CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 20 Minutes 27 Seconds Ago
Breaking Now

യുകെയിലെ സീറോ മലബാര്‍ രൂപതാ മെന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്ക് പുതുജീവനും ഐക്യശക്തിയും പകര്‍ന്ന്, സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ OLPH മെന്‍സ് ഫോറത്തിന്റെ പ്രഥമ ഓള്‍ യു.കെ. വടംവലി ചാമ്പ്യന്‍ഷിപ്പ് വന്‍വിജയമായി, സ്റ്റോക്ക് ലയണ്‍സ് ചാമ്പ്യന്‍മാരായി കിരീടം ചൂടി

ഇംഗ്ലണ്ടിന്റെ ഹൃദയഭൂമിയായ സ്റ്റോക്ക്-ഓണ്‍-ട്രെന്റില്‍, നോര്‍ത്ത്വുഡ് സ്റ്റേഡിയത്തിന്റെ മൈതാനം, ഇടവകാ ആഘോഷങ്ങളുടെ പരിമിതികള്‍ ഭേദിച്ച്  വടം പിടിച്ചത് ഇരുപതു ടീമുകള്‍, ഏക മനസ്സോടെ ഒന്നായി എത്തിയത് സഭ മെന്‍സ് ഫോറം മുഴുവനും. മിശിഹായുടെ സാക്ഷികളായി വിവിധ ഇടവകകളെ ഒരുമിപ്പിച്ചുകൊണ്ട്, സഭയുടെ അജഗണമായി , സ്‌നേഹത്തിന്റെ മഹത്തായ സാക്ഷ്യമായി OLPH മെന്‍സ് ഫോറം മാറി.

'സഹോദരര്‍ ഏകമനസ്സായി ഒന്നിച്ചിരിക്കുന്നത് എത്ര വിശിഷ്ടവും സന്തോഷപ്രദവുമാണ് ' സങ്കീര്‍ത്തനം 133:1

ഇംഗ്ലണ്ടിന്റെ മഞ്ഞും മഴയും ശീലിച്ച ഈ ഭൂമിയില്‍ ക്രിസ്തുവില്‍ ഒന്നിക്കപ്പെട്ട ഒരു ജനതയ്ക്ക് ദൂരം ഒരിക്കലും മതിലുകളല്ല. പ്രാര്‍ത്ഥനാഗാനത്തോടെ രാവിലെ 10:30-ന് വടംവലി മാമാങ്കത്തിന് ഉജ്ജ്വല തുടക്കം.  സ്റ്റോക്ക്-ഓണ്‍-ട്രെന്റ് ഡെപ്യൂട്ടി ലോര്‍ഡ് മേയര്‍ കൗണ്‍സിലര്‍ ക്രിസ് റോബിന്‍സണും, ഡെപ്യൂട്ടി ലേഡി മേയറസ് ജോയ് റോബിന്‍സണും, ബര്‍ച്ചസ് ഹെഡ് ആന്‍ഡ് നോര്‍ത്ത്വുഡ് കൗണ്‍സിലര്‍ ലൂക്ക് ഷെന്റണും, ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

ഉദ്ഘാടന സമ്മേളനത്തില്‍  Rev. Fr. ജോര്‍ജ് എട്ടുപാറയില്‍, Rev. Fr. ബാബു ജോണ്‍  ചിരിയന്‍കണ്ടത്തില്‍

Rev. Fr. പ്രാചില്‍ പണ്ടാരപ്പറമ്പില്‍, Mr, ജഗ്ഗി ജോസഫ്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ലിമിറ്റഡ്, OLPH മെന്‍സ് ഫോറം പ്രസിഡന്റ് സിറിള്‍ മഞ്ഞൂരാന്‍, ടഗ് ഓഫ് വാര്‍ കോഓര്‍ഡിനേറ്റര്‍ Mr. സുദീപ് എബ്രഹാം, ബെന്നി പാലട്ടി, OLPH മെന്‍സ് ഫോറം കോര്‍ കമ്മിറ്റി അംഗങ്ങള്‍, വുമണ്‍സ് ഫോറം പ്രസിഡണ്ട്, കൈകാരന്മാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ 20 ഇടവകകളെ പ്രതിനിധീകരിച്ച് വര്‍ണശോഭയാര്‍ന്ന കൊടികളുമായി അണിനിരന്ന 20 പൊന്നോമനകള്‍ വര്‍ണ്ണവസ്ത്രങ്ങള്‍ അണിഞ്ഞ് ഇടവക ടീം അംഗങ്ങള്‍, ഉദ്ഘാടനച്ചടങ്ങിന്റെ ഭാഗമായി നടന്ന ടീമുകളുടെ പരേഡും, നിഥ സിജു, നിഷ മാര്‍ട്ടിന്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സും, ഉദ്ഘാടന ചടങ്ങിന് ഒരു ആഘോഷ പ്രഭ നല്‍കി.

