വേൾഡ് മലയാളി കൌണ്‍സിൽ യൂറോപ്പ് റീജിയന്റെ നേതൃത്വത്തിൽ സ്വിസ് പ്രോവിൻസിന്റെ ആതിഥേയത്വത്തിൽ നടക്കുന്ന യൂറോപ്പ് മലയാളി സംഗമത്തിൽ പങ്കെടുക്കുവാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള മലയാളി സംഘങ്ങൾ എത്തി തുടങ്ങി. ഓസ്ട്രിയയിൽ നിന്നുമുള്ള സംഘമാണ് ആദ്യമായി സ്വിറ്റ്സർലണ്ടിൽ എത്തിയത്.
ജൂണ്‍ 6 ന് ശനിയാഴ്ച രാവിലെ 10 ന് "രണ്ടാം തലമുറയുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, സ്ത്രീകളുടെ സാമൂഹിക ജീവിതവും, പ്രവാസികൾ മലയാളികൾ നേരിടുന്ന വെല്ലുവിളികൾ" എന്നീ വിഷയങ്ങളിലുള്ള സിമ്പോസിയങ്ങൾ നടക്കും. തുടർന്ന് ഉച്ച കഴിഞ്ഞ് 2 ന് കേരള അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് യൂറോപ്പ് പ്രവാസി മലയാളി സംഗമം ഉദ്ഘാടനം ചെയ്യും. റീജിയൻ ചെയർമാൻ ജോണി ചിറ്റക്കാട്ട് അധ്യക്ഷനായിരിക്കും. എം.എൽ.എ മാരായ മോൻസ് ജോസഫ്, ഷെവ. റ്റി. യു. കുരുവിള, മുൻ അംബാസിഡർ റ്റി. പി. ശ്രീനിവാസൻ, സിനിമാതാരം പ്രേം പ്രകാശ്, നോർക്ക ഡയറക്ടർ ഇസ്മയിൽ റാവുത്തർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും.
റീജിയൻ പ്രസിഡന്റ് ജോബിൻസണ് കൊറ്റത്തിൽ സ്വാഗതവും ജനറൽ സെക്രട്ടറി മജു പേയ്ക്കൽ നന്ദിയും പറയും.
സ്വിസ്സിലെ 40 - ൽ പരം കലാകാരന്മാർ അണിനിരക്കുന്ന നൃത്തശില്പത്തോടെ കലസന്ധ്യയ്ക്ക് തുടക്കം കുറിക്കും. പ്രശസ്ത സിനിമാതാരം വിനീത് ശ്രീനിവാസൻ, ഗായിക റിമി ടോമി, പ്രദീപ് ബാബു തുടങ്ങിയവർ അണിനിരക്കുന്ന ഗാനമേള, വോഡാഫോണ്‍ കോമഡി സ്റ്റാർസ് വിജയികളായ നെൽസണ്‍ , നോബി തുടങ്ങിയവർ നയിക്കുന്ന ചിരിയരങ്ങ് എന്നിവ പരിപാടികൾക്ക് കൊഴുപ്പേകും.
സ്വിറ്റ്സർലണ്ടിലെത്തുന്ന മലയാളികളെ സ്വീകരിക്കുവാനായി സ്വിസ് പ്രൊവിൻസ് ചെയർമാൻ ജോഷി പന്നാരകുന്നേൽ, പ്രസിഡന്റ് ജോയി കൊച്ചാട്ട്, ജനറൽ സെക്രട്ടറി ജോസ് വള്ളാടിയിൽ, ട്രഷറർ ജോസ് എടാട്ടേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇറ്റലി, അയർലണ്ട്, ഹംഗറി, ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി 1500 ഓളം പേർ സംഗമത്തിൽ പങ്കെടുക്കും.
അമേരിക്ക, ആഫ്രിക്ക, ഗൾഫ്, ഇന്ത്യ എന്നിവടങ്ങളിൽ നിന്നുള്ള ഗ്ലോബൽ നേതാക്കളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമാണ്. യൂറോപ്പിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി യൂറോപ്പ് റീജിയനു വേണ്ടി ട്രഷറർ ജോർജുക്കുട്ടി നമ്പുശേരിൽ അറിയിച്ചു.