1990-91 കാലഘട്ടത്തിൽ മെഡിക്കൽ പ്രവേശനത്തിനു കോഴ വാങ്ങിയ കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നു സിബിഐ പ്രത്യേക കോടതി കണ്ടെത്തിയതിനെ തുടർന്ന് കോണ്‍ഗ്രസ് എംപി റഷീദ് മസൂദിനു പദവി നഷ്ടമാകും. ഇതോടെ കോടതി വിധി മൂലം എംപി സ്ഥാനം നഷ്ടമാകുന്ന ആദ്യ എംപിയായി റഷീദ് മസൂദു മാറും. 1990-91 കാലയളവിൽ ഇദ്ദേഹം കേന്ദ്ര ആരോഗ്യ സഹമന്ത്രിയായിരുന്നപ്പോൾ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത അപേക്ഷകരിൽ നിന്നും കോഴ വാങ്ങി കേന്ദ്രപൂള്‍ വഴി ത്രിപുരയില്‍ മെഡിക്കല്‍ പ്രവേശനം ലഭ്യമാക്കി കൊടുത്തു എന്നതായിരുന്നു ഇദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായ ഇദ്ദേഹം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്. ഏഴു വർഷം വരെ ജയിൽ വാസം ലഭിക്കാവുന്ന കുറ്റമാണ് ഇത്. പ്രായവും അനാരോഗ്യവും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവു നൽകണം എന്ന് ഇദ്ദേഹത്തിന്റെ വക്കീൽ കോടതിയിൽ ബോധിപ്പിച്ചു.ജനപ്രതിനിധികള്‍ കേസില്‍ കുറ്റക്കാരെന്നു വിചാരണ കോടതി കണ്ടെത്തിയാല്‍ അവരെ അയോഗ്യരാക്കണം എന്നാണു സുപ്രീം കോടതി ചട്ടം.