
















കേരള സ്റ്റോറി 2 സിനിമക്കെതിരായ എസ്എഫ്ഐയുടെ ബീഫ് ഫെസ്റ്റിനെതിരെ എംഎസ്എഫ്. ബീഫ് വിളമ്പിയാല്‍ മുസ്ലിം ന്യൂനപക്ഷത്തെ ഒപ്പം നിര്‍ത്താനാകില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കില്‍ കുറിച്ചു. ബീഫ് ഫെസ്റ്റ് നടത്തിയാല്‍ കേരളത്തിലെ മുസ്ലിം ന്യൂനപക്ഷം ഇക്കിളിപ്പെടുന്നുവെന്നോ ഒപ്പം നില്‍ക്കുമെന്നോ തെറ്റിദ്ധാരണ സിപിഐഎമ്മിന് ഇപ്പോഴുമുണ്ടോയെന്നും വിശ്വാസവും വര്‍ഗീയതയും കമ്മ്യൂണിസ്റ്റുകാരന് ഒരുപോലെയാണ്, ആര്‍എസ്എസ്സിന്റെ വര്‍ഗീയ-ഫാസിസത്തെ നേരിടാന്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും കുറിപ്പില്‍ പറയുന്നു.
വിശ്വാസികളെല്ലാം വര്‍ഗ്ഗീയവാദികളാണെന്ന ധാരണ സൃഷ്ടിക്കുന്നത് ശരിയല്ല. ആര്‍എസ്എസ്സിനെ നേരിടാന്‍ സാധാരണ ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാനുമാകില്ല. കേരളത്തിലെ ഹൈന്ദവരില്‍ ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. കഴിക്കുന്നവര്‍ കഴിക്കട്ടെ പക്ഷെ അത് നിഷിദ്ധമാണെന്ന് വിശ്വാസപൂര്‍വം കരുതുന്ന ഒരു ചെറിയ വിഭാഗം വിശ്വാസികളുണ്ടെങ്കില്‍ അവരെയും നാം ബഹുമാനിക്കണം. ഗോമാംസം നിഷിദ്ധമാണെന്ന് കരുതുന്ന വിശ്വാസികള്‍ക്ക് മുന്നില്‍ ബീഫ് ഫെസ്റ്റ് നടത്തി അവരുടെ വികാരം വ്രണപ്പെടുത്തരുത്. വിശ്വാസികളെല്ലാം ആര്‍എസ്എസ്സ് അല്ലെന്നും കുറിപ്പില്‍ പറയുന്നു.
ബീഫ് നിരോധനം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന പോലെ ബീഫ് കഴിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. ആരോടും ബീഫ് കഴിക്കരുതെന്ന് മലയാളികള്‍ പറയാറില്ല. അതുപോലെ ബീഫ് കഴിക്കാന്‍ ആരെയും നിര്‍ബന്ധിക്കാറുമില്ല. ഗോമാംസം കഴിക്കുന്നത് നിഷിദ്ധമാണെന്ന് കരുതുന്ന ഒരു ഹൈന്ദവ വിശ്വാസിയുണ്ടെങ്കില്‍ അവന്റെ വിശ്വാസം സംരക്ഷിക്കപ്പെടണം. വെജിറ്റേറിയനായ സാത്വികരുണ്ടെങ്കില്‍ അതും ബഹുമാനിക്കപ്പെടണം. ഗോമാംസം നിഷിദ്ധമായ ഒരു വിശ്വാസ സമൂഹത്തെ സംബന്ധിച്ച് ബീഫ് ഫെസ്റ്റ് തീര്‍ത്തും അരോചകമാണ്. വിശ്വാസത്തോടുള്ള വെല്ലുവിളിയാണ്. ആര്‍എസ്എസ്സിന്റെ വര്‍ഗീയ -ഫാസിസത്തെ നേരിടാന്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കേണ്ട സാഹചര്യം കേരളത്തിലില്ല. ഒരു മുസ്ലിം വിശ്വാസിയാണെങ്കില്‍ പന്നിമാംസം കഴിക്കില്ല. എന്ന് കരുതി ആരും കഴിക്കരുതെന്ന നിര്‍ബന്ധവും ഇല്ല. പക്ഷെ ഒരു പോര്‍ക്ക് ഫെസ്റ്റ് നടത്തി ആഘോഷിച്ചാല്‍ അതില്‍ മതവിരുദ്ധതയുണ്ട്, പരിഹാസവുമുണ്ട്. എല്ലാ വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണണം. അല്ലാതെ വിശ്വാസികളെ മുഴുവന്‍ വര്‍ഗീയതയുടെ ആലയില്‍ കൊണ്ടുപോയി കെട്ടരുതെന്നും നജാഫ് പറയുന്നു.
ഭരണകൂടം അനുവദിക്കുന്ന എത് സിനിമയും ഇവിടെ പ്രദര്‍ശിപ്പിക്കാം, അവാര്‍ഡും കൊടുക്കാം. അത് കൊണ്ട് ഇവിടെ ആരും തിയറ്റര്‍ നിറക്കാന്‍ പോണില്ല. കേരള സ്റ്റോറി ഒരു മുസ്ലിം വിരുദ്ധ സിനിമ ആയത് കൊണ്ടല്ല നാം ഒറ്റക്കെട്ടായി എതിര്‍ത്തത്. കേരളത്തിനെതിരെയുള്ള പ്രോപ്പഗണ്ട സിനിമയായത് കൊണ്ടാണ്. അതിന് ബീഫ് ഫെസ്റ്റ് നടത്തി പ്രധിരോധിക്കേണ്ട കാര്യമെന്തെന്ന് മനസിലാവുന്നില്ല. ഇത്തരം സമരാഭാസമല്ല വേണ്ടത്. ക്രിയാത്മകമായ പ്രതിരോധമാണ്. എനിക്ക് എന്റെ മതം, നിനക്ക് നിന്റെയും എന്നാണ് നജാഫ് കുറിപ്പില്‍ പറയുന്നത്.
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2 സിനിമയ്‌ക്കെതിരെ ഇന്നാണ് എസ്എഫ്ഐ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് ക്യാമ്പയിന്റെ ഭാഗമായി എസ്എഫ്ഐ പൊറോട്ടയും ബീഫും വിളമ്പുക. നല്ല ചൂട് പൊറോട്ടയും ബീഫും എന്ന പേരിലാണ് എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കുന്നത്. എല്ലാ ക്യാമ്പസുകളിലും പരിപാടി സംഘടിപ്പിക്കാനാണ് എസ്എഫ്ഐയുടെ നീക്കം.