ഉദ്ഘാടനത്തിന് പിന്നാലെ മൈതാനത്ത് ആവേശത്തിന്റെ തീപ്പൊരി പടര്‍ന്നു. ഇരുപതു ടീമുകള്‍ വടം പിടിക്കാനും, ഒന്നിക്കാനും ആര്‍പ്പുവിളികള്‍ ഒന്നിച്ചുയര്‍ന്നപ്പോള്‍, ഓരോ റൗണ്ടും ആവേശോജ്ജ്വലമായ പ്രകടനങ്ങളായി മാറി.

ആവേശകരമായ പോരാട്ടത്തിനൊടുവില്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ OLPH ഇടവക പള്ളിയുടെ ടീമായ, സ്റ്റോക്ക് ലയണ്‍സ് ഒന്നാം സ്ഥാനവും 2000 പൗണ്ടും മെന്‍സ് ഫോറം ട്രോഫിയും കരസ്ഥമാക്കി. 

സെന്റ് ഫ്രാന്‍സിസ് അസീസി മിഷന്റെ വോര്‍സെസ്റ്റര്‍ തെമ്മാഡീസ് രണ്ടാം സ്ഥാനത്തിന് അര്‍ഹരായി, 1000 പൗണ്ടും ട്രോഫിയുമാണ് അവര്‍ക്ക് ലഭിച്ചത്. 

മൂന്നാം സ്ഥാനം സെന്റ് മേരീസ് ഹെര്‍ഫോര്‍ഡ് (സെന്റ് മേരീസ് മിഷന്‍, ഗ്ലോസ്റ്റര്‍) 500 പൗണ്ടും ട്രോഫിയും നേടിയപ്പോള്‍, 

നാലാം സ്ഥാനത്തെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് ഓള്‍ഡ്ഹാം (ഹോളി ഫാമിലി മിഷന്‍, മാഞ്ചസ്റ്റര്‍) 250 പൗണ്ടും മെന്‍സ് ഫോറം ട്രോഫിയും സ്വന്തമാക്കി.

 

ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ പ്രൗഢിയും ആവേശവും ഉള്‍ക്കൊണ്ട് പൊതുസമ്മേളനം, സമ്മാനദാനം, റാഫിള്‍ സമ്മാനങ്ങളുടെ വിതരണം എന്നിവയോടെ സമാപനച്ചടങ്ങിന് തിരിതെളിഞ്ഞു.

 

ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കടാചലം മുരുകന്‍ ഐ.എഫ്.എസ്, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയെ നയിക്കുന്ന സ്‌നേഹനിധിയായ ഇടയന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട് എന്നിവര്‍ വേദിയില്‍ ആദരണീയമായ സാന്നിധ്യമായി. റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്റെ സാന്നിധ്യം ആ ചടങ്ങിന് കൂടുതല്‍ അഭിമാനം പകര്‍ന്നു.

ഏറ്റവും കൂടുതല്‍ ഇടവകാംഗങ്ങളുമായി എത്തുന്ന ടീമിനുള്ള പ്രത്യേക സമ്മാനം ലഭിച്ചത് Rev. Fr. ബാബു ജോണ്‍ 

ചിരിയന്‍കണ്ടത്തില്‍

അച്ചന്റെ നേതൃത്വത്തില്‍ എത്തിയ സെക്രഡ് ഹാര്‍ട്ട് മിഷന്‍, കിങ്സ്ലിന്‍ & ബോസ്റ്റണ്‍നാണ്.

