനക്കാരും, സൂപ്പര്‍മാര്‍ക്കറ്റ് ജോലിക്കാരും, ഡെലിവെറി ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ള സുപ്രധാന തൊഴില്‍ മേഖലകളില്‍ നിരവധി പേര്‍ തൊഴിലെടുക്കുന്നത് കൊണ്ടാണ് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കപ്പെടുന്നതും, ആരോഗ്യസേവനം മെച്ചപ്പെടുന്നതും. ഈ ഘട്ടത്തില്‍ എത്ര പ്രശംസിച്ചാലും മതിയാകാത്ത ഈ ജോലിക്കാരെ കൈയടിച്ച് പ്രോത്സാഹിപ്പിക്കാന്‍ ബ്രിട്ടന്‍ ഒരുമിച്ച് നില്‍ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

കൊറോണ പിടിപെട്ട അവസ്ഥയിലും വീടിന് മുന്നില്‍ ഇറങ്ങിനിന്ന് ബോറിസ് ജോണ്‍സണ്‍ ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും നന്ദി പ്രകടനത്തിന് നേതൃത്വം നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊറോണാവൈറസ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പ്രധാനമന്ത്രി സെല്‍ഫ് ഐസൊലേഷനിലായത്. വെള്ളിയാഴ്ച ബോറിസ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കി തിരിച്ചെത്തുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖ പ്രകാരം ശരീരതാപമുണ്ടെങ്കില്‍ അദ്ദേഹം സെല്‍ഫ് ഐസൊലേഷനില്‍ തുടരും. 

ലക്ഷക്കണക്കിന് ബ്രിട്ടീഷുകാരാണ് വീടുകളുടെ മുന്‍വശത്തും, ബാല്‍ക്കണിയിലും, പൂന്തോട്ടത്തിലും, ജനാലകള്‍ക്ക് അരികിലും വന്ന് നന്ദി പ്രകടനം നടത്തിയത്. എന്‍എച്ച്എസ്, സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍, ഡെലിവെറി ഡ്രൈവര്‍മാര്‍, അധ്യാപകര്‍, പോസ്റ്റല്‍ ജീവനക്കാര്‍ തുടങ്ങിയവരാണ് രാജ്യത്തിന്റെ അവശ്യ സേവനത്തിനായി സ്വന്തം ജീവന്‍ പണയം വെച്ചും രംഗത്തുള്ളത്. വ്യാഴാഴ്ച രാത്രി 8 മണിക്കാണ് ക്ലാപ് ഫോര്‍ കെയറേഴ്‌സ് പ്രചരണം സംഘടിപ്പിച്ചത്. കൊറോണാ പോരാട്ടത്തില്‍ മുന്‍നിരയിലുള്ള ജോലിക്കാര്‍ക്ക് നന്ദി പ്രകടിപ്പിക്കാനാണ് ബ്രിട്ടനില്‍ ജനം പുറത്തിറങ്ങിയത്. ഓണ്‍ലൈനിലാണ് ക്ലാപ് ഫോര്‍ കെയറേഴ്‌സ് ക്യാംപെയിന്‍ തുടങ്ങിയത്. 

മുന്‍പൊരിക്കലും നേരിടാത്ത സാഹര്യം നേരിടുന്ന അവസ്ഥയില്‍ ഇവര്‍ക്കുള്ള നന്ദി അറിയിക്കാനാണ് ഈ പരിപാടിയെന്ന് സംഘാടകര്‍ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വേണ്ടി കൈയടിക്കാന്‍ ആളുകള്‍ തെരുവിലിറങ്ങിയിരുന്നു. ഇതിന് ശേഷമാണ് രോഗത്തിനെതിരായ പോരാട്ടത്തില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ജനം ഒരുവട്ടം കൂടി രംഗത്തിറങ്ങിയത്. മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഇറ്റലിയിലും, സ്‌പെയിനിലും സമാനമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ ദിവസേനയാണ് ആളുകള്‍ കൈയടിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.