രണ്ടാം സ്ഥാനം Rev. Fr. പ്രാചില്‍ പണ്ടാരപ്പറമ്പില്‍ അച്ചന്റെ നേതൃത്വത്തില്‍ എത്തിയ കാഡിഫ് സെന്റ് തോമസ് മിഷന്‍ നേടി.

വടംവലിയുടെ ആവേശത്തിനിടയില്‍ കലാപ്രതിഭകള്‍ക്ക് വേദിയൊരുക്കിയ സംഗീതവിരുന്നും, കാണികളുടെ കാതുകളെയും മനസുകളെയും ഒരുപോലെ ആവേശഭരിതമാക്കിയ തത്സമയ കമന്ററിയും, ലോകത്തിന്റെ ഏത് കോണിലിരുന്നും പരിപാടിയുടെ സ്പന്ദനം അനുഭവിക്കാനാകുന്ന ലൈവ് വീഡിയോ സംപ്രേഷണവും ചേര്‍ന്നപ്പോള്‍, യുകെയുടെ ഒരു അറ്റത്ത് അരങ്ങേറിയ വടംവലി മഹാമേള ലോകമെമ്പാടുമുള്ള പ്രവാസി മലയാളി സമൂഹങ്ങളുടെ ഹൃദയങ്ങളിലേക്ക് നേരിട്ട് എത്തിച്ചേര്‍ന്നു. 

 

സമാപനച്ചടങ്ങിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിജയ്‌മോള്‍ സുദീപ് & ടീം അവതരിപ്പിച്ച മാര്‍ഗംകളിയും, ജോര്‍ജിയ ആന്റോ & ടീം അവതരിപ്പിച്ച നൃത്താവിഷ്‌കാരവും.

ടഗ് ഓഫ് വാര്‍ കോര്‍ഡിനേറ്റര്‍ സുദീപ് അബ്രഹാമിന്റെ സ്വാഗതഭാഷണത്തോടെ ആരംഭിച്ച സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കടാചലം മുരുകന്‍ IFS, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ്   സ്രാമ്പിക്കല്‍ പിതാവ്, 

റോയല്‍ കോളേജ് ഓഫ് നഴ്‌സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട്, ഇടവകയുടെ നാഥനായ റവ. ഫാ. ജോര്‍ജ് എട്ടുപാറയില്‍, OLPH മെന്‍സ് ഫോറം പ്രസിഡന്റ് സിറിള്‍ മഞ്ഞൂരാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ആശംസാസന്ദേശങ്ങള്‍ നല്‍കി.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ ചാന്‍സലര്‍ റവ. ഡോ. മാത്യു പിണക്കാട്ട് നാലാം സ്ഥാനം നേടിയ ക്രിസ്ത്യന്‍ ബ്രദേഴ്സ് ഓള്‍ഡ്ഹാം ടീമിന് ട്രോഫി സമ്മാനിച്ചു. റോയല്‍ കോളേജ് ഓഫ് നഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍ മൂന്നാം സ്ഥാനം നേടിയ സെന്റ് മേരീസ് ഹെര്‍ഫോര്‍ഡ് സ്ഥാനക്കാര്‍ക്കുള്ള ട്രോഫി വിതരണം നിര്‍വഹിച്ചു.

ഫൈനലില്‍ റണ്ണേഴ്സ്അപ്പായും ചാമ്പ്യന്‍മാരായും തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ക്കുള്ള ട്രോഫികള്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വെങ്കടാചലം മുരുകന്‍ IFS, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

 

ടൂര്‍ണമെന്റിന്റെ ക്യാഷ് അവാര്‍ഡുകള്‍ ഇന്‍ഫിനിറ്റി മോര്‍ഗേജ് ലിമിറ്റഡിന്റെയും ഈസ്റ്റ്മാന്‍ സോളിസിറ്റേഴ്സ് & നോട്ടറിയുടെയും പ്രതിനിധികള്‍ വിതരണം ചെയ്തു.

OLPH മെന്‍സ് ഫോറം ജനറല്‍ സെക്രട്ടറി ഷിന്റോ വര്‍ഗീസ് നന്ദി രേഖപ്പെടുത്തിയതോടെ ആവേശഭരിതമായ സമാപനച്ചടങ്ങിന് തിരശ്ശീല വീണു

 




കൂടുതല്‍വാര്‍ത്തകള്‍.